-->
കുവൈത്ത് സിറ്റി: പശ്‌ചിമേഷ്യ സംഘര്‍ഷത്തിനിടെ നിലംപൊത്തിയ എഫ്-15 ഈഗിള്‍ പോര്‍വിമാനങ്ങള്‍ അമേരിക്കന്‍ സൈനിക വ്യോമയാന ചരിത്രത്തിലെ സമാനതകളില്ലാത്ത യുദ്ധപാരമ്പര്യത്തിന് അവകാശികള്‍. വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ സേനാനടപടികളില്‍ നിര്‍ണായക ഭാഗധേയത്വമാണ് എഫ്-15 വഹിച്ചിട്ടുള്ളത്.
വിവിധ രാജ്യങ്ങളുടെ കൈവശമുള്ള യുദ്ധവിമാനങ്ങളില്‍ മുന്‍നിരസ്‌ഥാനമാണ് എഫ്-15 ഈഗിളിനുള്ളത്. ആകാശയുദ്ധങ്ങളില്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കാന്‍ യു.എസ്. രൂപകല്‍പ്പന ചെയ്‌തതാണ് ഈ ഇരട്ട എന്‍ജിന്‍ പോര്‍വിമാനം. മക്‌ഡോണല്‍ ഡഗ്ലസാണ് വിമാനം ആദ്യം വികസിപ്പിച്ചത്. പിന്നീടു നടന്ന ലയനശേഷം ബോയിങ്ങിനു കീഴിലായിരുന്നു ഉത്‌പാദനം. ഏതു കാലാവസ്‌ഥയിലും സവിശേഷസാഹചര്യത്തിലും ഉപയോഗിക്കാനാകുമെന്നാണ് ഈ യുദ്ധവിമാനത്തിന്റെ പ്രധാന സവിശേഷത.
യു.എസ്. വ്യോമസേന 1972-ലാണ് പ്രാരംഭ എഫ്-15 മോഡലുകള്‍ ആദ്യമായി പറത്തിയത്. സ്‌ൈട്രക്ക് ഈഗിള്‍ പതിപ്പിന്റെ ആദ്യ ആകാശയാത്ര 1986-ലായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം യു.എസ്. വ്യോമസേനയുടെ ഭാഗമായതിനുപിന്നാലെ ലോകമെമ്പാടും 'ഈഗിളി'ന് ആരാധകരേറി. പല രാജ്യങ്ങളും ഈ പോര്‍വിമാനത്തെ തങ്ങളുടെ സേനയുടെ ഭാഗമാക്കാന്‍ മത്സരിച്ചു.
ലക്ഷ്യസ്‌ഥാനങ്ങളില്‍ കൃത്യതയോടെയുള്ള പ്രഹരത്തിനായി ആധുനിക സംവിധാനങ്ങളെല്ലാം എഫ്-15 വിമാനത്തിനു സ്വന്തം. ലേസര്‍-ഗൈഡഡ് ബോംബുകള്‍, എയര്‍-ടു-എയര്‍ മിസൈലുകള്‍, ജി.പി.എസ്-ഗൈഡഡ് യുദ്ധോപകരണങ്ങള്‍, റോട്ടറി പീരങ്കി എന്നിവയുള്‍പ്പെടെ 23,000 പൗണ്ട് വരെ പേലോഡ് വഹിക്കാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 1,800 മൈല്‍ വേഗത്തില്‍വരെ സഞ്ചരിക്കാനാകും. ഇരുട്ടിലും ഒന്നിലധികം ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണു മറ്റൊരു സവിശേഷത. എയര്‍-ടു-എയര്‍ ദൗത്യങ്ങള്‍ക്കായിരുന്നു ആദ്യകാല മോഡലുകള്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നത്. പുതിയ എഫ്. 15 ആ മോഡലുകള്‍ ഇരട്ടറോള്‍ ഭംഗിയായി നിറവേറ്റുന്നവയാണ്. അപകട സാഹചര്യങ്ങളില്‍ പൈലറ്റുമാര്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങി രക്ഷപ്പെടാന്‍ സാധിക്കുംവിധമാണ് പുതിയ മോഡലുകളുടെ രൂപകല്‍പ്പന.
അമേരിക്കയ്‌ക്കുപുറമേ ഇസ്രയേല്‍, സൗദി അറേബ്യ, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് എഫ്-15 വിമാനങ്ങള്‍ കയറ്റുമതി ചെയ്‌തിട്ടുണ്ട്. ഈ പോര്‍വിമാനം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ആള്‍നാശവും വിനാശവും വിതച്ചതിന്റെ റെക്കോഡ് ഇസ്രേലി വ്യോമസേനയുടെ പേരിലാണ്. അമേരിക്കയില്‍നിന്ന് സിംഗപ്പൂരും ഖത്തറും ഈ പോര്‍വിമാനം സ്വന്തമാക്കിയിട്ടുണ്ട്.