-->
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരങ്ങളായ റാസ് ലഫാനിലും മിസൈദിലുമുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് രാജ്യം പ്രകൃതിവാതക ഉത്‌പാദനം പൂര്‍ണമായും നിര്‍ത്തിവച്ചു. ഖത്തറിന്റെ സാമ്പത്തിക നട്ടെല്ലായ റാസ് ലഫാന്‍ ഇന്‍ഡസ്ര്‌ടിയല്‍ സിറ്റി, മിസൈദ് ഇന്‍ഡസ്ര്‌ടിയല്‍ സിറ്റി എന്നിവിടങ്ങളിലെ ഖത്തര്‍ എനര്‍ജി പ്ലാന്റുകള്‍ക്കുനേരേയാണ് ആക്രമണം നടന്നത്. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണമെന്നാണു പ്രാഥമിക സൂചനകള്‍. സുരക്ഷാ കാരണങ്ങളാല്‍ എല്‍.എന്‍.ജി. ഉത്‌പാദനവും അനുബന്ധ പ്രവര്‍ത്തനങ്ങളും അനിശ്‌ചിതകാലത്തേക്ക് നിര്‍ത്തിവയ്‌ക്കുകയാണെന്ന് 'ഖത്തര്‍ എനര്‍ജി' പ്രസ്‌താവനയില്‍ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ എല്‍.എന്‍.ജി. കയറ്റുമതിക്കാരായ ഖത്തര്‍ പിന്‍വാങ്ങുന്നത് രാജ്യാന്തര വിപണിയിലും വന്‍ പ്രതിസന്ധി സൃഷ്‌ടിക്കും. യുദ്ധം തങ്ങളുടെ തൊഴിലിടങ്ങളെ നേരിട്ട് ബാധിച്ചു തുടങ്ങിയതോടെ ലക്ഷക്കണക്കിനു പ്രവാസി മലയാളികള്‍ കടുത്ത ഭീതിയിലാണ്.
വ്യവസായ കേന്ദ്രങ്ങളില്‍ ആക്രമണം നടന്നത് അവിടങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിച്ചു. ഉത്‌പാദനം നിലച്ചതോടെ കരാര്‍ അടിസ്‌ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാവി അനിശ്‌ചിതത്വത്തിലായി. വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ വഴികളില്ലാത്ത അവസ്‌ഥയാണ്. ഇസ്രയേലും യു.എസും സംയുക്‌തമായി ഇറാനിലെ സൈനിക,ഭരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ്. താവളങ്ങളെയും എണ്ണ ഉത്‌പാദന കേന്ദ്രങ്ങളെയും ലക്ഷ്യംവച്ച് ഇറാന്‍ തിരിച്ചടി തുടങ്ങിയത്. സൗദി അറേബ്യയിലെ റസ് തന്നൂറ റിഫൈനറിക്ക് നേരേയും ആക്രമണമുണ്ടായി. ഖത്തറില്‍ ഇതുവരെ 16 പേര്‍ക്കാണ്
മിസൈല്‍ അവശിഷ്‌ടങ്ങളില്‍ നിന്നും പരിക്കേറ്റത്. മലയാളിയടക്കം 12പേര്‍ ചികിത്സയിലാണ്. രാജ്യത്തെ മൂന്നു സ്‌ഥലങ്ങളിലാണ് മിസൈല്‍ അവശിഷ്‌ടങ്ങള്‍ പതിച്ചത്.
ഷഫീക്ക് അറയ്‌ക്കല്‍