-->
ബെയ്‌റൂട്ട്: ഒടുവില്‍ ഭീകരസംഘടനയായ ഹിസ്‌ബുള്ളയെ നിരോധിച്ച് ലെബനന്‍. ലെബനന്‍ മണ്ണില്‍നിന്നുള്ള ഹിസ്‌ബുള്ളയുടെ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ വലിയ തിരിച്ചടി നല്‍കിയതിനു പിന്നാലെയാണിത്.
ലെബനന്‍ തലസ്‌ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ ഭാഗത്ത് കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ആക്രമണത്തില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. 149 പേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ലെബനന്‍ വഴങ്ങുകയായിരുന്നു. ഹിസ്‌ബുള്ളയുടെ സൈനിക, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായി പ്രധാനമന്ത്രി നവാഫ് സലാം പ്രസ്‌താവന ഇറക്കി.
'ഹിസ്‌ബുള്ളയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. അവരുടെ പങ്ക് രാഷ്‌ട്രീയ രംഗത്തേക്കു മാത്രമായി പരിമിതപ്പെടുത്തുന്നു ' - നവാഫ് പറഞ്ഞു. നിയമപരമായ സംവിധാനങ്ങളുടെ ചട്ടക്കൂടിനു പുറത്ത് ലെബനന്‍ മണ്ണില്‍നിന്ന് ഒരുതരത്തിലുമുള്ള ആക്രമണങ്ങളും നടത്താന്‍ അനുവദിക്കില്ല.
ഹിസ്‌ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണ്. ലെബനന്‍ പ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന അത്തരം ആക്രമണങ്ങള്‍ തടയാന്‍ സുരക്ഷാസേനയോട് ആഹ്വാനം ചെയ്യുന്നതായും പ്രധാനമന്ത്രിയുടെ പ്രസ്‌താവനയിലുണ്ട്. രാജ്യങ്ങളുമായുള്ള ശത്രുത അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കാനുമുള്ള പ്രതിബദ്ധതയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണു തങ്ങളുടെ ആക്രമണമെന്നു ഹിസ്‌ബുള്ള ഇന്നലെ രാവിലെ വ്യക്‌തമാക്കിയിരുന്നു. ലെബനനെയും അവിടുത്തെ ജനങ്ങളെയും പ്രതിരോധിക്കാന്‍ കൂടിയാണിത്. ആവര്‍ത്തിച്ചുള്ള ഇസ്രയേലി ആക്രമണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ആക്രമണമെന്നും ഹിസ്‌ബുള്ള വ്യക്‌തമാക്കിയിരുന്നു.
ലെബനന്‍ സര്‍ക്കാരില്‍നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്‌ബുള്ള, 2024 ലെ യുദ്ധത്തോടെ ഏതാണ്ട് ദുര്‍ബലപ്പെട്ടു.
ആ യുദ്ധത്തില്‍ ഇസ്രയേല്‍ ഹിസ്‌ബുള്ളയുടെ ഒട്ടേറെ സൈനിക, രാഷ്‌ട്രീയ നേതാക്കളെ വധിച്ചു. യു.എസില്‍നിന്നും ഇസ്രയേലില്‍നിന്നുമുള്ള വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ഹിസ്‌ബുള്ളയെ നിരായുധീകരിക്കാന്‍ ലെബനന്‍ അധികൃതര്‍ സമ്മതിക്കുകയും ചെയ്‌തിരുന്നു.