-->
ആയുർവേദമെന്ന പാവനമായ പേരിനെ മറയാക്കി വളരുന്ന ഈ അധോലോക സാമ്രാജ്യത്തിന്റെ വേരുകൾ ചെന്നെത്തുന്നത് ഭരണയന്ത്രത്തിന്റെ ഇടനാഴികളിലേക്കാണ്. സാധാരണക്കാരൻ ഒരു ചെറിയ പെട്ടിക്കട തുടങ്ങണമെങ്കിൽ നൂറുകൂട്ടം ലൈസൻസുകൾ ചോദിക്കുന്ന അധികാരികൾ, ഇത്തരം കേന്ദ്രങ്ങൾക്ക് മുന്നിൽ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണ്?
കേരളത്തിൽ ലൈസൻസുള്ള മസാജ് സെൻററുകളെക്കാൾ ലൈസൻസ് ഇല്ലാത്തവയാണ് കൂടുതൽ.ലൈസൻസ് പരിശോധനകൾ നടത്തി ലൈസൻസ് എടുപ്പിക്കാനുള്ള ശ്രമത്തിനു പകരം അവിടെ നിന്നും മാസപ്പടി വാങ്ങാനാണ് ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നത്.
ഒരു പ്രദേശത്ത് പുതിയൊരു സ്ഥാപനം തുടങ്ങുമ്പോൾ അതിന് പ്രവർത്തനാനുമതി നൽകേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാൽ സ്ഥാപനത്തിന്റെ പ്ലാനും സൗകര്യങ്ങളും രേഖകളിൽ മാത്രം ഒതുങ്ങുന്നു. നേരിട്ടുള്ള പരിശോധനകൾ മിക്കപ്പോഴും പ്രഹസനമായി മാറുന്നു.
കെട്ടിട നികുതിയും ചട്ടലംഘനവും: ചികിത്സാ കേന്ദ്രങ്ങൾ എന്ന പേരിൽ ലൈസൻസ് എടുക്കുകയും എന്നാൽ റിസോർട്ട് മാതൃകയിലുള്ള സുഖവാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയും ചെയ്യുമ്പോഴും അധികൃതർ ഇത് കാണാതിരിക്കുന്നു.
തദ്ദേശ ഭരണ സമിതികളിലെ ചിലർ ഇത്തരം കേന്ദ്രങ്ങളുടെ 'അദൃശ്യ പങ്കാളികളോ' സംരക്ഷകരോ ആകുന്നതാണ് ഏറ്റവും വലിയ തിരിച്ചടി.മറ്റുള്ള ബിസിനസിനെക്കാൾ ലാഭം ലഭിക്കുന്ന ആയുർവേദ കച്ചവടത്തിനു പിന്നിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തന്നെ പിന്തുണയുമായും രഹസ്യ പാർട്ടണർമാരായി പ്രവർത്തിക്കുന്നതും ഈ മാഫിയക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പോലീസിന്റെ 'നിഷ്പക്ഷത' കാര്യത്തിൽ വലിയ വെല്ലുവിളിയാണ്.
നിയമം നടപ്പിലാക്കേണ്ട പോലീസ് പലപ്പോഴും ഈ മാഫിയയുടെ സുരക്ഷാ കവചമായി മാറുന്നുവെന്നതാണ് ഞെട്ടിക്കുന്ന സത്യം.
സംസ്ഥാനതലത്തിൽ പ്രത്യേക പേരിൽ എല്ലാ ഇടങ്ങളിലും ഒരു റെയ്ഡിന് പോലീസ് ഒരുങ്ങുമ്പോഴേക്കും അതിന്റെ വിവരം ഈ കേന്ദ്രങ്ങളിൽ എത്തുന്നു. റെയ്ഡ് നടക്കുമ്പോൾ അവിടെ എല്ലാം 'നിയമവിധേയം' മാത്രമായി മാറുന്ന കാഴ്ചയാണ് പല നഗരങ്ങളിലും കണ്ടത്.
മസാജ് സെൻററുകൾ അനാശാസ്യ കേന്ദ്രമായി മാറുമ്പോൾ അതിനെതിരെ നടപടിയെടുക്കാൻ പോലീസിന് കഴിയുമെങ്കിലും പലപ്പോഴും പോലീസിക്കാര്യത്തിൽ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.ഓരോ മാസവും ഇതിന് സംരക്ഷണം നൽകുന്ന പോലീസ് ഓഫീസർമാരുടെ വീട്ടിലേക്ക് ആയിരങ്ങളും പതിനായിരങ്ങളും എത്തിക്കുന്ന കാര്യം നടത്തിപ്പുകാർ തന്നെ പറയുന്നു .
