-->
2011 ഡിസംബറിലെ ഒരു ദിവസം, ദക്ഷിണ അഫ്‌ഗാനിസ്‌ഥാന് മുകളിലൂടെ അമേരിക്കയുടെ ആര്‍ക്യൂ-170 സെന്റൈനല്‍ നിശബ്‌ദമായി പറന്നു. അന്ന് അഫ്‌ഗാനിസ്‌ഥാനില്‍ ഹമീദ് കര്‍സായിയുടെ ഭരണമായിരുന്നു. യു.എസിന്റെ അടുത്ത സുഹൃത്തായിരുന്നു കര്‍സായി. ആ ഡ്രോണിന്റെ യാത്രയ്‌ക്കിടെ അമേരിക്കയില്‍നിന്ന് ഒരു നിര്‍ദേശമെത്തി. അല്‍പംകൂടി മൂന്നോട്ട് സഞ്ചരിക്കൂ...
അഫ്‌ഗാനിലെ താവളത്തിലേക്കു മടങ്ങുന്നതിനു പകരം ആര്‍ക്യൂ-170 ഇറാനില്‍ പ്രവേശിച്ചു. ഇരുട്ടില്‍ അത് ഏറെക്കുറെ അദൃശ്യമായിരുന്നു. അതിന്റെ ചിറകുകള്‍ രാത്രിയില്‍ ലയിച്ചു, എന്‍ജിനുകള്‍ നിശബ്‌ദമായിരുന്നു. അതിന്റെ സെന്‍സറുകള്‍ ഇറാന്‍ ഭൂപ്രദേശം നിശബ്‌ദമായി സ്‌കാന്‍ ചെയ്‌തുകൊണ്ടിരുന്നു. ആ നീക്കം ഇറാന്‍ അറിഞ്ഞതേയില്ല;അല്ല, അമേരിക്ക അങ്ങനെ വിശ്വസിച്ചു. പക്ഷേ, ഒരു ചെറിയ പിഴവ്...
അമേരിക്കയുടെ സ്‌റ്റെല്‍ത്ത് നിരീക്ഷണ ഡ്രോണുകളിലൊന്നാണു ആര്‍ക്യൂ-170. അമേരിക്കന്‍ ഓപ്പറേറ്റര്‍മാര്‍ കാണ്ഡഹാര്‍ എയര്‍ഫീല്‍ഡ് കേന്ദ്രീകരിച്ചാണ് അതു പ്രവര്‍ത്തിപ്പിച്ചത്. അമേരിക്കന്‍ ഭീകരാക്രമണത്തിനു ശേഷമുള്ള കാലഘട്ടത്തിലെ രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്കായി അവ പല തവണ കാണ്ഡഹാറില്‍നിന്നു പറന്നുയര്‍ന്നിട്ടുണ്ട്. യു.എസ്. സൈനിക വൃത്തങ്ങളില്‍ അതിന് 'ബീസ്‌റ്റ് ഓഫ് കാണ്ഡഹാര്‍'(കാണ്ഡഹാര്‍ രാക്ഷസന്‍) വിളിപ്പേരുണ്ടായിരുന്നു. അന്ന് ആ പൈലറ്റില്ലാ വിമാനം ചെലവേറിയതായിരുന്നു.
ലോക്ക്‌ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ.) പ്രവര്‍ത്തിപ്പിച്ചു ആ ഡ്രോണ്‍ വലിയ ആയുധമായി വളരുകയായിരുന്നു.
