-->
തനതായ ഭൂപ്രകൃതിയും കാര്‍ഷിക പൈതൃകവും കൊണ്ട് ലോകശ്രദ്ധ നേടിയ മൂന്ന് ജില്ലകളുടെ ഭാഗമായ കുട്ടനാടിന്റെ വീണ്ടെടുപ്പിന് 2007ല്‍ എം.എസ്. സ്വാമിനാഥന്‍ രൂപം നല്‍കിയ 1840 കോടി രൂപയുടെ ശിപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന കുട്ടനാട് പാക്കേജിന് 1013.35 കോടി രൂപ ചെലവഴിച്ചെങ്കിലും ലക്ഷ്യം കാണാതെ 2016ന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു. പാക്കേജ് നടത്തിപ്പിലുണ്ടായ അപാകതകള്‍ പരിഹരിച്ച് രണ്ടാം പാക്കേജ് നടപ്പാക്കി കുട്ടനാടിനെ വീണ്ടെടുക്കുമെന്ന് 2016ല്‍ അധികാരത്തില്‍ വന്നയുടന്‍ പിണറായി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
വീണ്ടും ഒരു തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രി കുട്ടനാട്ടിലെത്തി പുനര്‍നിര്‍മിച്ച എ.സി. റോഡിന്റെയും പടഹാരം പാലത്തിന്റെയും ഉദ്‌ഘാടനവും മറ്റ് പദ്ധതികളുടെ നിര്‍മാണ ഉദ്‌ഘാടനവും നിര്‍വഹിക്കുകയുണ്ടായി. എ.സി. റോഡ് നവീകരിച്ചതും പടഹാരം പാലവും തട്ടാശ്ശേരി പാലവും നിര്‍മിക്കാന്‍ പോവുകയാണ് എന്നതും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും സര്‍ക്കാര്‍ നേട്ടമായി ഉന്നയിക്കപ്പെട്ട കാര്യമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അമ്പലപ്പുഴയെ പ്രതിനിധീകരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പ്രത്യേക താല്‍പര്യമെടുത്തതിനാല്‍ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ പദ്ധതികളല്ലാതെ കഴിഞ്ഞ 10 വര്‍ഷം കുട്ടനാട്ടില്‍ എടുത്ത് കാണിക്കാവുന്ന ഒരു വികസനവും ഉണ്ടായിട്ടില്ല.
2018ലെ മഹാപ്രളയം കുട്ടനാട്ടില്‍ വന്‍ദുരന്തം സൃഷ്‌ടിച്ചശേഷം 2018 ഓഗസ്‌റ്റ് അഞ്ചിന് ആലപ്പുഴയില്‍ നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി കുട്ടനാടിനെ പ്രളയ മുക്‌തമാക്കാന്‍ ശാശ്വത നടപടി സ്വീകരിക്കുമെന്നും രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നും പറഞ്ഞു. 2019 മേയ് മാസത്തില്‍ നെതര്‍ലാഡ്‌സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി നെതര്‍ലാന്‍ഡ് മാതൃകയില്‍ കുട്ടനാടിനെ വീണ്ടുടുക്കുമെന്നും പറഞ്ഞിരുന്നു.
2019ലെ ബജറ്റില്‍ രണ്ടാം കുട്ടനാട് പാക്കേജിന് 1000 കോടി രൂപ ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചു. അതേ വര്‍ഷം 500 കോടി ചെലവഴിക്കുമെന്നും, 250 കോടിയുടെ കുട്ടനാട് കുടിവെള്ള പദ്ധതി. 2019-20ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പുളിങ്കുന്നില്‍ ഹെലികോപ്‌ടര്‍ ഇറങ്ങാന്‍ സൗകര്യമുള്ള ബഹുനില ആശുപത്രി പണിയാന്‍ 150 കോടി ചെലവഴിക്കുമെന്നും പറഞ്ഞു. 2020ലെ ബജറ്റ് അവതരിപ്പിക്കും വരെ ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും വേണ്ടി ഒരു രൂപ പോലും ചെലവഴിച്ചില്ല.
