-->
നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’ എന്ന സിനിമയുടെ ടൈറ്റിലും ട്രെയ്‍ലറും ഇക്കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങിലാണ് ലോഞ്ച് ചെയ്തത്. ഈ ചടങ്ങിൽ മോഹൻലാലായിരുന്നു മുഖ്യാതിഥി. നിവിന്‍ പോളിയുടെ കരിയറിലെ വേറിട്ട ചിത്രമായിരിക്കും പ്രതിഛായ എന്ന പ്രതീക്ഷ ഉണര്‍ത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലര്‍. കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്.
ചടങ്ങില്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. ട്രെയിലർ ലോഞ്ചിനിടെ മോഹൻലാൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയോട് അപമര്യാദയായി പെരുമാറിയെന്നും തട്ടിമാറ്റിയെന്നുമുള്ള ആരോപണം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. എസ്.എൻ. സ്വാമിയോട് മോശമായി പെരുമാറി എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറയുകയാണ് എസ്.എൻ. സ്വാമി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയ എസ്.എന്‍.സ്വാമി, ഇത്തരം റിപ്പോർട്ടുകൾ സത്യവിരുദ്ധമാണെന്ന് വ്യക്തമാക്കി. ഒപ്പം കേവലം റീച്ചിന് വേണ്ടി ഇത്തരം നെഗറ്റീവ് വാർത്തകൾ പടച്ചുവിടുന്ന സോഷ്യൽ മീഡിയ പ്രവണതയെ ശക്തമായി വിമർശിക്കുകയും ചെയ്തു.
‘‘ബി ഉണ്ണികൃഷ്ണന്റെ ‘പ്രതിച്ഛായ’ എന്ന പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ പോയതാണ്. പോയി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടത് അവിടെ വച്ച് ഞാനും മോഹൻലാലും തമ്മിൽ എന്തോ പ്രശ്നം ഉണ്ടായി എന്ന തരത്തിലുള്ള വാർത്തകളാണ്. ഞാനും മോഹൻലാലും തമ്മിൽ ഒരു പ്രശ്നവും ഇല്ല, ഇങ്ങനെ ഒരു വിശദീകരണത്തിന്റെ ആവശ്യം പോലും ഇല്ല. ഞങ്ങൾ തമ്മിൽ വലിയ സ്നേഹത്തിലാണ് അവിടെ നിന്ന് പിരിഞ്ഞത്. ഞങ്ങൾ പോകാൻ നേരം ഇറങ്ങി വന്നപ്പോൾ അവിടെ വലിയ തിരക്ക് ആയിരുന്നു, ഞങ്ങൾ അടുത്തടുത്ത് വന്നപ്പോൾ ശരീരത്ത് കൈ വച്ചത് തള്ളുന്നതുപോലെ കാണിച്ച് പ്രചരിപ്പിക്കുകയാണ്. ആ രീതിക്കാണ് ഫ്രെയിം അഡ്ജസ്റ്റ് ചെയ്ത് ആ വിഷ്വൽ എടുത്തിരിക്കുകയാണ്.
ചടങ്ങിൽ നിന്ന് മടങ്ങുന്നതിനിടെയുണ്ടായ തിരക്കിനിടയിലെ ദൃശ്യങ്ങൾ മനഃപൂർവം എഡിറ്റ് ചെയ്തും ഫ്രെയിമുകൾ മാറ്റി ദുർവ്യാഖ്യാനം ചെയ്തുമാണ് വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. മോഹൻലാൽ എന്നോട് സ്നേഹത്തോടെ ‘സ്വാമി ഞാനൊന്ന് പൊക്കോട്ടെ’ എന്ന് ചോദിച്ചു കൊണ്ട് ലാല്‍ എന്നെ ചേര്‍ത്തു പിടിക്കുക മാത്രമാണ് ചെയ്തത്. ‘അപ്പോഴേക്കും ഇങ്ങോട്ട് കയറി വന്നോ’ എന്ന മോഹൻലാൽ പറഞ്ഞത് ക്യാമറയുമായി തിക്കിത്തിരക്കി വന്നവരോടായിരുന്നു, എന്നോടായിരുന്നില്ല. അതിനു ശേഷം ലാൽ എന്നെ പതിയെ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വരാൻ സഹായിക്കുകയാണ് ചെയ്തത്. മമ്മൂട്ടിയും ലാലും ഞാനുമൊക്കെ തമ്മിൽ ഇക്കാലയളവിൽ ഒരു മൺതരിയുടെ അത്രപോലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല. പരിപാടിക്ക് കണ്ടപ്പോൾ ലാലുമായി ഏറെനേരം സംസാരിച്ചിരുന്നു. ലാൽ പോയതിന് ശേഷവും ഞാനും ആന്റണിയും കുറെ നേരം സംസാരിച്ചതിന് ശേഷമാണ് പിരിഞ്ഞത്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ എന്തറിഞ്ഞിട്ടാണ് പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്ത് പറഞ്ഞാലും ഞങ്ങൾക്കൊന്നും കുഴപ്പമില്ല, ലാലിനെയോ മമ്മൂട്ടിയെയോ എന്നെയോ കുറിച്ച് ഇവരൊക്കെ എന്ത് പറഞ്ഞാലും ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടാകില്ല.
ബന്ധങ്ങളെ ഊഷ്മളമാക്കാൻ ആണ് എല്ലാവരും ശ്രമിക്കേണ്ടത് അല്ലാതെ ഇങ്ങനെ നെഗറ്റീവ് വാർത്തകൾ കൊടുക്കുകയല്ല വേണ്ടത്. ഇങ്ങനെയുള്ള വാർത്തകൾ കൊടുത്ത് ചീത്ത കമന്റുകൾ നേടി റീച്ച് കൂട്ടാൻ ആണ് അവർ ശ്രമിക്കുന്നത്. ഒരു സിനിമ ഇറങ്ങിയാൽ എന്തൊക്കെ വാർത്തകളും കമന്റുകളും ആണ് ഇടുന്നത്, ഇന്നത്തെ കാലത്ത് ഇത്തരം പ്രവണതകൾ ആണ് കൂടുതൽ. സോഷ്യൽ മീഡിയ മോശം കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നവരെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല... ’’ എസ്.എന്‍. സ്വാമി വിശദീകരിച്ചു. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എസ്.എന്‍.സ്വാമി ഇത് പറഞ്ഞത്.
സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ് മോഹൻലാലും ആന്റണി പെരുമ്പാവൂരും ഇവർക്ക് വഴി ഒരുക്കുന്ന ബോഡി ഗാർഡുകളും തിരക്കിട്ട് പോകുന്നതും, ഇതിനിടയിൽ എസ്.എൻ സ്വാമി വരുകയും ‘അതിന്റെ ഇടയിൽ കൂടെ, ഒരു ശകലം മാറി നിന്നാൽ ഞങ്ങൾക്ക് പോകാം’ എന്ന് മോഹൻലാൽ പറയുന്നതും വീഡിയോയില്‍ കാണാം.