-->
രാഷ്‌ട്രീയ നേതാക്കളും ഭരണാധികാരികളും പുലര്‍ത്തേണ്ട ധാര്‍മികതയെക്കുറിച്ചു വ്യക്‌തമായ ധാരണയുള്ളവരാണു കേരളത്തിലെ ജനങ്ങള്‍. ഭരണനിര്‍വഹണത്തില്‍മാത്രമല്ല, സ്വകാര്യജീവിതത്തിലും സാമൂഹിക ഇടപെടലിലും അവര്‍ പുലര്‍ത്തുന്ന സത്യസന്ധതയും സ്വഭാവശുദ്ധിയും യഥാര്‍ഥത്തില്‍ നാടിന്റെയും ജനങ്ങളുടെയും കൂടി അന്തസാണ് ഉയര്‍ത്തുന്നത്. നിര്‍ഭാഗ്യവശാല്‍ നേതാവിന്റെ വ്യക്‌തിജീവിതവും രാഷ്‌ട്രീയ ധാര്‍മികതയും തമ്മില്‍ ചേര്‍ത്തുപറയേണ്ടതില്ലെന്ന തരത്തില്‍ തരാതരം പോലെ ഉയരുന്ന അഭിപ്രായങ്ങള്‍ രാഷ്‌ട്രീയത്തിലെ മൂല്യച്യുതിയാണ് വ്യക്‌തമാക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഗാര്‍ഹിക പീഡനവും പരസ്‌ത്രീ ബന്ധവും ആരോപിച്ചു ഭാര്യ രംഗത്തെത്തിയതോടെ ഇതു സംസ്‌ഥാനത്തു വീണ്ടും ചൂടേറിയ വിഷയമായിരിക്കുന്നു.
സമാന സാഹചര്യത്തില്‍ ഒരിക്കല്‍ മന്ത്രിസ്‌ഥാനം രാജിവയ്‌ക്കേണ്ടിവന്ന ആളാണ് ഗണേഷ്‌കുമാര്‍. ആദ്യ ഭാര്യ ഉന്നയിച്ച ഗുരുതര ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ക്കും രാഷ്‌ട്രീയ വിവാദങ്ങള്‍ക്കും ഒടുവില്‍ ഇരുവരും വേര്‍പിരിയുകയും മന്ത്രിക്കു രാജിവയ്‌ക്കേണ്ടിവരികയും ചെയ്‌തു. 2014 ല്‍ വീണ്ടും വിവാഹിതനായ മന്ത്രിക്കെതിരേ രണ്ടാം ഭാര്യയും ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നു. കൊല്ലം വാളകത്തെ വീട്ടില്‍വച്ചു മന്ത്രിയെ മറ്റൊരു സ്‌ത്രീയോടൊപ്പം മോശം സാഹചര്യത്തില്‍ കണ്ടതായി ആരോപണമുണ്ടായി. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫ് തന്നെ തടഞ്ഞതായും ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും അവര്‍ വെളിപ്പെടുത്തി. സഹായത്തിനായി അവര്‍ 112 ല്‍ വിളിച്ച് പോലീസ് സഹായം തേടിയെങ്കിലും മന്ത്രിക്കു മുന്നില്‍ പോലീസ് കവാത്തു മറന്നു. 'സഹായിക്കണേ' എന്നു പറഞ്ഞു കരഞ്ഞ സ്‌ത്രീശബ്‌ദം കേള്‍ക്കാതെ മടങ്ങിയ കേരളാ പോലീസ് യഥാര്‍ഥത്തില്‍ ആരുടെ സംരക്ഷകരാണ്? മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പാണ് ഉത്തരം നല്‍കേണ്ടത്.