ശത്രുവിന്റെ വ്യോമാതിര്‍ത്തികളിലേക്ക് രഹസ്യമായി പ്രവേശിക്കാനും ചിത്രങ്ങളും സിഗ്നല്‍ ഇന്റലിജന്‍സും ശേഖരിക്കാനും രൂപകല്‍പ്പന ചെയ്‌തതായിരുന്നു 'കാണ്ഡഹാര്‍ രാക്ഷസന്‍'. എന്നാല്‍ 2011 ഡിസംബറിലെ സെന്റൈനല്‍ ദൗത്യം ഇറാനില്‍ അവസാനിച്ചു. ഡ്രോണ്‍ ഇറാനില്‍ 'ഇറങ്ങി', കാരണം ഇന്നും അജ്‌ഞാതം. പക്ഷേ, അതൊരു മാറ്റമായിരുന്നു.
അതോടെ ലോകമെമ്പാടുമുള്ള ഡ്രോണ്‍ യുദ്ധത്തെ നിര്‍വചിക്കുന്ന റിവേഴ്‌സ് എന്‍ജിനീയറിങ്ങിന്റെയും സാങ്കേതിക പകര്‍പ്പുകളുടെയും കാലത്തിനു തുടക്കമായി.
ഇറാനില്‍ ഇറങ്ങിയ ഡ്രോണ്‍
2011 ഡിസംബര്‍ 4 ന് ഇറാന്റെ പ്രഖ്യാപനമെത്തി, തങ്ങളുടെ സായുധ സേന രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒരു സ്‌റ്റെല്‍ത്ത് നിരീക്ഷണ ഡ്രോണ്‍ പിടിച്ചെടുത്തു... അഫ്‌ഗാന്‍ അതിര്‍ത്തി കടന്ന് 225 കിലോമീറ്റര്‍ പിന്നിട്ട ശേഷം കാഷ്‌മറിന് സമീപമാണ് അതു 'പതിച്ചത്'. ഇറാന്റെ പ്രഖ്യാപനങ്ങളെ അമേരിക്ക തള്ളി. പിന്നീട് ഇറാന്‍ അതിര്‍ത്തിക്കു സമീപം ഒരു നിരീക്ഷണ വിമാനം നഷ്‌ടപ്പെട്ടതായി അവര്‍ സമ്മതിച്ചു.
ഡ്രോണിന്റെ നാവിഗേഷന്‍ സിഗ്നലുകളില്‍ ഇടപെടുന്ന ഒരു ഇലക്‌ട്രോണിക് യുദ്ധ സംവിധാനം ഉപയോഗിച്ചാണു ഡ്രോണ്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍ അവകാശപ്പെട്ടു. ആ വാദവും പെന്റഗണ്‍ തള്ളി. 'ഒരു പക്ഷേ, ഡ്രോണിനു സാങ്കേതിക തകരാര്‍ സംഭവിച്ചതാകാം. അതിന്റെ ഓപ്പറേറ്റര്‍മാരുമായുള്ള സാറ്റലൈറ്റ് ആശയവിനിമയ ലിങ്ക് നഷ്‌ടപ്പെട്ടതുകാരണം ഡ്രോണ്‍ വഴി തെറ്റി പറന്നതാകാം'- അമേരിക്ക ലോകത്തോട് പറഞ്ഞു. ആ വീഴ്‌ചയ്‌ക്കിടെ ആര്‍ക്യൂ-170 തകര്‍ന്നിട്ടുണ്ടാകും, യു.എസ്. ഉദ്യോഗസ്‌ഥര്‍ സ്വയം ആശ്വസിപ്പിച്ചു. ഡ്രോണിന്റെ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തെന്നും അതിനെ കേടുപാടില്ലാതെ ഇറക്കാന്‍ കഴിഞ്ഞെന്നും ഇറാന്‍ അവകാശപ്പെട്ടു.
ലാദനെ പിടിച്ച ഡ്രോണ്‍
യഥാര്‍ത്ഥത്തില്‍ ഒരു ആര്‍ക്യൂ-170 ഇറാന് അസാധാരണമായ ഒരു രഹസ്യാന്വേഷണ നേട്ടമായിരുന്നു. അമേരിക്കന്‍ ആയുധശേഖരത്തിലെ ഏറ്റവും നൂതനമായ ഡ്രോണുകളില്‍ ഒന്നായിരുന്നു സെന്റൈനല്‍. 2007 ല്‍ പുറത്തിറങ്ങിയ ഇത് അതേ വര്‍ഷം അഫ്‌ഗാനിസ്‌ഥാനിലും 2009 ല്‍ ദക്ഷിണ കൊറിയയിലും വിന്യസിക്കപ്പെട്ടു.
