-->
ഒരുകാലത്ത് മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്നുവരെ പ്രവചിക്കപ്പെട്ട താരമായിരുന്നു നിവിന്‍പോളി. എന്നാൽ ടൈപ്പ് കാസ്റ്റ് ചെയ്ത കഥാപാത്രങ്ങളിലൂടെ താരം ഫീൽഡ് ഔട്ട് ആയി എന്ന് തന്നെ പറയാം.
പക്ഷേ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെ 'സര്‍വം മായ' എന്ന ചിത്രത്തിലൂടെ നിവിൻ വീണ്ടും ജനമനസ്സുകളിൽ സ്ഥാനം കൈയേറി. ആരാധകര്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്ന വിന്റേജ് മാനറിസങ്ങളോടെ ഒരു ക്ലീൻ ഫീൽ ഗുഡ് ചിത്രത്തിലൂടെ നിവിൻ തിരിച്ചെത്തി.
ഇപ്പോഴിതാ തന്റെ ആ വിജയത്തിൽ കിട്ടിയ വലിയൊരു മധുരം പങ്കിടുകയാണ് നിവിൻ പോളി. തമിഴ് പവർ കപ്പിൾസായ സൂര്യയും ജ്യോതികയും തനിക്കയച്ച സ്നേഹസമ്മാനമാണ് നിവിൻ പങ്കിട്ടിരിക്കുന്നത്.
"നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹനിർഭരമായ ജെസ്ചർ... വളരെ നന്ദി നടൻ സൂര്യ സാർ ജ്യോതിക മാഡം..." എന്ന ക്യാപ്ഷൻ നൽകിയാണ് നിവിൻ പോളി ചിത്രം പങ്കിട്ടിരിക്കുന്നത്. "അഭിനന്ദനങ്ങൾ
പ്രിയ നിവിൻ,
'സർവ്വം മായ'യുടെ വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രകടനം ശരിക്കും പ്രത്യേകമായിരുന്നു - സത്യസന്ധവും, അനായാസവും, കാണാൻ വളരെ ആകർഷകവുമായിരുന്നു. ചിത്രത്തിന് ലഭിക്കുന്ന സ്നേഹം കാണുന്നതിൽ വളരെ സന്തോഷം, ഇനിയും നിരവധി മറക്കാനാവാത്ത വേഷങ്ങളും നാഴികക്കല്ലുകളും നിങ്ങൾക്ക് ആശംസിക്കുന്നു....സ്നേഹത്തോടെ
ജോ & സൂര്യ..." എന്നാണ് സമ്മാനത്തിനൊപ്പം അയച്ച കാർഡിൽ സൂര്യയും ജ്യോതികയും കുറിച്ചിരിക്കുന്നത്. വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് താരം ഈ സര്‍പ്രൈസ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. സൂര്യയെയും ജ്യോതികയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു നിവിൻ പോളിയുടെ പോസ്റ്റ്.
നിവിനെക്കൂടാതെ ഡെലൂലുവിനെ അവതരിപ്പിച്ച് കൈയടി നേടിയ റിയ ഷിബുവിനും സിനിമയുടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.
തിയറ്ററിലെ ജനപ്രീതിക്ക് പിന്നാലെ സര്‍വ്വം മായ ഒടിടിയിലും വന്‍ ഹിറ്റായി മാറിയിരുന്നു. പ്രഭേന്ദു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തിയത്. ചിത്രത്തിലെ നിവിന്‍ പോളി- അജു വര്‍ഗീസ് കോമ്പോയ്ക്കും കയ്യടി ഏറെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോമ്പോ ഒന്നിച്ചെത്തിയതും ആരാധകര്‍ ആഘോഷമാക്കി.