തുടര്‍ന്ന് 2020ലെ ബജറ്റില്‍ രണ്ടാം കുട്ടനാട് പാക്കേജിന് പ്രഖ്യാപിച്ചത് 2447 കോടി. കൂടാതെ 291 കോടിയുടെ കുട്ടനാട് കുടിവെള്ള പദ്ധതിക്ക് അനുമതി പ്രഖ്യാപിച്ചു. പുളിങ്കുന്ന് ആശുപത്രിക്ക് 150 കോടതി അനുവദിച്ചതായി പ്രഖ്യാപിച്ചു. തോട്ടപ്പള്ളി സ്‌പില്‍വേ നവീകരണത്തിന് 280 കോടിയുടെ അനുമതി പ്രഖ്യാപിച്ചു. 2020 സെപ്‌റ്റംബര്‍ 18ന് ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് ഇട്ട ഒരു ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലൂടെ ഈ കാര്യങ്ങളെല്ലാം 100 ദിവസത്തിനകം നിര്‍മാണം ആരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, 2020 ലെ ബജറ്റില്‍ 2447 കോടി പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിനുള്ള ഉത്തരവ് നാളിതുവരെ ഇറങ്ങിയിട്ടില്ല. തുക എവിടെ നിന്ന് കണ്ടെത്തും എന്ന് തീരുമാനമായിട്ടില്ല. ഡി.പി.ആര്‍. ആയിട്ടില്ല. നോഡല്‍ ഓഫീസറെ നിയമിച്ചിട്ടില്ല. പിന്നീട് ബജറ്റ് അലോക്കേഷന്‍ ഇല്ല. ഹെഡ് ഓഫ് അക്കൗണ്ട് ഇല്ല.
615 കോടി വകയിരുത്തിയ 1.88 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിക്ക് 2020ല്‍ 291 കോടിയുടെ അനുമതി നല്‍കിയിട്ട് ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്ന കുടിവെള്ള പദ്ധതിയെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്നത് കഷ്‌ടമാണ്.
തോട്ടപ്പള്ളി സ്‌പില്‍വേ നവീകരണത്തിന് 2020ല്‍ 280 കോടി പ്രഖ്യാപിച്ചിട്ട് 2023 ജൂണില്‍ അനുവദിച്ചത് 16 കോടിയുടെ പദ്ധതി. ആ പദ്ധതി പോലും പ്രവര്‍ത്തനം തുടങ്ങാതെ 20 ഷട്ടറുകള്‍ തുരുമ്പെടുത്ത് നശിച്ചത് മൂലവും 20 ഷട്ടറുകളുടെ ഉയരക്കുറവ് മൂലവും ഉപ്പുവെള്ളം കടന്നുകയറി അപ്പര്‍ കുട്ടനാട്ടിലെ നെല്‍കൃഷി വ്യാപകമായി നശിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ നിരവധി പാടശേഖരങ്ങളില്‍ കൃഷി ഉപേക്ഷിച്ചിട്ടും ജലവിഭവ വകുപ്പോ സര്‍ക്കാരോ അനങ്ങിയിട്ടില്ല.
2019ലും 2020ലും ബജറ്റില്‍ 150 കോടി നീക്കിവച്ച പുളിങ്കുന്ന് ആശുപത്രിക്ക് 2025 ഒക്‌ടോബറില്‍ 106.43 കോടിയുടെ പദ്ധതിക്ക് കിഫ്‌ബിയുടെ സാമ്പത്തിക അനുമതി ആയിട്ടേയുള്ളു.
