-->
ടെഹ്‌റാന്‍: ഇസ്രയേല്‍-യു.എസ്. ആക്രമണം തുടരുന്നതിനിടെ ഇറാനില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആളപായമോ നാശനഷ്‌ടമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. തെക്കന്‍ ഇറാനിലെ ഗെരാഷ് നഗരത്തിന് 52 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ വ്യക്‌തമാക്കി. ഭൗമോപരിതലത്തില്‍നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവകേന്ദ്രമെന്നാണു നിഗമനം. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12:24-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അറേബ്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിമുട്ടുന്ന സജീവമായ നിരവധി ഫോള്‍ട്ട് ലൈനുകള്‍ക്ക് മുകളിലാണ് ഇറാന്‍ സ്‌ഥിതി ചെയ്യുന്നത്. അതിനാല്‍ത്തന്നെ തെക്കന്‍ പ്രവിശ്യകളില്‍ ചെറിയ തോതിലുള്ള ഭൂചലനങ്ങള്‍ പതിവാണ്. അതേസമയം, ഭൂചലനമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇറാനില്‍ ആണവപരീക്ഷണം നടത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.