ഡ്രോണിന്റെ രൂപകല്‍പ്പനയില്‍ പ്രത്യേകതകള്‍ ഏറെയുണ്ടായിരുന്നു. റഡാര്‍ കണ്ണില്‍പ്പെടുന്നത് ഒഴിവാക്കാനുള്ള മിടുക്കായിരുന്നു പ്രധാനം. വവ്ാല്‍ ചിറകുള്ള രൂപം ബി2 ബോംബറിനെ ഓര്‍മിപ്പിച്ചു. അതിന്റെ ബാഹ്യ കോട്ടിങ്ങുകള്‍ റഡാര്‍ സിഗ്നലുകള്‍ ആഗിരണം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്‌തതായിരുന്നു. ചിത്രങ്ങളും റേഡിയോ ആശയവിനിമയങ്ങളും തടയാന്‍ ശേഷിയുള്ള നൂതന നിരീക്ഷണ സെന്‍സറുകള്‍ അതിലുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടുകളിലെ പ്രധാനപ്പെട്ട രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളില്‍ ആ ഡ്രോണ്‍ ഉണ്ടായിരുന്നു.
ആര്‍ക്യൂ-170 അതിര്‍ത്തി കടക്കുന്നത് ആദ്യമായിട്ടല്ലായിരുന്നു. ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയ റെയിഡിന് മാസങ്ങള്‍ക്ക് മുമ്പ് പാകിസ്‌താനിലെ അബോട്ട്‌ബാദിലൂടെ അത് പറന്നു, ആരും അറിഞ്ഞില്ല. ലാദനെ ആക്രമിച്ച രാത്രിയിലും സ്‌റ്റെല്‍ത്ത് ഡ്രോണുകള്‍ അബോട്ട്‌ബാദിന്റെ മുകളിലൂടെ പറന്നു. അത് നല്‍കിയ വീഡിയോ ചിത്രങ്ങള്‍ അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ടീമും തല്‍സമയം കണ്ടുകൊണ്ടിരുന്നു.
ഇറാനു ലഭിച്ച സമ്മാനം
ഇറാനെ സംബന്ധിച്ചിടത്തോളം, അത്യാധുനിക ഡ്രോണ്‍ കേടുകൂടാതെ സ്വന്തമാക്കുന്നത് വലിയ നേട്ടമായിരുന്നു. ശരിക്കും അമേരിക്കന്‍ സ്‌റ്റെല്‍ത്ത് സാങ്കേതികവിദ്യയിലേക്ക് നുഴഞ്ഞുകയറാനുള്ള അവസരം!
വാഷിങ്‌ടണിലെ ചില ഉദ്യോഗസ്‌ഥര്‍ അക്കാലത്ത് ആ സാധ്യത രഹസ്യമായി സമ്മതിച്ചു. ഇറാന്‍ എന്‍ജിനീയര്‍മാര്‍ക്ക് ഡ്രോണിന്റെ കോട്ടിങ്ങുകള്‍, ഇലക്‌ട്രോണിക്‌സ്, റഡാര്‍ സിഗ്നേച്ചര്‍ എന്നിവ പരിശോധിക്കാന്‍ കഴിഞ്ഞാല്‍, സ്‌റ്റെല്‍ത്ത് വിമാനങ്ങളെ എങ്ങനെ കണ്ടെത്താം അല്ലെങ്കില്‍ പ്രതിരോധിക്കാം എന്ന് പഠിക്കാനാകും.
