-->
ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ വൃക്ഷമാണ് 'ഗ്രാന്‍ അബ്യൂലോ' അഥവാ 'മുതുമുത്തച്ഛന്‍' എന്ന് വിളിപ്പേരുള്ള 'അലെര്‍സ മിലെനാരിയോ' എന്ന മരം. തെക്കന്‍ ചിലിയിലെ അലെര്‍സ കോസ്‌റ്റെറോ ദേശീയോദ്യാനത്തിലെ വാല്‍ഡിവിയന്‍ മഴക്കാടുകളിലാണ് ഈ ഭീമാകാരനായ വൃക്ഷം വളരുന്നത്. ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമാണ് ഗ്രാന്‍ അബ്യൂലോ.
ഈര്‍പ്പവും തണുപ്പുമുള്ള കാലാവസ്ഥയില്‍ തഴച്ചുവളരുന്ന ഇവയുടെ ചുവന്ന തടിക്ക് ഈടും ദ്രവിക്കാത്ത സ്വഭാവവുമുണ്ട്. ഏകദേശം 30 മീറ്റര്‍ ഉയരവും 4 മീറ്ററിലധികം വ്യാസവുമുള്ള ഈ ഭീമാകാരന്‍ മരം, പായലും പൂപ്പലും നിറഞ്ഞ പുറംതൊലിയുമായി ഒരു പുരാതന സ്മാരകം പോലെ മലയിടുക്കുകളില്‍ നിലകൊള്ളുന്നു. മുന്‍കാലങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിനും കപ്പല്‍ നിര്‍മ്മാണത്തിനും മറ്റുമായി ഈ വൃക്ഷവര്‍ഗ്ഗം വ്യാപകമായി മുറിച്ചുമാറ്റപ്പെട്ടിരുന്നു.
ഈ മരത്തെ ലോകപ്രശസ്തമാക്കിയത് അതിന്റെ അവിശ്വസനീയമായ പ്രായമാണ്. 2022ല്‍ ചിലിയന്‍ ശാസ്ത്രജ്ഞനായ ജൊനാഥന്‍ ബാരിച്ചിവ് നടത്തിയ പഠനമനുസരിച്ച്, ഈ മരത്തിന് ഏകദേശം 5,484 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. നിലവില്‍ കാലിഫോര്‍ണിയയിലെ 'മെഥൂസല' എന്ന പൈന്‍ മരത്തിനാണ് (4,789 വര്‍ഷം) ഏറ്റവും പ്രായമുള്ള മരമെന്ന ഔദ്യോഗിക പദവിയുള്ളത്.
ബാരിച്ചിവിന്റെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും സ്ഥിരീകരിക്കപ്പെട്ടാല്‍ ലോകത്തിലെ ഏറ്റവും പ്രായമേറിയ വൃക്ഷമെന്ന റെക്കോര്‍ഡ് ഈ 'മുത്തശ്ശി മരത്തിന്' സ്വന്തമാകും. ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രം പേറുന്ന ഈ വൃക്ഷം ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയൊരു അടയാളമായി മാറിയിരിക്കുകയാണ്.