-->
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി 26 വയസ്സുകാരി കോഴിക്കോട്ടെ ഒരു സ്പായിലേക്ക് എത്തിയത് കേരളത്തിലെ പ്രമുഖ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട തെറാപ്പിസ്റ്റിനെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ടിട്ടാണ്. പരസ്യം കണ്ടപ്പോൾ നമ്പറിലേക്ക് വിളിച്ചു.മുൻ പരിചയം ഇല്ലെങ്കിൽ പ്രശ്നമില്ലെന്ന് കേട്ടപ്പോൾ സന്തോഷമായി. ഉടനെ ചോദിച്ചത് ഫോട്ടോയാണ്.ഫോട്ടോ അയച്ചപ്പോൾ അവളുടെ സൗന്ദര്യം കണ്ട് സംഘം പിന്നീട് തുടരെത്തുടരെ വിളികളായിരുന്നു.
മാന്യമായ ശമ്പളം, എ.സി മുറിയിലെ ജോലി, സുരക്ഷിതമായ അന്തരീക്ഷം,സംതൃപ്തരായ ഉപഭോക്താക്കളിൽ നിന്നുള്ള ടിപ്സും ശമ്പളത്തെക്കാൾ പ്രതീക്ഷിക്കാം എന്ന് പറഞ്ഞപ്പോൾ എണ്ണയും കുഴമ്പും തേച്ച് ശരീരത്തെ പാകപ്പെടുത്തുന്ന ജോലി മാത്രമാണ് അവൾ പ്രതീക്ഷിച്ചത്.
എന്നാൽ ജോലിക്ക് എത്തിയപ്പോൾ ആദ്യം പരിശീലനമായി. എണ്ണയുടെയും കുഴമ്പിന്റെയും മണമില്ലാത്ത അധോലോകത്തെക്കാണ് താൻ എത്തിയതെന്ന് അവൾ അറിയുന്നില്ല.. പെൺകുട്ടികൾ പുരുഷന്മാർക്ക് മസാജ് ചെയ്യണമെന്ന കാര്യം പറഞ്ഞപ്പോൾ തന്നെ അവൾ ഒന്നു ഞെട്ടി. പറ്റില്ലെന്ന് പറഞ്ഞപ്പോൾ നല്ല ടിപ്സ് വാങ്ങിത്തരാമെന്നും,ആരും കാണില്ല നിൻ്റ വീട് അങ്ങ് തിരുവനന്തപുരത്ത് അല്ലേ.ജോലി ചെയ്യാൻ വന്നാൽ പണം ഉണ്ടാക്കണമെന്ന നിർദ്ദേശം നൽകി. ഉടമ സഹപ്രവർത്തകരോട് കാര്യങ്ങൾ പഠിപ്പിക്കാൻ ആവശ്യപ്പെട്ടു.
കാര്യങ്ങൾ കണ്ടപ്പോൾ അവൾ ഞെട്ടി ഈ ചങ്ങലയിൽ നിന്നും എങ്ങനെയെങ്കിലും ചാടി രക്ഷപ്പെടാമെന്ന് കരുതിയപ്പോൾ അതാ മൊബൈലിൽ താൻ മസാജ് ചെയ്യുന്നതിന് ദൃശ്യങ്ങൾ ! സത്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത ദുരവസ്ഥയായിരുന്നു. താൻ വലിയ ശമ്പളം പ്രതീക്ഷിച്ച് ഈ ചതിക്കുഴികളിൽ വന്നു ചാടിയതാണെന്ന് കരുതി അവൾ അവിടെ തുടർന്നു. എന്നാൽ അവിടെ അവരെ കാത്തിരിക്കുന്നത് സങ്കൽപ്പത്തിന് അപ്പുറമുള്ള ക്രൂരതകളാണ്. മസാജിന് വേണ്ടി മാത്രം എത്തുന്ന പെൺകുട്ടികളോട്, 'ക്ലയന്റിനെ തൃപ്തിപ്പെടുത്തണമെന്ന് ഉടമകൾ ആവശ്യപ്പെട്ടപ്പോൾ ആദ്യം വിസമ്മതിച്ചു.
കോഡ് ഭാഷയിൽ ഉള്ള പ്രത്യേക സേവനങ്ങൾ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവരെ മുറിയിൽ പൂട്ടിയിട്ടു', ഭക്ഷണം നൽകാതെ ഗുണ്ടകളുടെ ഭീഷണി പിന്നാലെ വന്നു. "നിന്നെ ഇവിടെ കൊണ്ടുവന്നത് ഇതിനാണ്" എന്ന് പറഞ്ഞ് മാനസികമായി തകർക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചത്.
പല സ്പാകളിലും മസാജ് റൂമുകളിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികൾ വസ്ത്രം മാറുന്നതും ക്ലയന്റുകളുമായി സംസാരിക്കുന്നതും റെക്കോർഡ് ചെയ്ത് സൂക്ഷിക്കും. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് അവരെ ഭീഷണിപ്പെടുത്തും. "ഇത് നിന്റെ വീട്ടുകാർക്ക് അയച്ചു കൊടുക്കും" അല്ലെങ്കിൽ "ഇന്റർനെറ്റിൽ പ്രചരിപ്പിക്കും" എന്ന ഭീഷണിക്ക് മുന്നിൽ പല പാവം പെൺകുട്ടികളും ആയുധം വെച്ച് കീഴടങ്ങുന്നു. ശമ്പളം നൽകാതെ പെൺകുട്ടികളെ പിടിച്ചുനിർത്തുന്നതും മറ്റൊരു രീതിയാണ്. നാട്ടിലേക്ക് പണമയക്കാൻ വഴിയില്ലാതെ ഇവർ ഉടമകളുടെ മുന്നിൽ കരയുമ്പോൾ, "കൂടുതൽ പണം വേണമെങ്കിൽ ക്ലയന്റുകൾ പറയുന്നതുപോലെ ചെയ്യണം" എന്ന ഒത്തുതീർപ്പിലേക്ക് അവരെ നിർബന്ധിച്ച് എത്തിക്കുന്നു.