എഫ്35 ഫൈറ്റര്‍ ജെറ്റ്, പെന്റഗണ്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ആയുധ പ്രോഗ്രാമുകളിലൊന്ന് ഉള്‍പ്പെടെയുള്ള പ്രധാന അമേരിക്കന്‍ പ്രതിരോധ പ്രോഗ്രാമുകളിലും സമാനമായ സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരുന്നത്. അത് ഇറാന്റെ പക്കലെത്താന്‍ പാടില്ല!
അമേരിക്ക അഭ്യര്‍ത്ഥിച്ചു,
ഇറാന്‍ നിരസിച്ചു
ഡ്രോണ്‍ പിടിച്ചെടുത്തതായി ഇറാന്‍ പ്രഖ്യാപിച്ച ഉടന്‍ തന്നെ, അമേരിക്ക അത് തിരികെ ആവശ്യപ്പെട്ടു. ഇറാന്‍ സൈനിക ഉദ്യോഗസ്‌ഥര്‍ വിമാനം തിരികെ നല്‍കില്ലെന്ന് പ്രഖ്യാപിച്ചു. പകരം, ഡ്രോണിന്റെ ഓണ്‍ബോര്‍ഡ് ക്യാമറകളില്‍നിന്ന് എടുത്തതായി അവകാശപ്പെട്ട ചിത്രങ്ങള്‍ ഇറാന്‍ ടിവി സംപ്രേക്ഷണം ചെയ്‌തു.
ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ കറുപ്പും വെളുപ്പുമുള്ള ഏരിയല്‍ വീഡിയോകള്‍ സംപ്രേക്ഷണം ചെയ്‌തു. ഡ്രോണ്‍ പിടിച്ചെടുക്കുന്നതിന് മുമ്പ് അത് റെക്കോഡ് ചെയ്‌ത ചിത്രങ്ങള്‍ കാണിക്കുന്നു എന്ന് അവര്‍ അവകാശപ്പെട്ടു. യൂട്യൂബിലും വീഡിയോ അപ്‌ലോഡ് ചെയ്‌തു. ഒടുവില്‍ പ്രസിഡന്റ് ബരാക് ഒബാമ ഇടപെട്ടു.
മിന്നലാക്രമണങ്ങള്‍ക്കായുള്ള ഡ്രോണ്‍
ഡ്രോണ്‍ പദ്ധതിയുടെ ബുദ്ധി കേന്ദ്രം ജോണ്‍ ബ്രണ്ണന്‍ ആയിരുന്നു. അദ്ദേഹം അന്നു വൈറ്റ് ഹൗസിന്റെ ഭീകര വിരുദ്ധ ഉപദേഷ്‌ടാവായിരുന്നു. (പിന്നീട് സി.ഐ.എയുടെ തലവനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു). പാകിസ്‌താന്‍, യെമന്‍, മറ്റ് പ്രദേശങ്ങളില്‍ മിന്നലാക്രമണങ്ങള്‍ നടത്തിയ ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ ബ്രണ്ണന്‍ സഹായിച്ചു.
എങ്കിലും ഇറാന്റെ വെളിപ്പെടുത്തല്‍ യു.എസില്‍ ചര്‍ച്ചയായി. യു.എസ്. സെനറ്റില്‍ വലിയ സംവാദം നടന്നു. ഡ്രോണുകള്‍ക്കായി നിയമചട്ടക്കൂട് വേണമെന്നും വാദമുയര്‍ന്നു. സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി ഡ്രോണുകള്‍ക്കായി ചട്ടക്കൂട് ഉണ്ടാക്കാനും ശ്രമിച്ചു.
ഇറാന്റെ റിവേഴ്‌സ് എന്‍ജിനീയറിങ്
സംഭവത്തിന് ശേഷം ഇറാന്‍ ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്ത വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അതിന്റെ സാങ്കേതിക രഹസ്യം കണ്ടെത്താനുള്ള പദ്ധതി അവര്‍ പ്രഖ്യാപിച്ചു.
