-->
ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി മാസങ്ങളോളം ഇസ്രയേല്‍, യു.എസ്. രഹസ്യാന്വേഷണ സംഘടനകളുടെ നിരീക്ഷത്തിലായിരുന്നെന്നു റിപ്പോര്‍ട്ട്. ആക്രമണത്തിനുള്ള കൃത്യമായ ഒരു നിമിഷത്തിനായി അവര്‍ കാത്തിരിക്കുകയായിരുന്നവെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്‌തു. ഖമനേയിയുടെ ദൈനംദിന ചലനങ്ങള്‍- എവിടെ താമസിക്കുന്നു, ആരെ കണ്ടുമുട്ടുന്നു, എങ്ങനെ ആശയവിനിമയം നടത്തുന്നു, ആക്രമണ ഭീഷണിയുടെ സാഹചര്യത്തില്‍ എവിടെ മറഞ്ഞിരിക്കാം എന്നിവയെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇറാനിലെ ഉന്നത രാഷ്‌ട്രീയ, സൈനിക നേതാക്കളെയും അവര്‍ നിരീക്ഷിച്ചു, അവര്‍ അപൂര്‍വമായി മാത്രമാണു പരമോന്നത നേതാവിനെ സന്ദര്‍ശിക്കുന്നതെന്നും കണ്ടെത്തി.
അത്തരം ഒരു യോഗം ശനിയാഴ്‌ച നടക്കുന്നുണ്ടെന്നു രഹസ്യാന്വേഷണ സംഘടനകള്‍ക്ക് വിവരം ലഭിച്ചു. ഖമനേയിയെ കാണാന്‍ ഉന്നത ഇറാന്‍ ഉദ്യോഗസ്‌ഥര്‍ ശനിയാഴ്‌ച രാവിലെ ടെഹ്‌റാനിലെ ഒരു കേന്ദ്രത്തില്‍ ഒത്തുചേരുമത്രേ. അവിടെ ഖമനേയിയുടെ ഓഫീസുകളും ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസുകളും ദേശീയ സുരക്ഷാ സംവിധാനവുമുണ്ട്.
ഇസ്രയേലി സ്രോതസുകള്‍ പറയുന്നതനുസരിച്ച്, പകല്‍ സമയം പരമോന്നത നേതാവ് കൂടുതല്‍ സുരക്ഷിതനാണെന്നായിരുന്ന് ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്കുകൂട്ടല്‍. ആ സമയം, സുരക്ഷാ സംവിധാനത്തിന്റെ കടുപ്പം കുറയുമെന്ന് അവര്‍ വിലയിരുത്തി. അതോടെയാണു പകല്‍ ആക്രമണം നടത്താന്‍ ഇസ്രയേലി, യു.എസ്. ഉദ്യോഗസ്‌ഥര്‍ തീരുമാനിച്ചത്.
ഇസ്രയേലി വ്യോമസേനാ പൈലറ്റുമാര്‍ക്ക് നല്‍കിയ ഒരു കുറിപ്പില്‍, ഇസ്രയേലി സൈന്യത്തിന്റെ ചീഫ് ഓഫ് സ്‌റ്റാഫ് എയല്‍ സമീര്‍, ലക്ഷ്യങ്ങള്‍ വ്യക്‌തമാക്കുകയും ചെയ്‌തു. ശനിയാഴ്‌ച പ്രഭാതത്തില്‍, 'ഓപ്പറേഷന്‍ റോറിങ് ലയണ്‍' ആരംഭിക്കുന്നുവെന്ന് അദ്ദേഹം എഴുതി. ' ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ട്. നാം ചരിത്രം സൃഷ്‌ടിക്കുകയാണ്. ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു. നമുക്കെല്ലാവര്‍ക്കും ഭാഗ്യമുണ്ടാകട്ടേ' - അദ്ദേഹം കുറിച്ചു.
