-->
ദുബായ്/വാഷിങ്‌ടണ്‍: സഖ്യകക്ഷികളും രംഗത്തിറങ്ങി, മധ്യേഷ്യയിലെ യുദ്ധം കൂടുതല്‍ ഇടങ്ങളിലേക്ക്. ഇറാനെ പിന്തുണച്ച് ലെബനനിലെ ഹിസ്‌ബുള്ളയാണ് അണിചേര്‍ന്നത്. ട്രംപിന്റെ യുദ്ധ പ്രഖ്യാപനത്തില്‍നിന്ന് അകന്നു നിന്ന യൂറോപ്യന്‍ സഖ്യകക്ഷികള്‍ തങ്ങളുടെ വ്യോമത്താവളങ്ങള്‍ യു.എസിനു തുറന്നുകൊടുത്ത് നിസംഗത വെടിഞ്ഞു. സൈപ്രസിലെ ബ്രിട്ടീഷ് താവളം ഇറാന്‍ ആക്രമിച്ചതാണു പ്രകോപനമായത്. ഹിസ്‌ബുള്ളയുടെ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രായേല്‍ ലെബനനെ ആക്രമിച്ചു. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെയും സൈപ്രസ് വരെയുള്ള ബ്രിട്ടീഷ് വ്യോമതാവളത്തെയും ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും അയയ്‌ക്കുകയും ചെയ്‌തു.
ഇറാന്‍ ആക്രമണത്തിനിടെ കുവൈത്ത് അബദ്ധത്തില്‍ മൂന്ന് അമേരിക്കന്‍ എഫ്- 15ഇ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു. ആറ് ജീവനക്കാരും പാരച്യൂട്ട് വഴി രക്ഷപ്പെട്ടു.
യുദ്ധം ഉടന്‍ അവസാനിക്കില്ലെന്നു യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്‌തമാക്കി. അതിര്‍ത്തിക്കപ്പുറം ശക്‌തി പ്രകടിപ്പിക്കാനുള്ള ഇറാന്റെ കഴിവ് നശിപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളില്‍ 1,000ല്‍ അധികം ലക്ഷ്യങ്ങള്‍ തകര്‍ത്തതായി യു.എസ്. ജോയിന്റ് ചീഫ് ഓഫ് സ്‌റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌ന്‍ അറിയിച്ചു. കൂടുതല്‍ സേനയെ മേഖലയിലേക്ക് അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തെ പുറത്താക്കാന്‍ ഇറാന്‍ പൗരന്മാര്‍ രംഗത്തിറങ്ങണമെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. വ്യോമാക്രമണം ആഴ്‌ചകളോളം നീണ്ടുനിന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു. അധികാരം വിട്ടുകൊടുക്കുന്നതിന്റെ ഒരു സൂചനയും ഇറാനിലെ യാഥാസ്‌ഥിതിക മത നേതാക്കള്‍ നല്‍കിയിട്ടില്ല.
അതേ സമയം, കരയുദ്ധത്തിനുള്ള സാധ്യത വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ ഭരണകൂടത്തെ പുറത്താക്കാന്‍ വ്യോമാക്രമണം പോരെന്ന സൂചന സൈനിക വിദഗ്‌ധര്‍ നല്‍കുന്നുണ്ട്. ഇറാന്റെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ ഹിസ്‌ബുള്ള ഇസ്രയേലിനു നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. മറുപടിയായി ഹിസ്‌ബുള്ള നിയന്ത്രിത ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളെ ഇസ്രായേല്‍ ലക്ഷ്യമിട്ടു. 31 പേര്‍ കൊല്ലപ്പെട്ടു. ഹിസ്‌ബുള്ള നേതാവ് നായിം ഖാസെമിനെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ലെബനീസ് സര്‍ക്കാര്‍ ഹിസ്‌ബുള്ളയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതോടെ കരയാക്രമണം പരിഗണിക്കുന്നില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു.
യു.എസിന്റെ ഗള്‍ഫിലെ സഖ്യകക്ഷികള്‍ ഇറാന്‍ മിസൈലുകളില്‍നിന്നും ഡ്രോണുകളില്‍നിന്നും വീണ്ടും ആക്രമണം നേരിട്ടപ്പോള്‍, കുവൈത്തിലെ യു.എസ്. എംബസിക്കു ചുറ്റുമുള്ള പ്രദേശത്തിന് മുകളില്‍ കറുത്ത പുക ഉയര്‍ന്നു. ദുബായ്, യു.എ.ഇയിലെ സാംഹ, ഖത്തറിന്റെ തലസ്‌ഥാനമായ ദോഹ എന്നിവിടങ്ങളിലും വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായി.
ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടു
ഇറാനിലെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ മാന്‍സൂറ ഖൊജസ്‌ത ബാഗെര്‍സാദെ(79) കൊല്ലപ്പെട്ടു. ശനിയാഴ്‌ച നടന്ന അമേരിക്ക- ഇസ്രായേല്‍ ആക്രമണത്തില്‍ പരുക്കേറ്റ അവര്‍ ചികിത്സയിലായിരുന്നു. ആ ആക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനുശേഷം അബോധാവസ്‌ഥയിലാണ് അവരെ കണ്ടെത്തിയത്. ബാഗെര്‍സാദെ പൊതുപരിപാടികളില്‍നിന്ന് അകന്നുനിന്ന് അകന്നുനില്‍ക്കുകയായിരുന്നു. 1964ല്‍ ആയിരുന്നു അവരുടെ വിവാഹം. ആറ് മക്കളുണ്ട്.