-->
മനാമ: യു.എസ്- ഇസ്രയേല്‍ ആക്രമണത്തിനു മറുപടിയായി ബഹ്‌റൈനില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാന്റെ ആക്രമണം. വ്യോമാക്രമണത്തില്‍ ഒരു മരണം. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണം ചെറുക്കുന്നതിനിടെ അവശിഷ്‌ടം പതിച്ചാണ് ആള്‍നാശമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്കു പരുക്കേറ്റതായും ബഹ്‌റൈന്‍ പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസത്തെ ആക്രമണത്തില്‍ ബഹ്‌റൈന്‍ തുറമുഖത്ത് ഒരു കപ്പലിന് തീപിടിച്ചു. ഇതു പിന്നീട് നിയന്ത്രണവിധേയമാക്കിയെന്നു ബ്രിട്ടീഷ് മാരിടൈം സുരക്ഷാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. രണ്ട് അജ്‌ഞാതവസ്‌തുക്കള്‍ പതിച്ചാണ് തീപിടിത്തമുണ്ടായത്. ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പല്‍ ഒഴിപ്പിച്ചതായും ഏജന്‍സി അറിയിച്ചു.
അമേരിക്കന്‍ സേനയ്‌ക്ക് ആതിഥ്യമരുളുന്ന അറബ്-ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ അതിശക്‌തമായ ആക്രമണമാണ് നടത്തുന്നത്. ഇതില്‍ത്തന്നെ യു.എസ്. നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്‌ഥാനമെന്ന നിലയില്‍ ബഹ്‌റൈന് ആഘാതമേല്‍പ്പിക്കാനാണ് ഇറാന്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. മിനാ സല്‍മാന്‍ പോര്‍ട്ടിനു സമീപത്താണ് യു.എസ്. വ്യോമത്താവളം. സുരക്ഷാമുന്‍കരുതലിന്റ ഭാഗമായി ഇതിനടുത്തുള്ള ജുഫെയര്‍ ജില്ലയുടെ ഏതാനും ഭാഗങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതിനുപുറമേ തൊഴിലിടങ്ങള്‍ കൂടുതല്‍ വിദൂരമേഖലകളിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിട്ടുണ്ട്.
തങ്ങളുടെ മേഖലയിലേക്കുവന്ന 61 മിസൈലുകളും 34 ഡ്രോണുകളും ലക്ഷ്യത്തിലെത്തുംമുമ്പ് തകര്‍ത്തതായി ബഹ്‌റൈന്‍ അധികൃതര്‍ സ്‌ഥിരീകരിച്ചു. ചിതറിത്തെറിച്ച മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അവശിഷ്‌ടങ്ങള്‍ പതിച്ച് തലസ്‌ഥാനമായ മനാമയില്‍ സ്‌ഥിതിചെയ്യുന്ന വ്യോമത്താവളത്തിനു സമീപത്തെ കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ തീപിടിത്തമുണ്ടായി. താറുമാറായ കെട്ടിടത്തില്‍നിന്നു പുക ഉയരുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇതിനു തെളിവായി. കഴിഞ്ഞ ഒന്നിനു 'പ്ലാനറ്റ് ലാബ്‌സ് പി.ബി.സി' പുറത്തുവിട്ട ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ബഹ്‌റൈനിലെ യു.എസ്. വ്യോമത്താവളം ലക്ഷ്യമിടുന്നതായി കഴിഞ്ഞ 28 ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്‌തമാക്കിയിരുന്നു. ഇതിനുശേഷം ആക്രമണലക്ഷ്യങ്ങള്‍ വിപുലമാക്കുന്നതിന്റെ ലക്ഷണമെന്നോണം വിമാനത്താവളങ്ങളിലേക്കും സിവിലിയന്‍ സംവിധാനങ്ങളിലേക്കും ഇറാന്റെ മിസൈലുകളും ഡ്രോണുകളുമെത്തി. ബഹുനില താമസ മന്ദിരങ്ങള്‍, ആഡംബര ഹോട്ടലുകള്‍, ഷോപ്പിങ് സെന്ററുകള്‍, ആധുനിക വിമാനത്താവള ടെര്‍മിനലുകള്‍ തുടങ്ങി ഗള്‍ഫ് സമ്പന്നതയുടെയും അഭിവൃദ്ധിയുടെയും മുഖങ്ങള്‍ ഇതോടെ ഭീഷണി നിഴലിലാണ്.
വിമാനവാഹിനികളടക്കം ഇരുപതിലധികം യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങി ആധുനിക സംവിധാനങ്ങളും ഏകദേശം 16,000 സേനാംഗങ്ങളും ഉള്‍പ്പെടുന്നതാണ് യു.എസിന്റെ അഞ്ചാം കപ്പല്‍പ്പട. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, അറേബ്യന്‍ മഹാസമുദ്രം, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ മേഖലകളില്‍ സുരക്ഷ ഉറപ്പാക്കുകയാണ് കപ്പല്‍പ്പടയുടെ ലക്ഷ്യം.