-->
ദോഹ: ഖത്തര്‍ സായുധ സേനയുടെ പക്കലുള്ള പേട്രിയറ്റ് ഇന്റര്‍സെപ്‌റ്റര്‍ മിസൈലുകളുടെ ശേഖരം തീര്‍ന്നുപോയെന്ന തരത്തില്‍ രാജ്യാന്തര മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് നിഷേധിച്ചു.
ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അടിസ്‌ഥാനരഹിതമാണെന്നും രാജ്യത്തിന്റെ പ്രതിരോധ ശേഖരം സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്‌തമാക്കി. ഏതു ബാഹ്യ വെല്ലുവിളികളെയും നേരിടാന്‍ ഖത്തര്‍ സായുധ സേനയും പ്രതിരോധ സംവിധാനങ്ങള്‍ സുസജ്‌ജമാണ്.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ ആയുധശേഖരം നിലവിലുണ്ട്. തെറ്റായ വാര്‍ത്ത തിരുത്തുന്നതിനായി നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ മാര്‍ഗങ്ങളും ആലോചിച്ചു വരികയാണ്.-ഖത്തര്‍ മീഡിയ ഓഫീസ് അറിയിച്ചു.
ഇറാന്റെ ആക്രമണം ആരംഭിച്ചത് മുതല്‍ രാജ്യത്തിന് നേരെ തൊടുത്ത മിസൈലുകളെയും ഡ്രോണുകളെയും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ഇതുവരെയായി കണ്ടെത്തിയ മൂന്നു ക്രൂസ് മിസൈലുകള്‍ തകര്‍ത്തു. വിക്ഷേപിച്ച 101 ബാലിസ്‌റ്റിക് മിസൈലുകളില്‍ 98 എണ്ണവും ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ ഖത്തര്‍ പ്രതിരോധ സേന വെടിവെച്ചിട്ടു. നിരീക്ഷിച്ച 39 ഡ്രോണുകളില്‍ 24 എണ്ണം തകര്‍ത്തു. ഖത്തറിന്റെ വ്യോമപരിധി ലംഘിക്കാന്‍ ശ്രമിച്ച യുദ്ധവിമാനങ്ങളെയും വിജയകരമായി പ്രതിരോധിച്ചു.-ഖത്തര്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഷഫീക്ക് അറയ്‌ക്കല്‍