പുലര്‍ച്ചെ ആറോടെ ഖമനേയിയെ തേടി ഇസ്രയേല്‍ സൈന്യമെത്തി. ഇസ്രയേലി യുദ്ധവിമാനങ്ങള്‍ അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിലേക്കു നിറയൊഴിച്ചു. അത് യു.എസ്, ഇസ്രായേല്‍ ഏകോപിത ആക്രമണങ്ങളുടെ ആദ്യ ഘട്ടമായിരുന്നു. ഉയര്‍ന്ന കൃത്യതയുള്ള വെടിക്കോപ്പുകളും ദീര്‍ഘദൂര മിസൈലുകളും അവയില്‍ സജ്‌ജീകരിച്ചിരുന്നു. വിവിധ നേതാക്കള്‍ ഉണ്ടായിരുന്ന മൂന്ന് സ്‌ഥലങ്ങളും ഒരുമിച്ച് ആക്രമിക്കപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം, പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഖമനേയിയുടെ മരണം പ്രഖ്യാപിച്ചു. ഇറാന്‍ വിപ്ലവ ഗാര്‍ഡ് കോര്‍ കമാന്‍ഡറും പ്രതിരോധ മന്ത്രിയും ഉള്‍പ്പെടെയുള്ള ഇറാനിലെ ഏറ്റവും ഉന്നത നേതാക്കള്‍, ഖമനേയിക്കൊപ്പം ടെഹ്‌റാന്റെ മധ്യത്തിലുള്ള കെട്ടിടത്തില്‍ കൂടാനുള്ള കാരണം ഇപ്പോഴും വ്യക്‌തമല്ല. പ്രത്യേകിച്ച്, അമേരിക്ക ആ മേഖലയില്‍ സൈനിക ശക്‌തി വര്‍ധിപ്പിച്ച സാഹചര്യത്തില്‍.
ഇസ്രയേലി രഹസ്യാന്വേഷണം ഖമനേയിയുടെ ഏറ്റവും അടുത്ത ഉപദേഷ്‌ടാക്കളായ പ്രതിരോധ മന്ത്രി അസീസ് നാസിര്‍സദേ, സൈനിക കൗണ്‍സില്‍ തലവന്‍ അഡ്‌മിറല്‍ അലി ഷംഖാനി, ഉപ രഹസ്യാന്വേഷണ മന്ത്രി മുഹമ്മദ് ഷിറാസി, ഐ.ആര്‍.ജി.സി. കമാന്‍ഡര്‍ മുഹമ്മദ് പക്‌പൂര്‍, ഐ.ആര്‍.ജി.സി. എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാന്‍ഡര്‍ സയ്യിദ് മജീദ് മൗസവി എന്നിവര്‍ എന്നിവരിലും കേന്ദ്രീകരിച്ചിരുന്നു. അവരും ഖമനേയിക്കൊപ്പം കൊല്ലപ്പെട്ടു. അവരുടെ പിന്‍ഗാമികളായി ആരെത്തുമെന്ന് ഇപ്പോഴും വ്യക്‌തതയില്ല.
ഇസ്രായേല്‍ അതിന്റെ പ്രധാന ശത്രുക്കളെയെല്ലാം ഏതെങ്കിലും തരത്തില്‍ പതിവായി നിരീക്ഷിക്കുന്നുണ്ടെന്ന് ഒരു ഇസ്രയേലി സൈനിക ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. 'ഇതുപോലുള്ള പ്രവര്‍ത്തനം നടത്തുമ്പോള്‍ നിങ്ങള്‍ക്ക് അധിക രഹസ്യാന്വേഷണം ആവശ്യമാണ്, കൂടാതെ നിരവധി ഘടകങ്ങള്‍ ഒരുമിപ്പിക്കുകയും വേണം, ഇത് വളരെ സങ്കീര്‍ണമായേക്കാം'.- അദ്ദേഹം പറഞ്ഞു.
ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇറാനില്‍ വ്യക്‌തമായ സ്വാധീനമുണ്ട്. ഉന്നത സൈനിക നേതാക്കളെയും ആണവ ഉദ്യോഗസ്‌ഥരെയും കൊലപ്പെടുത്തി അവര്‍ സ്വാധീനം വ്യക്‌തമാക്കിയിട്ടുമുണ്ട്. ജൂണില്‍ ഇസ്രയേലും ഇറാനും തമ്മില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിനു ശേഷം, ഇറാന്‍ പരമോന്നത നേതാവിനെ ലക്ഷ്യംവയ്‌ക്കാന്‍ ഒരിക്കലും അവസരം ലഭിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി സമ്മതിച്ചു. പക്ഷേ, ഇത്തവണ സ്‌ഥിതി വ്യത്യസ്‌തമായിരുന്നു.
