-->
കോട്ടയം: എക്കാലവും സാധാരണക്കാരനായ വായനക്കാരനെ മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന പത്രസ്‌ഥാപനമാണു 'മംഗള'മെന്നു പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ്. മംഗളം 56-ാം വാര്‍ഷികാഘോഷം നാഗമ്പടം സീസര്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരനെ വായനയിലേക്കു നയിക്കാന്‍ മംഗളത്തിനു സാധിച്ചു. വായനയെ പുസ്‌തകശാലയില്‍നിന്നു കൈപിടിച്ചിറക്കി ജനമധ്യത്തിലേക്കു കൊണ്ടുവരാന്‍ മംഗളത്തിനു കഴിഞ്ഞു. വ്യക്‌തിത്വമുള്ള പത്രമാണു മംഗളം. മനുഷ്യമനസിനെ സ്‌പര്‍ശിക്കുന്ന വാര്‍ത്തകളിലൂടെ ജനമനസുകളിലൂടെ ഇടംപിടിക്കാനും മംഗളത്തിനു കഴിഞ്ഞു.- സി.വി. ആനന്ദബോസ് പറഞ്ഞു.
മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗവര്‍ണേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ് വന്ദേമാതരം പുരസ്‌കാര്‍-2026 ജെയിംസ് ജോസഫ് കാരക്കാട്ടിനു ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് സമ്മാനിച്ചു.
മംഗളം മാധ്യമശ്രേഷ്‌ഠ അവാര്‍ഡ് ചെറുകര സണ്ണി ലൂക്കോസിനും ബിസിനസ് എന്‍ട്രപ്രണര്‍ അവാര്‍ഡ് മൂല്യവര്‍ധിനി ഏറനാട് കുറീസ് ൈപ്രവറ്റ് ലിമിറ്റഡ് എച്ച്.ആര്‍. വിഭാഗം സീനിയര്‍ മാനേജര്‍ ടി.ആര്‍. മോഹനനും അക്കാദമിക് എക്‌സ്‌ലന്‍സ് അവാര്‍ഡ് രാമപുരം മാര്‍ അഗസ്‌തിനോസ് കോളജിനുവേണ്ടി പ്രിന്‍സിപ്പല്‍ ഫാ.റെജി വര്‍ഗീസ് മേക്കാടനും ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് പാലാ മരിയ സദനം ഡയറക്‌ടര്‍ സന്തോഷ് മരിയസദനത്തിനും ഗോള്‍ഡന്‍ ഹണി കോമ്പ് അവാര്‍ഡ് അലക്‌സാണ്ടര്‍ ജോസഫിനും കോ - ഓപ്പറേറ്റീവ് ബാങ്കര്‍ അവാര്‍ഡ് പൂവരണി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രഫ. എം.എം. ഏബ്രഹാം മാപ്പിളക്കുന്നേലിനും ലൈഫ് സേവര്‍ അവാര്‍ഡ് പാലാ ബ്ലെഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റത്തിനും ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് കണ്ണൂര്‍ ഷൈന്‍സ് ഹെര്‍ബല്‍സ് മാനേജിങ് ഡയറക്‌ടര്‍ ഷൈന്‍ ജോര്‍ജിനും 50 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനുള്ള ഉപഹാരം മംഗളം പാലാ ലേഖകന്‍ ജോസ് ചെറിയാനും ഗവര്‍ണര്‍ സമ്മാനിച്ചു. മംഗളം മാനേജിങ് എഡിറ്റര്‍ സാജന്‍ വര്‍ഗീസ് ഗവര്‍ണര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ, മംഗളം ബ്യൂറോ ചീഫ് ഷാലു മാത്യു , ഡി.ജി.എം. ഡൊമനിക് സാവിയോ എന്നിവര്‍ പ്രസംഗിച്ചു.