-->
ഐലന്‍ഡുകളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഷുഗര്‍ ഐലന്‍ഡ് അധികമാര്‍ക്കും സുപരിചതമായിരിക്കില്ല. യുഎസ്-കാനഡ അതിര്‍ത്തിയിലെ സെന്റ് മേരീസ് നദിയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ദ്വീപാണ് ഷുഗര്‍ ഐലന്‍ഡ്. ഏകദേശം 128 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ലേക്ക് സുപ്പീരിയറിന് സമീപമുള്ള സൂ ലോക്ക്‌സിന് തൊട്ടുതാഴെയായാണ് സ്ഥിതി ചെയ്യുന്നത്. സമൃദ്ധമായി വളരുന്ന ഷുഗര്‍ മേപ്പിള്‍ മരങ്ങളില്‍ നിന്നാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. ഇലപൊഴിയും കാലത്ത് ഈ മരങ്ങള്‍ തീര്‍ക്കുന്ന വര്‍ണ്ണക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് വിസ്മയകരമായ അനുഭവമാണ് നല്‍കുന്നത്. സൂ സെന്റ് മേരിയില്‍ നിന്നുള്ള ഫെറി സര്‍വീസ് വഴി മാത്രമേ ഈ ദ്വീപിലേക്ക് എത്തിച്ചേരാനാകൂ.
ഇടതൂര്‍ന്ന വനങ്ങളും തണ്ണീര്‍ത്തടങ്ങളും പാറക്കെട്ടുകള്‍ നിറഞ്ഞ തീരങ്ങളും ചേര്‍ന്ന ഷുഗര്‍ ഐലന്‍ഡ് വന്യജീവികളുടെ ഒരു പ്രധാന സങ്കേതം കൂടിയാണ്. കലമാനുകള്‍, ചെന്നായ്ക്കള്‍, വിവിധയിനം പക്ഷികള്‍ എന്നിവയെ ഇവിടെ ധാരാളമായി കാണാം. ഏകാന്തത ആഗ്രഹിക്കുന്നവര്‍ക്കും കാല്‍നടയാത്ര, മീന്‍പിടിത്തം, നായാട്ട് എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഇവിടം ഏറ്റവും അനുയോജ്യമായ ഇടമാണ്. സെന്റ് മേരീസ് നദിയിലെ തെളിനീരില്‍ വാല്‍ഐ, പൈക്ക്, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ സമൃദ്ധമായി കാണപ്പെടുന്നു. വലിയ റിസോര്‍ട്ടുകളോ ജനത്തിരക്കോ ഇല്ലാത്ത ഇവിടെ പ്രകൃതിയോടിണങ്ങിയ ലളിതമായ ജീവിതത്തിനാണ് പ്രാധാന്യം.
ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഇടമാണ് ഷുഗര്‍ ഐലന്‍ഡ്. 1842ലെ വെബ്സ്റ്റര്‍ആഷ്ബര്‍ട്ടന്‍ ഉടമ്പടിയിലൂടെയാണ് ഈ പ്രദേശം യുഎസിന്റെ ഭാഗമായി മാറിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫിന്‍ലന്‍ഡില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഇവിടെ കൃഷി ആരംഭിച്ചു. 1945ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമായി ഈ ദ്വീപിനെ പരിഗണിക്കണമെന്ന് മിഷിഗന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും പിന്നീട് ആസ്ഥാനം ന്യൂയോര്‍ക്കിലേക്ക് മാറുകയായിരുന്നു. ഇന്ന്, തിരക്കുകളില്‍ നിന്ന് മാറി അപ്പര്‍ പെനിന്‍സുലയിലെ വനസൗന്ദര്യവും നദിയിലൂടെ കടന്നുപോകുന്ന കൂറ്റന്‍ കപ്പലുകളുടെ കാഴ്ചയും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച ഇടമാണ് ഇവിടം.