വിമാനത്തിന്റെ രൂപകല്‍പ്പന വിശകലനം ചെയ്യുമെന്നും ഒടുവില്‍ അതിന്റെ പതിപ്പുകള്‍ നിര്‍മിക്കുമെന്നും ഇറാന്‍ പറഞ്ഞു. കാലക്രമേണ, ഇറാനിയന്‍ മാധ്യമങ്ങള്‍ സെന്റൈനലില്‍നിന്ന് ഉരുത്തിരിഞ്ഞതായി പറയപ്പെടുന്ന നിരവധി ഡ്രോണുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു.
അവയില്‍ ഷഹേദ്171 സിമോര്‍ഗ്, സയെഹ് എന്നിവ ഉള്‍പ്പെടുന്നു, ഇവ രണ്ടും ആര്‍ക്യൂ-170 ന്റെ രൂപത്തോട് സാമ്യമുള്ള ഡ്രോണുകളാണ്.
ഷഹേദ്171 ഡ്രോണ്‍ ആണെന്നും അത് ആര്‍ക്യൂ-170 ന്റെ രൂപത്തോട് സാമ്യമുള്ളതാണെന്നും ഇറാന്‍ ഉദ്യോഗസ്‌ഥര്‍ പിന്നീട് പറഞ്ഞു.
അക്കാലത്ത് വിപ്ലവ ഗാര്‍ഡ്‌സ് ഏറോസ്‌പേസ് ഡിവിഷന്റെ തലവനായിരുന്ന അമീര്‍ അലി ഹാജിസാദേ. ദീര്‍ഘദൂര ഡ്രോണിന് കൃത്യതയോടെ ബോംബുകള്‍ ഉപയോഗിച്ച് നാല് ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുമെന്ന് പറഞ്ഞു.
ഉപരോധം മറികടക്കാന്‍ ഡ്രോണ്‍
പതിറ്റാണ്ടുകളായി ഇറാന്‍ രാജ്യാന്തര ഉപരോധങ്ങള്‍ക്കും ആയുധ നിരോധനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്, ഇത് നൂതന ഘടകങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി. അവര്‍ക്കാണ് യു.എസിന്റെ മികച്ച ഡ്രോണ്‍ ലഭിച്ചത്. സെന്റൈനല്‍ സംഭവം, ഇറാന്റെ ഗവേഷണങ്ങള്‍ വേഗത്തിലാക്കി.
ഇറാന്റെ ഡ്രോണ്‍ പദ്ധതികള്‍
1980 കളില്‍, ഇറാന്‍- ഇറാഖ് യുദ്ധകാലത്താണ് ഇറാന്‍ ആയുധ ഗവേഷണം വേഗത്തിലാക്കിയത്. തുടക്കത്തില്‍ ലളിതമായ നിരീക്ഷണ ഡ്രോണുകളില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
അവരുടെ ഏറ്റവും ശ്രദ്ധേയമായ സംവിധാനങ്ങളിലൊന്നാണ് ഷഹേദ്129, ഇസ്രയേലി ഹെര്‍മിസ് 450 ല്‍ ഭാഗികമായി അടിസ്‌ഥാനമാക്കിയുള്ളതാണെന്ന് കരുതപ്പെടുന്ന ഒരു എംഎഎല്‍ഇ സായുധ ഡ്രോണ്‍.
2012 ല്‍ പുറത്തിറങ്ങിയ ആ വിമാനം 2013 ല്‍ വലിയ തോതിലുള്ള ഉത്‌പാദനത്തില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) 40 ഡ്രോണുകള്‍ ഓര്‍ഡര്‍ ചെയ്‌തു.
