-->
ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വലിയ മുന്നേറ്റം നടത്തുന്നതായി പുതിയ പഠനം. മെച്ചപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വഴി ഏകദേശം 2.2 ലക്ഷം മുതല്‍ 5.6 ലക്ഷം വരെ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഏഷ്യയ്ക്ക് സാധിച്ചു. ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനായ ബി.ബി. കെയ്ല്‍ നടത്തിയ പഠനത്തിലാണ് ഈ ആശ്വാസകരമായ വിവരങ്ങളുള്ളത്. 1988 മുതലുള്ള രണ്ടായിരത്തോളം ദുരന്തങ്ങളെ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഏഷ്യയില്‍ ജനസംഖ്യ വര്‍ധിക്കുകയും പ്രളയം, ചുഴലിക്കാറ്റ് എന്നിവയുടെ തീവ്രത കൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പഴയകാലത്തെ അപേക്ഷിച്ച് മരണനിരക്കില്‍ 40 ശതമാനത്തോളം കുറവുണ്ടായതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ കാലാവസ്ഥാ പ്രവചനം, ശക്തമായ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍, കാര്യക്ഷമമായ അടിയന്തര സേവനങ്ങള്‍ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഏഷ്യ ഈ മേഖലയില്‍ പുരോഗതി കൈവരിക്കുമ്പോള്‍, യൂറോപ്പില്‍ ഉഷ്ണതരംഗം മൂലവും ആഫ്രിക്കയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലവും മരണസംഖ്യ ഉയരുന്നത് ആശങ്കയുളവാക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചുഴലിക്കാറ്റുകളെ മുന്‍കൂട്ടി പ്രവചിക്കുന്നതിലും പ്രതിരോധിക്കുന്നതിലും രാജ്യം വലിയ വിജയം കൈവരിച്ചിട്ടുണ്ട്. സമീപകാലത്തുണ്ടായ വലിയ ചുഴലിക്കാറ്റുകളില്‍ മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞത് ഇതിന് തെളിവാണ്. എങ്കിലും, വര്‍ധിച്ചുവരുന്ന ഉഷ്ണതരംഗങ്ങള്‍ ഇന്ത്യയ്ക്ക് വലിയ ഭീഷണിയായി തുടരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തുന്ന നിക്ഷേപങ്ങള്‍ ലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും പഠനം അടിവരയിടുന്നു.