2022 നവംബര്‍ ഒന്നിന് കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ രൂപീകരിച്ചിട്ട് 2025 ഓഗസ്‌റ്റ് നാലു വരെ ഓണ്‍ലൈനില്‍ പോലും ഒരു യോഗം ചേരാതിരുന്നത് മുഖ്യമന്ത്രിയുടെ അസൗകര്യം മൂലമാണ്. 2025 ഓഗസ്‌റ്റ് നാലിലെ യോഗത്തില്‍ ഒരു തീരുമാനവും ഉണ്ടായതുമില്ല.
2026 ഫെബ്രുവരി 11ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ ഘടനയില്‍ കൃഷിവകുപ്പിനെ ഒഴിച്ച് നിര്‍ത്തിയും പ്ലാനിങ് ബോര്‍ഡ് അംഗത്തെ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയും മാറ്റം വരുത്തിയതുകൊണ്ട് കുട്ടനാടിന് എന്താണ് പ്രയോജനമെന്നറിയില്ല.
2477 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജിന് പ്ലാനിങ് ബോര്‍ഡ് പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി 2020 ഫെബ്രുവരി ഏഴിന് നിയമസഭയില്‍ പറഞ്ഞിരുന്നു. 2021 ഓഗസ്‌റ്റ് 10ന് കുട്ടനാടിന്റെ ദുരിതം നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിരപ്രമേയമായി അവതരിപ്പിച്ചപ്പോള്‍ കുട്ടനാടിന്റെ വെള്ളപ്പൊക്കത്തിന് പരിഹാരം തേടാനുള്ള പ്ലാനിങ് ബോര്‍ഡ് പദ്ധതി നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ചെന്നൈ ഐ.ഐ.ടി. ഹൈഡ്രോ ഡൈനാമിക് പഠനം നടത്തി 2023ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശകളില്‍ പമ്പ, കരുമാടി, തകഴി, ചെറുതന എന്നിവിടങ്ങളില്‍ ഫ്‌ളഡ് റെഗുലേറ്റര്‍ സ്‌ഥാപിക്കുന്നതും, തോടുകളിലെ വെള്ളം നിറഞ്ഞ് കവിയുന്നത് ഒഴിവാക്കുന്നതിനായി ചാനലുകളുടെ വീതി കൂട്ടുന്നതിനും പുതിയ ചാലുകളുടെ സാധ്യതയും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളെ സംബന്ധിച്ച് കുട്ടനാട്ടിലെ ജനങ്ങളുടെയോ ജനപ്രതിനിധികളുടെയോ അഭിപ്രായം ആരായാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
കെട്ടിക്കിടക്കാതെ നെല്ല് സംഭരിക്കുന്നതിനും പി.ആര്‍.എസ് . ഏര്‍പ്പാട് അവസാനിപ്പിച്ച് നെല്ലെടുത്ത് 48 മണിക്കൂറിനകം കര്‍ഷകര്‍ക്ക് അതിന്റെ വില ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഇച്‌ഛാശക്‌തി കാണിക്കേണ്ടതായിരുന്നു.
താങ്ങുവില നല്‍കിയുള്ള നെല്ല് സംഭരണത്തിന് സംസ്‌ഥാനം നല്‍കുന്ന അധിക ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ പരസ്യ പ്രസ്‌താവന അല്ലാതെ സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും നടപടികള്‍ എടുത്തതായി അറിയില്ല.
കാലങ്ങളായി കേന്ദ്രസര്‍ക്കാരിന്റെ താങ്ങുവിലയ്‌ക്കൊപ്പം സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന അധിക വിഹിതം 2022-23 മുതല്‍ കുറച്ചുവരുന്നത് എന്തുകൊണ്ടാണെന്നതിന് വിശദീകരണമില്ല. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഹ്രസ്വകാല നെല്‍വിത്ത് ലഭ്യമാക്കണമെന്ന ആവശ്യത്തിനും നടപടിയില്ല. കുട്ടനാടന്‍ ജനതയുടെ കാതലായ ഈ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാകേണ്ടത്.