ഭാര്യയുടെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിനു 'വട്ട്' മൂത്താല്‍ ആര്‍ക്കും 112 ല്‍ വിളിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. തനിക്ക് ഒന്നല്ല 5000 പ്രണയമുണ്ടെന്നു പരിഹാസരൂപത്തില്‍ പറയുകയും ചെയ്‌തു. 'ഗണേഷ് കുമാറിനു പ്രണയമുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ മാധവിക്കുട്ടിക്കു പ്രണയമുണ്ടായിരുന്നോ എന്നു ചോദിക്കുന്ന പോലെയാണ്. എല്ലാം സ്‌നേഹമാണ്. പ്രണയമില്ലാത്തവനു തലയ്‌ക്ക് എന്തെങ്കിലും അസുഖം കാണും. എല്ലാവരും പ്രണയിച്ചാല്‍ അസൂയ മാറും. ജവാഹര്‍ലാല്‍ നെഹ്‌റുവിനു പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചാണ് വിവാഹം കഴിച്ചത്' സ്വയം വെളുപ്പിക്കാനായി മന്ത്രി നടത്തിയ പരാമര്‍ശങ്ങളാണിതെല്ലാം. തന്നോടു പലര്‍ക്കും കുശുമ്പാണെന്നും മന്ത്രി പറഞ്ഞു.
വിവാഹേതര ബന്ധവും ഗാര്‍ഹിക പീഡനവും ആരോപിക്കപ്പെട്ട മന്ത്രി പ്രദര്‍ശിപ്പിച്ചതു പ്രണയമാണത്രേ! മന്ത്രിയോട് ആളുകള്‍ക്കു കുശുമ്പാണുപോലും! സദാചാര വിരുദ്ധത ആഘോഷമായി കൊണ്ടുനടക്കുന്ന ആളുകള്‍ക്കുമാത്രമേ ഇങ്ങനെയൊക്കെ പറയാനാകൂ.
കുടുംബപരമായ പ്രശ്‌നങ്ങളില്‍ മന്ത്രിസ്‌ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണു ഗണേഷ് കുമാറിന്റെയും മുന്നണിയുടെയും തീരുമാനം. മന്ത്രി മാപ്പുപറഞ്ഞതിനെത്തുടര്‍ന്നു പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്നു ഭാര്യ വ്യക്‌തമാക്കുകയുണ്ടായി.
ഭാര്യ മാപ്പുനല്‍കിയതുകൊണ്ട് ഇല്ലാതാകുന്നതല്ല മന്ത്രിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും അദ്ദേഹത്തിന്റെ നിലപാടിലെ ധാര്‍മിക വീഴ്‌ചയും. കൂടാതെ, പോലീസ് നടപടി നാടിനു നാണക്കേടും ആശങ്കയുമാണു സമ്മാനിച്ചത്. വ്യക്‌തിജീവിതത്തില്‍ ധാര്‍മികത പുലര്‍ത്താന്‍ കഴിയാത്തതില്‍ യാതൊരു പശ്‌ചാത്താപവും മന്ത്രിക്ക് ഇതുവരെ തോന്നിയിട്ടില്ല.
എല്ലാ സന്ദര്‍ഭങ്ങളിലും 'അതിജീവിതമാര്‍ക്കൊപ്പം' എന്നു പറയുകയും സ്‌ത്രീ സുരക്ഷാ നിലപാട് ആവര്‍ത്തിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ പ്രതിച്‌ഛായയ്‌ക്കാണ് ഈ സംഭവം കളങ്കമേല്‍പ്പിച്ചത്. വയനാട് സന്ദര്‍ശനത്തെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ നടന്‍ മമ്മൂട്ടിക്കു മനോവിഷമമുണ്ടായതിന്റെ പേരില്‍ പരസ്യമായി മാപ്പുപറഞ്ഞ ആളാണു മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ ഒരു മന്ത്രിയില്‍നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത താഴ്‌ന്ന പ്രവൃത്തിയും വാക്കുകളും കാരണം മുഖം കുനിഞ്ഞുപോയ ജനതയാണ് കേരളത്തിലേത്. അവരോടു മാപ്പുപറയാന്‍ ഗണേഷ് കുമാറിനെ മുഖ്യമന്ത്രി ഉപദേശിക്കുന്നതു നന്നായിരിക്കും. ഭാര്യയോടു ക്ഷമപറഞ്ഞതിലൂടെ മന്ത്രിസ്‌ഥാനം രക്ഷിക്കാന്‍ ഗണേഷിനു കഴിഞ്ഞിരിക്കാം. എന്നാല്‍, മര്യാദയും ധാര്‍മികതയും ഇല്ലെന്നു വന്നതിലൂടെ ആ സ്‌ഥാനത്തിരിക്കാനുള്ള യോഗ്യതയാണു നഷ്‌ടപ്പെടുത്തിയത്.