-->
ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തു കേന്ദ്ര സര്‍ക്കാരില്‍നിന്ന് എല്ലാ സംസ്‌ഥാനങ്ങളും പ്രതീക്ഷിക്കുന്നതു പ്രധാനമായും സാമ്പത്തികവും ഭരണപരവുമായ സഹകരണമാണ്. നിര്‍ഭാഗ്യവശാല്‍, കേരളത്തോടുള്ള കേന്ദ്ര സമീപനത്തില്‍ സംസ്‌ഥാന സര്‍ക്കാരിനും വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയിലും കടുത്ത അതൃപ്‌തിയാണുള്ളത്. കേന്ദ്രം കേരളത്തോടു 'ചിറ്റമ്മനയം' പുലര്‍ത്തുന്നതായുള്ള ആക്ഷേപം ശക്‌തമായി തുടരുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ കേരള സന്ദര്‍ശനം.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കു കൊച്ചിയില്‍ പ്രധാനമന്ത്രി തുടക്കം കുറിക്കും. കൂടാതെ, സംസ്‌ഥാനത്തെ വിവിധ റെയില്‍വേ വികസന പദ്ധതികളുടെ ഉള്‍പ്പെടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കുന്നുണ്ട്. 'മാറ്റം തുടങ്ങാം, വികസിത കേരളം മോദിക്കൊപ്പം' എന്ന മുദ്രാവാക്യവുമായി കേരള രാഷ്‌ട്രീയത്തില്‍ വലിയൊരു മാറ്റമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വഴി സംസ്‌ഥാനത്തിന്റെ നിരന്തര ആവശ്യങ്ങളില്‍ നിവേദനം സമര്‍പ്പിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയില്‍നിന്നു പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്ന ആകാംക്ഷ കേരളത്തിനുണ്ട്.
കേരളത്തില്‍ എയിംസ് സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകളും നിയമനടപടികളും പുരോഗമിക്കുമ്പോഴും നിര്‍ണായക പ്രഖ്യാപനം ഉണ്ടാകാത്തതില്‍ ജനങ്ങള്‍ക്ക് അമര്‍ഷവും നിരാശയുമാണുള്ളത്. കേരളത്തില്‍ എയിംസ് വരുമെന്നു പറയുമ്പോഴും അതു സാധ്യമാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സംസ്‌ഥാനത്തുനിന്നുള്ള ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാര്‍ക്കു കടുത്ത വിമര്‍ശനമാണ് കേള്‍ക്കേണ്ടിവരുന്നത്. പ്രത്യേകിച്ച്, കഴിഞ്ഞ കേന്ദ്ര ബജറ്റിനുശേഷം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ പരിഹാസമുണ്ടായി.
കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്‌ഥാപിക്കാനാണ് സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കാസര്‍ഗോഡ്, കോട്ടയം ജില്ലകളിലും എയിംസ് സ്‌ഥാപിക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ എടുത്തുപറഞ്ഞ് വിവിധ സംഘടനകളും ശക്‌തമായി രംഗത്തുണ്ട്. എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ നിലപാട് കേന്ദ്രത്തിന്റേത് ആണെന്നിരിക്കെ സംസ്‌ഥാനം കാതോര്‍ത്തിരിക്കുകയാണെന്നു പ്രധാനമന്ത്രിയും മനസിലാക്കിയിട്ടുണ്ടാകും. എയിംസ് ഇതിനകം രാഷ്‌ട്രീയ പ്രചാരണ വിഷയമായിക്കഴിഞ്ഞ സ്‌ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രധാനമന്ത്രിയില്‍നിന്നു പ്രതീക്ഷിക്കുന്നു.
സംസ്‌ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേന്ദ്രസഹായം കൂടിയേ തീരൂ. സംസ്‌ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതും ജി.എസ്.ടി. നഷ്‌ടപരിഹാരം നിര്‍ത്തലാക്കിയതും സാമ്പത്തിക ഞെരുക്കം സൃഷ്‌ടിക്കുന്നതായാണ് സര്‍ക്കാരിന്റെ പക്ഷം. അടിസ്‌ഥാന സൗകര്യ വികസനവും പൊതുസേവനവും മെച്ചപ്പെടുത്തി പ്രാദേശികമായ സമതുലന വളര്‍ച്ചയ്‌ക്കു പ്രത്യേക സാമ്പത്തിക പാക്കേജാണ് കേരളത്തിന്റെ ആവശ്യം.
ഹൈ സ്‌പീഡ് റെയില്‍വേ ലൈനിന്റെ കാര്യത്തിലും പ്രധാനമന്ത്രിയില്‍നിന്നു കേരളം പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. ഹൈ സ്‌പീഡ് അല്ലെങ്കില്‍ സെമി ഹൈ സ്‌പീഡ് റെയില്‍വേ ഇടനാഴി വരുന്നത് യാത്രാ സൗകര്യം വര്‍ധിപ്പിക്കുകയും യാത്രാ സമയം കുറയ്‌ക്കുകയും ലോജിസ്‌റ്റിക്‌സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍. കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാതെ വന്നതോടെ സില്‍വര്‍ലൈന്‍ പദ്ധതിക്കു പകരം ഒരു റീജണല്‍ റാപ്പിഡ് സിസ്‌റ്റം നടപ്പിലാക്കാനുള്ള ആലോചനയിലാണ് സംസ്‌ഥാനം. ഇതിനിടെ മെട്രോമാന്‍ ഇ.ശ്രീധരന്‍ കേരളത്തിനായി മറ്റൊരു ഹൈ സ്‌പീഡ് റെയില്‍ പദ്ധതി സമര്‍പ്പിക്കുകയുണ്ടായി.
എയിംസ്, അതിവേഗ റെയില്‍വേ എന്നിവയുടെ കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരിനു വ്യക്‌തമായൊരു കാഴ്‌ചപ്പാടില്ലെന്നു തോന്നിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഈയൊരു സാഹചര്യത്തില്‍ കേരള ജനതയുടെ പ്രതീക്ഷകള്‍ക്കു ക്രേന്ദ്രം നല്‍കുന്ന പരിഗണനയാണു പ്രധാനമന്ത്രിയില്‍നിന്ന് അറിയാനുള്ളത്.