അതിന്റെ ഏറ്റവും വലിയ സൂചനയാണ് തിരുവല്ല സംഭവത്തിൽ കണ്ടത്. സ്പാ ഉടമകളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നുണ്ടെന്ന ആരോപണം സംബന്ധിച്ച് പ്രത്യേക അന്വേഷണം (SIT) നടക്കുകയാണ്.
മസാജിന്റെ കാര്യങ്ങൾ കഴിഞ്ഞാൽ എക്സ്ട്രാ ആക്ടിവിറ്റി യിലേക്ക് നീങ്ങുമ്പോൾ പലരും ചോദിക്കാറുണ്ട് " പോലീസ് മറ്റോ വരുമോയെന്ന് "
ഇല്ല ഞങ്ങൾ എല്ലാ മാസവും ഒരു തുക സ്റ്റേഷനിലേക്ക് എത്തിക്കുന്നത് കൊണ്ട് അക്കാര്യത്തിൽ നിങ്ങൾക്ക് പേടി വേണ്ട എന്ന മറുപടിയാണ് അവിടെ നിന്ന് ലഭിക്കുക. ഇതുതന്നെയാണ് പോലീസും ഇത്തരം മാഫിയയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ ഉദാഹരണം.
പരിസരവാസികൾ പരാതിയുമായി ചെല്ലുമ്പോൾ, "അവർക്ക് ലൈസൻസ് ഉണ്ടല്ലോ" എന്ന് പറഞ്ഞ് പോലീസ് കയ്യൊഴിയുന്നത് പലസ്ഥലങ്ങളിലും കണ്ടതാണ് അതിൻ്റെ പിന്നിലെ ഒളിഞ്ഞു നിൽക്കുന്ന വസ്തുത മാസപ്പടി തന്നെയാണ് '
കൃത്യമായ ഇടവേളകളിൽ പോലീസിലെ ചില ഉന്നതർക്കും താഴെത്തട്ടിലുള്ളവർക്കും എത്തുന്ന 'വിഹിതം' അന്വേഷണങ്ങളുടെ മുനയൊടിക്കുക തന്നെയാണ് ചെയ്യുന്നത്.
ഇതൊരു വലിയ ശൃംഖലയാണ്. പണം വാരിയെറിയാൻ മാഫിയ തയ്യാറാണ്. ആ പണം എത്തുമ്പോൾ ഭരണകൂടത്തിന്റെ കണ്ണുകൾക്ക് ഇരുട്ടു കയറുന്നു. ബിനാമി പേരുകളിൽ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, ഇടനിലക്കാർ എന്നിവരാണ് ഇതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ.
ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക് ആയുർവേദത്തിന്റെ പേരിൽ വരുന്ന വിദേശികളെയും വിനോദസഞ്ചാരികളെയും മറയാക്കി പെൺവാണിഭവും ലഹരി ഇടപാടുകളും നടക്കുന്ന കാര്യങ്ങൾ പലപ്പോഴും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകളാണ്.എന്നാൽ ഇതിലെയെല്ലാം തുടർ അന്വേഷണം പലപ്പോഴും വഴിമുട്ടുകയാണ്.
കൊച്ചിയിൽ എത്തിയ ഒരു വനിത ഐ പി എസ്കാരി ചോരത്തിളപ്പിന്റെ പേരിൽ ഇത്തരത്തിലുള്ള മസാജ് സെൻററുകളും അനാശാസ്യ കേന്ദ്രങ്ങളും പരിശോധനയ്ക്ക് ഉത്തരവിട്ടപ്പോൾ രണ്ടാം നാൾ അവരുടെ കസേര തെറിച്ച സംഭവം കേരളത്തിൽ കണ്ടതാണ്.
ആലപ്പുഴയിലും,കുട്ടനാട്ടിലും ക്രോസ് മസാജ് എന്ന പേരിൽ ബോട്ടുകളിൽ പോലും കച്ചവടം നടക്കുന്നു.ബോട്ടുകളിൽ പരിശോധന സാധ്യതകൾ കുറഞ്ഞതിനാൽ ഇടപാടുകാർക്ക് ധൈര്യം വർദ്ധിപ്പിക്കുകയാണ്.ഇതെല്ലാം അറിയുന്ന തീരദേശ പോലീസും ഇക്കാര്യത്തിൽ മൗനം പാലിക്കുമ്പോൾ വാണിഭക്കാർക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറുകയാണ്.
മസാജ് സെൻററുകളുടെ തുടക്കം കർണാടകയിൽ ആയിരുന്നു.എന്നാൽ മംഗലാപുരം മേയർ കവിത ഇവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കി മുഴുവൻ സെന്ററുകളും പൂട്ടാൻ ഉത്തരവിട്ടു.മൂന്നാം നാൾ ഹൈക്കോടതിയിൽ നിന്നും തുറക്കാനുള്ള അനുമതിയുമായി മാഫിയ സംഘം എത്തിയപ്പോൾ തളർന്നുപോയത് ഇതിനെതിരെ പോരാടിയ ഒരു വനിതയായിരുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള അനീതിക്കെതിരെ പ്രതികരിക്കാൻ ആരും രംഗത്തിറങ്ങാത്തതിന്റെ കാരണം ഈ മാഫിയ ബന്ധം അറിയുന്നതുകൊണ്ടുതന്നെയാണ്.
