-->
ദോഹ: ഖത്തറിലെ എല്ലാത്തരം എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിനൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കാലാവധി കഴിഞ്ഞതും ഉടൻ അവസാനിക്കുന്നതുമായ വിസകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.വിസ കാലാവധി നീട്ടുന്നതിനായി അപേക്ഷകൾ സമർപ്പിക്കുകയോ സർക്കാർ ഓഫീസുകൾ സന്ദർശിക്കുകയോ ചെയ്യേണ്ടതില്ല. ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ വിസ കാലാവധി സ്വയമേവ (Automatically) പുതുക്കപ്പെടും.ഈ ഒരു മാസത്തെ കാലാവധി നീട്ടുന്നതിന് പ്രത്യേക ഫീസുകൾ നൽകേണ്ടതില്ല.ഫെബ്രുവരി 28-ന് മുമ്പ് വിസ കാലാവധി കഴിഞ്ഞ് പിഴ (Violation fees) ഉള്ളവർ, പഴയ പിഴത്തുക അടച്ചുതീർക്കണം. അതിനുശേഷം മാത്രമേ ഫെബ്രുവരി 28 മുതലുള്ള സൗജന്യ എക്സ്റ്റൻഷൻ ഇവർക്ക് ലഭ്യമാകൂ.നിലവിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ വിസ കാലാവധി ഇനിയും നീട്ടിനൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ജനലുകൾക്കും തുറസ്സായ സ്ഥലങ്ങൾക്കും സമീപം നിൽക്കുന്നത് ഒഴിവാക്കണം. ഔദ്യോഗിക അറിയിപ്പുകൾക്കായി മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും പൊതുജന സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
ഷഫീക്ക് അറക്കൽ