-->
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി തകര്‍ത്തഭിനയിച്ച ഫീല്‍ ഗുഡ് ചിത്രമായിരുന്നു ‘സര്‍വ്വം മായ’. എങ്ങും പോയിട്ടില്ലായിരുന്നെങ്കിലും മലയാളികള്‍ ഈ ചിത്രത്തെ ‘നിവിന്‍ പോളിയുടെ കം ബാക്ക് മൂവി’ എന്ന വിശേഷണം നല്‍കിയാണ് സ്വീകരിച്ചത്. ഒരു സീനിലെത്തിയ താരങ്ങള്‍ പോലും തിയേറ്റര്‍ വിട്ടിറിങ്ങുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഡയറക്ടര്‍ ബ്രില്ല്യന്‍സ് ഈ സിനിമയ്ക്കുണ്ട്. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞ താരങ്ങള്‍ സിനിമയുടെ വിജയത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഏറ്റവും വ്യത്യസ്തമായി രസക്കൂട്ടു നിറഞ്ഞ ഒരു അനുഭവം പങ്കിടുകയാണ് നടി ഷൈനി സാറ. നിവിന്‍ പോളി നായകനായ സര്‍വ്വം മായയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ അബദ്ധമാണ് ഷൈനി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. വിജയാഘോഷത്തില്‍ പങ്കെടുക്കാനും ഉപഹാരം വാങ്ങാനും ഷൈനി എത്തിയത് ഞായറാഴ്ചയായിരുന്നു. എന്നാല്‍ ഷൈനി എത്തിയപ്പോഴേക്കും പരിപാടിയും കഴിഞ്ഞ് അണിയറ പ്രവര്‍ത്തകരും പോയിട്ട് ഒരു ദിവസം കഴിഞ്ഞുവെന്നാണ് ഷൈനി കുറിച്ചിരിക്കുന്നത്. സെക്യൂരിറ്റിക്കാരനാണ് പരിപാടി കഴിഞ്ഞുവെന്ന് തന്നെ അറിയിച്ചതെന്നാണ് തനിക്ക് പറ്റിയ അമളി പങ്കിട്ട് ഷൈനി കുറിച്ചത്.
‘‘കൂട്ടരേ, ഒരബദ്ധം പറ്റീട്ടാ...സർവ്വമായയുടെ സക്സസ് സെലിബ്രേഷനുള്ള ക്ഷണം എനിക്കും കിട്ടി സന്തോഷമായി... ഞായറാഴ്ചയാകാൻ കാത്ത് കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നു. ഞാൻ ഒരുങ്ങിക്കെട്ടി പുറപ്പെട്ടു. നിവിമ്പോളിയെ കാണാം ഡെലൂലുനെ കാണാം. ഷീൽഡ് കിട്ടും.അടിപൊളി. സന്തോഷം സന്തോഷം...
അങ്ങനെ സൂർത്തുക്കളെ ഞാൻ ചാക്കോളാസ് പവലിയനിൽ ഊബറിൽ എത്തുന്നു. സെക്യൂരിറ്റി ചോദിക്കുന്നു. ‘മാഡം,ഏത് പ്രോഗ്രാമിനാണ് വന്നത് ?’
‘സർവ്വം മായ......’പറഞ്ഞു തീർക്കുന്നേനു മുന്നേ പുള്ളി
‘മാഡം ആ പരിപാടി ഇന്നലെ ആയിരുന്നു’...‘അടിപൊളി’ ഡ്രൈവർ നാസിയുടെ കമന്റ്...ഞാനുറക്കെ ചിരിച്ചു (ഉള്ളിൽ കരഞ്ഞു )
നാസി നോമ്പു തുറക്കാനുള്ള പാകത്തിന് വീട്ടിലേക്കുള്ള യാത്രയിൽ ആയിട്ടു പോലും തിരിച്ചെന്നെ വീട്ടിൽ കൊണ്ടാക്കി.
എന്റെ തെറ്റാണ് എന്റെ മാത്രം തെറ്റാണ് എല്ലാം... ഇതിപ്പോ പല തവണയായി ഡേറ്റ് മാറിപ്പോകൽ. വയസാകുന്നേന്റെയാണെന്നെങ്ങാനും പറഞ്ഞാൽ കൊല്ലും ഞാൻ. ഡോക്ടർ പറഞ്ഞല്ലോ ആബ്സെന്റ് മൈന്‍ഡഡ്നെസ്സ് ആണെന്ന്. ഇനി ശ്രദ്ധിച്ചോളാം സാറേ.
ചിത്രത്തിൽ ആർമാദിക്കാൻ തുള്ളിച്ചാടി പുറപ്പെട്ട ലെ ഞാൻ... എന്റെ ദുരന്തമറിഞ്ഞ് ഷീൽഡ് വീട്ടിലെത്തിച്ചു തന്ന സംവിധായകൻ അഖിൽ സത്യനും ആദർശിനും ഒരുപാട് നന്ദി സ്നേഹം ഉമ്മ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഷൈനി സാറ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഷൈനിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നുണ്ട്. തന്റെ മറവിയെ സ്വയം പരിഹസിക്കുമ്പോഴും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലെ വിഷമവും ഷൈനിയുടെ പോസ്റ്റില്‍ പക്ഷേ നിറഞ്ഞു നില്‍ക്കുന്നുണ്ട്. നിരവധി പേര്‍ ഷൈനിയെ ആശ്വസിപ്പിച്ചും സ്വയം ട്രോളിയതിലുള്ള തമാശ ആസ്വദിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്.