ക്രിസ്‌മസ് കഴിഞ്ഞ് പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതോടെയാണ് ഇറാന്‍ ആക്രമണത്തിനുള്ള നീക്കം തുടങ്ങിയത്. ഇറാന്റെ ബാലിസ്‌റ്റിക് മിസൈല്‍ പ്രോഗ്രാം സുപ്രധാന ഘട്ടത്തിലാണെന്നും ആണവ പദ്ധതികള്‍ പുനരാരംഭിച്ചതായും അദ്ദേഹം ട്രംപിനു മുന്നറിയിപ്പ് നല്‍കി. കൂടിക്കാഴ്‌ചയില്‍, മിസൈല്‍ സൈറ്റുകള്‍ നീക്കം ചെയ്യുന്നതിനുള്ള ഇസ്രയേലിന്റെ പുതിയ സൈനിക ശ്രമത്തെ ട്രംപ് പിന്തുണച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഇറാനില്‍ വലിയ തെരുവ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു, ഭരണകൂടം ആയിരക്കണക്കിനു പ്രതിഷേധക്കാരെ കൊലപ്പെടുത്തി. ട്രംപ് പ്രതിഷേധക്കാര്‍ക്ക് സഹായം വാഗ്‌ദാനം ചെയ്‌തു. അപ്പോഴേക്കും അമേരിക്കന്‍- ഇസ്രയേലി സംയുക്‌ത പ്രവര്‍ത്തനത്തിനുള്ള പദ്ധതികള്‍ക്ക് ഗതിവേഗം വര്‍ധിച്ചു.
ഈ സമയത്ത്, പദ്ധതിയിട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനും മേഖലയിലെ അമേരിക്കന്‍ ആസ്‌തികള്‍ സംരക്ഷിക്കാനും ആവശ്യമായ സൈനിക വിന്യാസം ഇറാനില്‍ അമേരിക്കയ്‌ക്ക് ഉണ്ടായിരുന്നില്ല.
അടുത്ത ആഴ്‌ചകളില്‍ അവ മേഖലയിലെത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് വിമാനവാഹിനി കപ്പലുകള്‍ നൂറുകണക്കിന് വിമാനങ്ങള്‍, ടാങ്കറുകള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയോടൊപ്പം ഇറാന്‍ ലക്ഷ്യമാക്കി നീങ്ങി.
ഈ സമാഹരണം ലോകത്തിനും ഇറാനും വ്യക്‌തമായി കാണാവുന്നതായിരുന്നു, കൂടാതെ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനിടയില്‍ അതു ഭീഷണിയായി അമേരിക്ക ഉപയോഗിക്കുകയും ചെയ്‌തു.
അതേസമയം, ഇസ്രയേലിയിലെ ഉന്നത സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥരുടെ ഒരു നിര വാഷിങ്‌ടണിലേക്ക് പറന്നു. ഇസ്രയേലി പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്‌റ്റാഫ്, ഇസ്രയേലി സൈനിക രഹസ്യാന്വേഷണ തലവന്‍, ഇസ്രയേലിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജന്‍സിയുടെ ഡയറക്‌ടര്‍ എന്നിവരുടെ സമീപകാല സന്ദര്‍ശനങ്ങള്‍ കേന്ദ്രീകരിച്ചത് ദൗത്യത്തിനായുള്ള ഏകോപനവും തയാറെടുപ്പുകളുമായിരുന്നു. ഫെബ്രുവരി 11 നു വാഷിങ്‌ടണില്‍ ട്രംപും നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയും ഇതിനു സമാനമായിരുന്നു. നേരത്തെ നിശ്‌ചയിച്ചിരുന്നതിനേക്കാള്‍ ഒരാഴ്‌ച മുമ്പായിരുന്നു കൂടിക്കാഴ്‌ച. അത് ആക്രമണം നേരത്തെയാക്കാനുള്ള ഇസ്രയേല്‍ നീക്കത്തിന്റെ ഭാഗമായിരുന്നു.