കാസർകോട് നഗര ഹൃദയത്തിൽ ആരംഭിച്ച മസാജ് സെൻററിൽ സ്കൂൾ കുട്ടികൾ പോലും എത്തുന്നുണ്ടെന്ന് പത്രവാർത്തയുടെ പേരിൽ ഡി.വൈ.എസ്.പിയും സി.ഐയുമെല്ലാം പരിശോധനയ്ക്ക എത്തി. എന്നാൽ ആരുടെയും പരാതിയില്ലാത്തതിനാൽ ഇവിടെ സ്കൂൾ കുട്ടികളെ പോലും തെറ്റായ വഴിയിലേക്ക് നയിക്കുന്ന ജീവനക്കാർക്ക് എതിരെ നടപടിയെടുക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് അവർ പറയുന്നു.അവിടെയുള്ള വനിതാ ജീവനക്കാർക്ക് എതിരെ നടപടിയെടുത്താൽ കുടുങ്ങുന്നത് ഞങ്ങൾ ആയിരിക്കുമെന്ന അഭിപ്രായമാണ് ഡിവൈഎസ്പി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്..
രാഷ്ട്രീയക്കാർക്കും ഉന്നതർക്കും സ്പാ തുടങ്ങുന്നതിന് മൊത്തം സേവനങ്ങൾ നൽകുന്ന ഏജൻസി കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്.അവരുടെ പേരിൽ തന്നെ ലൈസൻസ് എടുത്തു അവർ തന്നെ സുന്ദരികളെ ഇറക്കി എന്തു പ്രശ്നം വന്നാലും അവർ തന്നെ നേരിടുന്ന ഒരു ചങ്ങലയാണ് ഇത്.
പിടിക്കപ്പെട്ടാലും ഒരു ഉളുപ്പില്ലാത്ത ആളുകളാണ് ഈ ഗ്രൂപ്പിലുള്ളത്.പത്രത്തിൽ ഫോട്ടോ വന്നാലും ചാനലിൽ ചിത്രം വന്നാലും അവർക്ക് അതൊന്നും ഒരു വിഷയമേ അല്ല.തന്റെ പേരുള്ള ലൈസൻസിന് മാസത്തിൽ നിശ്ചിത തുക അക്കൗണ്ടിൽ എത്തിയിരിക്കണം.അല്ലെങ്കിൽ കളി മാറും.
കോട്ടയം സ്വദേശിയായ ഒരാൾക്ക് ഇത്തരത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ 34 സ്പാകളുടെ ലൈസൻസുകൾ വിവിധ നഗരസഭകളിലും കോർപ്പറേഷനുമായി ഉള്ളതായിട്ടാണ് വിവരം.
നിയമത്തിന്റെ കാവലാളാകേണ്ടവരും ജനപ്രതിനിധികളും തന്നെ ഈ ചതിക്കുഴിയുടെ കാവൽക്കാരാകുമ്പോൾ നീതി പ്രതീക്ഷിക്കുന്നത് എവിടെ നിന്നാണ്? ഒരൊറ്റ വ്യക്തിയുടെ പേരിൽ എണ്ണമില്ലാത്ത ലൈസൻസുകൾ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്നുവെന്നത് ഈ ശൃംഖലയുടെ വ്യാപ്തി വിളിച്ചോതുന്നു. പിടിക്കപ്പെട്ടാലും ലജ്ജയില്ലാതെ വീണ്ടും ഇതേ തൊഴിലിലേക്ക് മടങ്ങിവരുന്നവർക്ക് പിന്നിൽ അധികാരത്തിന്റെ വലിയൊരു മറയുണ്ട്.
എന്നാൽ ഈ മാഫിയാ കേന്ദ്രങ്ങളിൽ വെളിച്ചം കെട്ടുപോകുന്നത് അവിടെ ജോലിക്ക് എത്തുന്ന പാവപ്പെട്ട പെൺകുട്ടികളുടെയും, തെറ്റായ വഴിയിലേക്ക് നയിക്കപ്പെടുന്ന പുതുതലമുറയുടെയും ജീവിതങ്ങളാണ്. ഈ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ നേരിടുന്ന ചൂഷണങ്ങൾ നിരവധിയാണ് .
നാളെ അതേക്കുറിച്ച് തകരുന്ന ജീവിതങ്ങളും ആയുർവേദത്തിന്റെ കണ്ണുനീരും