-->
റിയാദ്/ന്യൂഡല്‍ഹി: പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നു ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ആഗോള എണ്ണപ്രവാഹം ഏറെക്കുറെ നിലച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പ്രതിസന്ധിയിലേക്ക്. ദക്ഷിണേഷ്യയിലേക്കുള്ള അസംസ്‌കൃത എണ്ണ വരവിന്റെ 86% തടസപ്പെട്ടിരിക്കുകയാണ്.
ആഗോള എണ്ണവിതരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന ഹോര്‍മൂസ് ഇടനാഴി ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും ഇതുവഴിയുള്ള ചരക്കുനീക്കം സ്‌തംഭിച്ച നിലയിലാണ്. ഇന്ത്യയും ചൈനയും ഗള്‍ഫില്‍നിന്നുള്ള അസംസ്‌കൃത എണ്ണയെയാണു കൂടുതല്‍ ആശ്രയിക്കുന്നത്.
മാര്‍ച്ച് ഒന്നിന്, 28 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി മൂന്ന് ടാങ്കറുകള്‍ മാത്രമാണ് ഹോര്‍മുസ് വഴി കടന്നുപോയത്. ഈ വര്‍ഷത്തെ പ്രതിദിന ശരാശരിയായ 19.8 ദശലക്ഷം ബാരലില്‍നിന്ന് 86% ഇടിവ്. മാര്‍ച്ച് രണ്ടിന് ഒരു ചെറിയ ടാങ്കറും ഒരു ചെറിയ ചരക്ക് കപ്പലും മാത്രമാണു ഇതുവഴി പോയത്. 706 ടാങ്കറുകള്‍ ഹോര്‍മൂസ് കടലിടുക്കിന്റെ ഇരുവശത്തുമായി കുടങ്ങിക്കിടക്കുന്നതായാണു റിപ്പോര്‍ട്ട്.
ലക്ഷ്യസ്‌ഥാനങ്ങളിലേക്കു നീങ്ങാനാകാതെ മറ്റ് 26 ടാങ്കറുകള്‍ വിവിധഭാഗങ്ങളിലുണ്ട്. ഒമാന്‍ ഉള്‍ക്കടലിലും നൂറുകണക്കിനു ടാങ്കറുകള്‍ കിടക്കുകയാണ്. പ്രതിസന്ധി കണക്കിലെടുത്ത് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയുടെ നേതൃത്വത്തില്‍ സ്‌ഥിതി അവലോകനംചെയ്‌തു. പെട്രോള്‍, ഡീസല്‍ കയറ്റുമതി വെട്ടിച്ചുരുക്കുക, റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികള്‍ പരിഗണനയിലുണ്ട്.
തടസം തുടരുകയാണെങ്കില്‍ എല്‍.പി.ജി. വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. 'സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.'- മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.
ശുദ്ധകരിച്ച എണ്ണയില്‍ പെട്രോളും ഡീസലും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍, പാചകവാതകത്തിന്റെ കാര്യത്തില്‍ 80-85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഗള്‍ഫ് ഉല്‍പാദകരില്‍നിന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇതില്‍ ഭൂരിഭാഗവും വരുന്നത്. ഇന്ത്യന്‍ ഓയില്‍, എച്ച്.പി.സി.എല്‍., ബി.പി.സി.എല്‍. എന്നീ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എല്‍.പി.ജി. ഉത്‌പാദനം വര്‍ധിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്.
ഹോര്‍മുസ് അടച്ചിടല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് കടക്കുകയാണെങ്കില്‍ പശ്‌ചിമേഷ്യയില്‍നിന്നുള്ള എണ്ണയ്‌ക്ക് ബദലായി ഇന്ത്യക്ക് മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും.
ഇറാനിലെ സൈനിക നടപടി നാലാഴ്‌ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ലെന്നാണു യു.എസ്. പ്രസിഡന്റ് ട്രംപ് പറയുന്നത്. അത്രയും ദിവസം പിടിച്ചുനില്‍ക്കാനുള്ള കരുതല്‍ ശേഖരം നിലവില്‍ ഇന്ത്യയ്‌ക്കുണ്ടെന്നാണു സൂചന.