-->
ഹോട്ടല്‍ ഭക്ഷണം ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. പൊതുവെ വീട്ടിലെയും ഹോസ്റ്റലിലെയുമെല്ലാം ഭക്ഷണം കഴിച്ച് മടുക്കുമ്പോഴാണ് സാധാരണയായി ആളുകള്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ കാലം മാറിയതോടെ ഈ ശീലങ്ങള്‍ മാറിമറിഞ്ഞു. മാസത്തില്‍ ഒരിക്കല്‍ പുറത്തുനിന്ന് ഭക്ഷണം കഴിച്ചവരില്‍ ഭൂരിഭാഗവും ആഴചയില്‍ ഒരിക്കല്‍ എങ്കിലും കഴിക്കണമെന്ന രീതിയിലേക്കായി. റസ്റ്ററന്റ് മേഖലയാകട്ടെ ഓരോ ഡൈനിംഗും എന്നും ഓര്‍ത്തിരിക്കാന്‍ മാത്രം വ്യത്യസ്തമാക്കാനും ശ്രമിക്കുകയാണ് റെസ്‌റ്റോറന്റ് മേഖല. ഇന്നത്തെ താരം ചോക്കോതെറാപ്പി ആണ്. ഷെഫ് ജുവാന്‍ മാനുവല്‍ ബാരിയന്റോസ് വിഭാവനം ചെയ്ത മയാമിയിലും വാഷിംഗ്ടണ്‍ ഡി സിയിലും സ്ഥിതി ചെയ്യുന്ന മിഷേലിന്‍ സ്റ്റാര്‍ഡ് എല്‍സീലോയിലാണ് ചോക്കോതെറാപ്പി ലഭ്യമാകുക.
ചോക്കോതെറാപ്പി ഒരു പ്രത്യേക ഡൈനിംഗ് സ്‌റ്റൈല്‍ ആണ്. ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയാല്‍ ഭക്ഷണത്തിന് മുന്‍പ് ചോക്ലേറ്റ് കയ്യില്‍ ഒഴിച്ച് കൈ കഴുകുന്ന രീതിയാണ് ചോക്കോതെറാപ്പി. ഇതുകൊണ്ട് എന്ത് ഉപകാരം എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും ഷെഫ് ജുവാന്‍ മാനുവലിന്റെ കയ്യിലുണ്ട്.പണ്ട് കുഞ്ഞായിരുന്നപ്പോള്‍ ചോക്ലേറ്റ് കിട്ടിയാല്‍ നമ്മള്‍ എന്താണ് ചെയ്തിരുന്നത്? ഇന്ന് മുതിര്‍ന്നപ്പോള്‍ ചെയ്യുന്നപോലെ വൃത്തിയായി ടേബിള്‍ മാനേഴ്‌സും മറ്റും പാലിച്ചാണോ നമ്മള്‍ അന്ന് ചോക്ലേറ്റ് കഴിച്ചിരുന്നത്? ഒരിക്കലുമല്ല. ചോക്ലേറ്റ് നമ്മുടെ കയ്യിലും മുഖത്തും എന്തിന് വസ്ത്രത്തില്‍ വരെ പറ്റാറുണ്ട്. ആ കാലഘട്ടം ഒരിക്കല്‍ കൂടി അനുഭവവേദ്യമാക്കുകയാണ് ചോക്കോതെറാപ്പി ചെയ്യുന്നത്. ചോക്ലേറ്റിന്റെ രുചിക്കൊപ്പം മണവും, ഫീലും അനുഭവിക്കുക, ആസ്വദിക്കുക. കുറച്ചു നേരത്തേക്ക് കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നടക്കുക, ഇത്രമാത്രം.
വളരെ ലളിതമാണ് ചോക്കോതെറാപ്പി. ഭക്ഷണത്തിന് എത്തിയ അതിഥികള്‍ക്ക് ആദ്യം കൈ തുടക്കാനുള്ള ഒരു ടവല്‍ ആണ് നല്‍കുക. ശേഷം വെയ്റ്റര്‍ ചെറുതായി ചൂടാക്കിയ കുറച്ച് ചോക്ലേറ്റ് അതിഥിയുടെ കൈയിലേക്ക് ഒഴിക്കുന്നു. അതിഥികള്‍ പതുക്കെ ചോക്ലേറ്റ് ഉപയോഗിച്ച് കൈകള്‍ തമ്മില്‍ കൂട്ടി തിരുമ്മുന്നു. ഏതു ചെയ്യുമ്പോള്‍ മനസ്സില്‍ തോന്നുന്ന സന്തോഷം, കുട്ടിക്കളി എല്ലാം അതിഥികളെ തങ്ങളുടെ കുട്ടിക്കാലം ഓര്‍ക്കാനും സ്മരണകള്‍ അയവിറക്കാനും അനുഭവിക്കാനും സാഹചര്യം ഒരുങ്ങുന്നു എന്നാണ് ഷെഫ് ജുവാന്‍ മാനുവലിന്റെ വാദം. പിന്നീട് ഒരു ബൗള്‍ വെള്ളത്തില്‍ കൈയില്‍ പുരണ്ട ചോക്ലേറ്റ് കഴുകി കളഞ്ഞ് ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് കൈ തുടച്ച് വൃത്തിയാക്കുന്നു. ഇത്രേയുള്ളൂ ചോക്കോതെറാപ്പി.
ചോക്കോതെറാപ്പിക്ക് ശേഷം അതിഥികള്‍ തങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയാണ് പതിവ്. എന്നാല്‍ ഈ ചോക്കോതെറാപ്പിക്ക് മാത്രം വരുന്ന റെസ്‌റ്റോറന്റ് ബില്ല് 26,000 രൂപയാണ്.