-->
ദോഹ: ഖത്തറിനും മറ്റ് ജിസിസി (GCC) അംഗരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ഖത്തർ പ്രസ് സെന്റർ (QPC) ശക്തമായി അപലപിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണിതെന്നും പ്രാദേശിക സുസ്ഥിരതയ്ക്ക് വലിയ ഭീഷണിയാണെന്നും പ്രസ് സെന്റർ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക മര്യാദകളുടെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് ക്യുപിസി പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സിവിലിയൻമാരുടെ ജീവന് ഭീഷണിയാകുന്നതിനൊപ്പം തന്ത്രപ്രധാനമായ സൗകര്യങ്ങളെയും ഈ ആക്രമണങ്ങൾ ലക്ഷ്യമിടുന്നുണ്ട്. സമാധാനത്തിനും പരസ്പര വിശ്വാസത്തിനും വേണ്ടിയുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്ന നടപടിയാണിതെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ ജാഗ്രത പാലിക്കണം.
പ്രതിസന്ധി ഘട്ടങ്ങളിൽ ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം അത്യന്താപേക്ഷിതമാണെന്ന് ഖത്തർ പ്രസ് സെന്റർ ഓർമ്മിപ്പിച്ചു. മാധ്യമങ്ങൾ കൃത്യതയും വസ്തുനിഷ്ഠതയും പാലിക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിലൂടെ വിവരങ്ങൾ സ്ഥിരീകരിക്കണമെന്നും നിർദ്ദേശിച്ചു. തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കേന്ദ്രം, വിവര സാങ്കേതിക യുദ്ധത്തിനെതിരെ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ജിസിസി ഐക്യം നിർണ്ണായകം
ഗൾഫ് സുരക്ഷ അലംഘനീയമാണെന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ഖത്തർ എന്നും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് മുൻഗണന നൽകിയിട്ടുള്ളത്. ജിസിസി രാജ്യങ്ങളുടെ സുരക്ഷ പരസ്പരബന്ധിതമാണെന്നും, ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മൊത്തം ഗൾഫ് സംവിധാനത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കണമെന്നും ഗൾഫ് ജേണലിസ്റ്റ് യൂണിയൻ്റെ നിലപാടിനെ ക്യുപിസി സ്വാഗതം ചെയ്തു.
ഷഫീക്ക് അറക്കൽ