ഷഹേദിന്റെ ഉയര്‍ച്ച
ഇന്ന് ഇറാനിലെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ഡ്രോണുകളില്‍ ഒന്നാണ് ഷഹേദ്-136. അതിന്റെ രൂപകല്‍പ്പന ലക്ഷ്യത്തിലേക്ക് ഇടിച്ചു കയറാന്‍ തയാറാക്കിയതാണ്. യു.എസിനും സഖ്യകക്ഷികള്‍ക്കും അതു നാശം വിതയ്‌ക്കുന്നുമുണ്ട്‌്
വലിയ നിരീക്ഷണ ഡ്രോണുകളില്‍നിന്ന് വ്യത്യസ്‌തമായി, ഈ സംവിധാനങ്ങള്‍ താരതമ്യേന ലളിതവും ചെലവ് കുറഞ്ഞതുമാണ്. ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ ഗള്‍ഫിലും യുൈക്രന്‍ യുദ്ധത്തില്‍ റഷ്യയും അവ ഉപയോഗിച്ചു.
കുറഞ്ഞ ചെലവാണ് അവയുടെ പ്രധാന ആകര്‍ഷണം. എംക്യൂ9 റീപ്പര്‍ പോലുള്ള നൂതന ഡ്രോണുകള്‍ക്ക് ഏകദേശം 1.6 കോടി ഡോളര്‍ വില വരും. ഇറാന്‍ ഡ്രോണുകള്‍ക്ക് അവയുടെ പാതിപോലും ചെലവ് വരില്ല. ഷഹേദ്-136 രൂപകല്‍പ്പന വ്യാപകമായി പകര്‍ത്തിയിട്ടുണ്ട്.
പെന്റഗണും പകര്‍ത്തി
ഇറാനിയന്‍ ഷഹേദ്-136 ല്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പുതിയ ഡ്രോണ്‍ യു.എസും ഉണ്ടാക്കി. ലോകോസ്‌റ്റ് അണ്‍കാംഡ് കംബാറ്റ് അറ്റാക്ക് സിസ്‌റ്റം (എല്‍.യു.സി.എ.എസ്.) ഷഹേദ്-136 നോട് സാമ്യമുള്ളതാണ്.
അക്കാര്യം യു.എസ്. സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്. 'ഇതൊരു യഥാര്‍ത്ഥ ഇറാന്‍ ഡ്രോണ്‍ ഡിസൈന്‍ ആണ്. ഞങ്ങള്‍ അത് പിടിച്ചെടുത്തു, അതിന്റെ ഉള്‍വശം പുറത്തെടുത്തു. സാങ്കേതികവിദ്യ പഠിച്ചു. എന്നിട്ട് ഞങ്ങള്‍ ആ മാതൃക ഉപയോഗിച്ച് ഇറാനെ ആക്രമിക്കുന്നു'- യു.എസ്. കമാന്‍ഡറായ അഡ്‌മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.
അരിസോണ ആസ്‌ഥാനമായുള്ള സ്‌പെക്‌ട്രെവര്‍ക്ക്‌സ് എന്ന കമ്പനിയാണ് ഇറാന്‍ ഡ്രോണിന്റെ യു.എസ്. പതിപ്പ് യാഥാര്‍ഥ്യമാക്കിയത്. ഓരോ യൂണിറ്റിനും ചെലവ് ഏകദേശം 35,000 ഡോളര്‍ മാത്രം.
2011 ല്‍ അമേരിക്കയ്‌ക്ക് ഇറാനില്‍ നഷ്‌ടപ്പെട്ട ഒരു സ്‌റ്റെല്‍ത്ത് ഡ്രോണിലാണ് ചെലവ് കുറഞ്ഞ ഡ്രോണുകളുടെ പരമ്പരയ്‌ക്കു തുടക്കമായത്. ആ ഒറ്റ സംഭവത്തില്‍നിന്ന് ഡ്രോണ്‍ പകര്‍പ്പുകളുടെ ഒരു പ്രവാഹം തുടങ്ങി.