ജോലിയിലെ മടുപ്പും വേദനയും മാറ്റാനെന്ന വ്യാജേന ഇവർക്ക് വീര്യം കൂടിയ പാനീയങ്ങളും ലഹരി കലർന്ന വസ്തുക്കളും ഉടമകൾ തന്നെ നൽകുന്നു. പെൺകുട്ടികൾ ലഹരിക്ക് അടിമകളായിക്കഴിഞ്ഞാൽ അവരെ എളുപ്പത്തിൽ നിയന്ത്രിക്കാമെന്ന് മാഫിയക്കറിയാം. ലഹരി കിട്ടാൻ വേണ്ടി അവർ പിന്നീട് ഉടമകൾ പറയുന്നത് എന്തും അനുസരിക്കേണ്ടി വരുന്നു. സ്പാ ഉടമകൾ തമ്മിലുള്ള ശത്രുത പലപ്പോഴും തീർക്കുന്നത് അവിടെയുള്ള പെൺകുട്ടികളോടാണ്. കൊച്ചിയിലും, വടകരയിലും സ്പാ സംഭവത്തിൽ കണ്ടതുപോലെ.
കൊച്ചിയും, കോട്ടയവും കേന്ദ്രമായുള്ള ഏജൻസികൾ പെൺകുട്ടികളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നത് 'ഷിഫ്റ്റ്' അടിസ്ഥാനത്തിലാണ് ജോലിയുടെ ഷെഡ്യൂൾ. ഒരു സ്ഥലത്ത് പരാതി ഉയരുമ്പോഴേക്കും അവരെ മറ്റൊരിടത്തേക്ക് മാറ്റും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പെൺകുട്ടികൾക്ക് ഭാഷയോ നാട്ടിലെ നിയമങ്ങളോ അറിയില്ല. ഇവരുടെ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും ഉടമകൾ പിടിച്ചു വെക്കുന്നു. പോലീസിൽ പരാതി നൽകാൻ ചെന്നാൽ പോലും അവിടുത്തെ 'മാസപ്പടി' ഉദ്യോഗസ്ഥർ ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്.
എല്ലാ ജോലികൾക്കും പാകപ്പെടുത്തിയ പെൺകുട്ടികളുടെ മൊത്ത വിതരണക്കാരായി പ്രവർത്തിക്കുന്നത് ചില ഏജൻസികളാണ്. കച്ചവടം വർദ്ധിക്കാൻ ആഴ്ചയിൽ അവിടെയുള്ള തെറാപ്പിസ്റ്റ് മാറണം.പെൺകുട്ടി മാറിയാൽ മാത്രമേ വന്നവർ തന്നെ വീണ്ടും വീണ്ടും വരികയുള്ളൂവെന്ന കാര്യം ഇവർക്ക് നന്നായി അറിയാം.അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു തവണയാണ് ഇവരുടെ സ്ഥലംമാറ്റം.
ഒരു യുവതി ഒരു ജില്ലയിൽ എത്തിക്കഴിഞ്ഞാൽ അവിടെയുള്ള ഏകദേശം സ്പാകലെല്ലാം ഓരോ ആഴ്ച വീതം അല്ലെങ്കിൽ ഏതാനും ദിവസങ്ങൾ ചെലവഴിച്ചു അടുത്ത ജില്ലയിലേക്ക് ചേക്കേറും. ഇത് നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രോസസാണ്. മികച്ച സേവനം നൽകുന്ന നിരവധി ഇടപാടുകാർ ഉണ്ടാകുന്ന ആളുകളെ ഉടമ ഏജൻസിക്ക് അമിത പണം നൽകി അവിടെ തന്നെ നിർത്തുന്ന സംവിധാനവും ഇതിൽ ഉള്ളതായി പറയപ്പെടുന്നു.
പീഡനങ്ങളുടെയും കണ്ണീരിന്റെയും ഈ കഥകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. എന്നാൽ ഈ പെൺകുട്ടികളെ നിശബ്ദരാക്കാൻ മാഫിയാ തലവൻമാർ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം മാരകമായ ലഹരിമരുന്നുകളാണ്. ആയുർവേദത്തിന്റെ മറവിൽ കേരളത്തിന്റെ യുവത്വത്തെ കാർന്നുതിന്നുന്ന 'സിന്തറ്റിക്' ലഹരിയുടെ വിതരണ ശൃംഖല ഈ മസാജ് സെന്ററുകളിൽ നിന്നാണ് പടരുന്നത്.
ഒരു വശത്ത് പാവപ്പെട്ട പെൺകുട്ടികൾ ഇരകളാക്കപ്പെടുമ്പോൾ, മറുവശത്ത് ഈ മാഫിയാ കേന്ദ്രങ്ങൾ എങ്ങനെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും വിതരണക്കാരുടെയും 'സുരക്ഷിത താവളങ്ങളായി' മാറുകയാണ്. കേരളത്തെ ഞെട്ടിക്കുന്ന ഹണി ട്രാപ്പ് സംഘങ്ങളുടെ പ്രവർത്തനങ്ങൾ എങ്ങനെയാണ് ഈ സ്പാകളുമായി ബന്ധപ്പെട്ടു കിടക്കുന്നത്?
ഈ അവിശുദ്ധ ബന്ധങ്ങളുടെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ
നാളെ ഹണി ട്രാപ്പും ലഹരിയുടെ കാണാപ്പുറങ്ങളും