വിദേശ ഉദ്യോഗസ്‌ഥരുമായുള്ള ട്രംപിന്റെ കൂടിക്കാഴ്‌ചകളില്‍ യു.എസ്. മാധ്യമങ്ങളെങ്കിലും അസ്വാഭാവിക കണ്ടെത്തി. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെയാണു കൂടിക്കാഴ്‌ചകള്‍ നടന്നത്. ഉദ്യോഗസ്‌ഥര്‍ ഇതിനെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള ചര്‍ച്ചയായി വിശദീകരിച്ചു,
ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ വിശ്വസിക്കുന്നില്ലെന്ന് ഈ സയമം നെതന്യാഹു ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, ട്രംപ് പുതിയ യുദ്ധം ഒഴിവാക്കാനുള്ള ഏതൊരു നയതന്ത്ര നീക്കത്തെയും പിന്തുണയ്‌ക്കുമെന്ന നിലപാടിലായിരുന്നു.
അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളില്‍, നടത്തിയ ചര്‍ച്ചകളില്‍ ട്രംപിന്റെ പ്രതിനിധികളായ സ്‌റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌ണര്‍ എന്നിവര്‍ ഇറാന്‍ അവരുടെ ആണവ ലക്ഷ്യങ്ങളില്‍ എന്തെല്ലാം വിട്ടുവീഴ്‌ചകള്‍ ചെയ്യാന്‍ തയാറാണെന്നു കണ്ടെത്താന്‍ ശ്രമിച്ചു. മൂന്ന് റൗണ്ട് നീണ്ട പരോക്ഷ ചര്‍ച്ചകളില്‍ ചില വിട്ടുവീഴ്‌ചകള്‍ക്ക് ഇറാന്‍ തയാറാണെന്നു തോന്നിയെങ്കിലും, അത് ട്രംപിന് മതിയായിരുന്നില്ല.
മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ 'സമാധാനപരമായ ആണവ പരിപാടി' തുടരാനുള്ള അവസരം ഇറാന്‍ നേതാക്കള്‍ക്ക് വാഗ്‌ദാനം ചെയ്‌തിരുന്നു. ഒരു മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്‌ഥന്‍ പറഞ്ഞതനുസരിച്ച്, അമേരിക്ക ഇറാനില്‍ ആണവ ഇന്ധനം നല്‍കുന്ന ഒരു നിര്‍ദേശം ഇറാന്‍ നിരസിച്ചു.
വ്യാഴാഴ്‌ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന അവസാന റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം, വിറ്റ്‌കോഫും കുഷ്‌ണറും ട്രംപിനെ വിളിച്ച് ഇറാന്‍ അവരുടെ ആണവ പരിപാടി പൂര്‍ണമായി നിര്‍ത്തലാക്കാന്‍ തയാറല്ലെന്ന് അറിയിച്ചു. അതോടെ സൈനിക നടപടി ആവശ്യമാണെന്ന തീരുമാനത്തില്‍ ട്രംപ് എത്തിച്ചേര്‍ന്നു.
അടുത്ത ദിവസം എയര്‍ഫോഴ്‌സ് വണ്ണില്‍ ടെക്‌സസിലേക്ക് പറക്കുമ്പോള്‍, ട്രംപ് സെനറ്റര്‍മാരായ ടെഡ് ക്രൂസ്, ജോണ്‍ കോര്‍ണിന്‍ എന്നിവരുള്‍പ്പെടെ നിരവധി റിപ്പബ്ലിക്കന്‍മാരുമായി ഈ തീരുമാനം ചര്‍ച്ച ചെയ്‌തു. അപ്പോഴേക്കും, രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥര്‍ ശനിയാഴ്‌ച രാവിലെ ടെഹ്‌റാനില്‍ നടന്ന കൂടിക്കാഴ്‌ച തിരിച്ചറിഞ്ഞിരുന്നു, ഇത് ഒടുവില്‍ ആക്രമണത്തിന്റെ കേന്ദ്രബിന്ദുവായി.
'അദ്ദേഹം ഞങ്ങളോട് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പറഞ്ഞില്ല, പക്ഷേ അദ്ദേഹം ചോദിച്ചത് ഇറാനെ ഏതെങ്കിലും ആവശ്യമായ നടപടിയിലൂടെ നിര്‍ത്തേണ്ടതുണ്ടോ എന്നതായിരുന്നു, ആ നടപടി അദ്ദേഹം തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടായിരുന്നു'- ആക്രമണം നടന്നതിന് ശേഷം കോര്‍ണിന്‍ ് പറഞ്ഞു.