-->
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരേ ലൈംഗികാതിക്രമത്തിനു കേസെടുത്തു.
എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്. സ്‌ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്‌ത്രീകളെ മോശമായി സ്‌പര്‍ശിക്കല്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ബി.എന്‍.എസ്. 74,75,79 തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്.
2022 ല്‍ യുവതിയുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണു കേസ്. എളംകുളത്തെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു കേസെടുത്തത്. വിശദമായ പരിശോധനകള്‍ക്കുശേഷം മാത്രം തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
മൂന്നുവര്‍ഷം മുമ്പുനടന്ന കേസില്‍ യുവതി ഇത്രയും കാലം പരാതി നല്‍കാത്തതിന്റെ കാരണം വ്യക്‌തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്‌റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
ചിദംബരത്തിനെതിരെ കുറച്ചു ദിവസമായി സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത തള്ളിക്കളഞ്ഞതിനു പിന്നാലെയാണു ചിദംബരത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ദിലീപിനെ നായകനാക്കി ചിദംബരം ചിത്രമൊരുക്കുന്നുവെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു വ്യാജ വാര്‍ത്തയാണെന്നു വ്യക്‌തമാക്കി കഴിഞ്ഞ ദിവസം ചിദംബരം തന്നെ രംഗത്തെത്തി. പിന്നാലെയാണു സംവിധായകന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ഇതോടെയാണു ചിദംബരം അക്കൗണ്ട് ൈപ്രവറ്റാക്കിയത്.
ഒരു പ്രമുഖ നടനെ നായകനാക്കി ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഒരുക്കുന്നുവെന്നത് വ്യാജ വാര്‍ത്തയാണെന്നു പറഞ്ഞ ചിദംബരം ചവറ് പോസ്‌റ്റ് ചെയ്യും മുമ്പ് ഉറപ്പു വരുത്തണമെന്നും താന്‍ സര്‍വൈവര്‍ ത്രില്ലര്‍ സ്‌പെഷ്യലിസ്‌റ്റ് അല്ലെന്നും പ്രതികരിച്ചിരുന്നു. ഇതോടെ ആ നടന്റെ ആരാധകര്‍ സംവിധായകനെതിരേ തിരിയുകയായിരുന്നു. അതേസമയം വ്യാജ വാര്‍ത്ത നിരസിച്ചതിന്റെ പേരില്‍ സംവിധായകനെ ആക്രമിക്കുന്നത് എന്തിനെന്നു സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നുണ്ട്.