-->
റിയാദ്: സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്‌ക്ക് നേരേ ഇറാന്റെ ആക്രമണം. സൗദി അരാംകോയുടെ ദമ്മാമിനടുത്തുള്ള റാസ് തനുര റിഫൈനറിക്ക് നേരേയാണു ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറി താത്‌കാലിക്കമായി അടച്ചു. സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണു റാസ് തനുര റിഫൈനറി.
റാസ് തനുരയില്‍നിന്നുള്ള ദൃശ്യങ്ങളെന്ന പേരില്‍ ചില വീഡിയോകള്‍ സാമൂഹികമാധ്യമമായ എക്‌സിലടക്കം ചില മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍, ഇവയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്‌താവ് അറിയിച്ചു. ആകാശത്തുവെച്ച് തന്നെ സൈന്യം ഡ്രോണുകളെ വെടിവച്ചിട്ടു. തകര്‍ക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്‌ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്നു പ്ലാന്റില്‍ ചെറിയ രീതിയില്‍ തീപിടുത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ അത് നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണു റിഫൈനറി അടച്ചിടാന്‍ തീരുമാനിച്ചതെന്നും സൗദി പ്രതിരോധ വൃത്തങ്ങള്‍ വ്യക്‌തമാക്കി. പ്രതിദിനം അഞ്ച് ലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് റാസ് തനൂറ പ്ലാന്റ് എന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് പിന്നാലെ സുരക്ഷാ മുന്‍കരുതലുകള്‍ ശക്‌തമാക്കിയതായും നിലവില്‍ സ്‌ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എണ്ണ ഉത്‌പാദനത്തെയോ വിതരണത്തെയോ നടപടി എത്രത്തോളം ബാധിക്കുമെന്നതില്‍ കമ്പനി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
അതിനിടെ, പശ്‌ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില നാലുവര്‍ഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സ്‌തംഭിച്ചതോടെയാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും നിലവിലെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് നിരവധി കപ്പലുകളാണ് ഇതുവഴിയുള്ള ചരക്കുനീക്കം നിര്‍ത്തിവെച്ചത്.