-->
വാഷിങ്‌ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ഇസ്രയേല്‍ വധിച്ചത് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍. ഇതിനായി യു.എസിന്റെ നിര്‍ണായക സഹായം ഇസ്രയേലിന് ഉണ്ടായിരുന്നു. ശനിയാഴ്‌ച രാവിലെ ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള സര്‍ക്കാര്‍ ആസ്‌ഥാനത്ത് ഖമനേയിയും ഉന്നത സൈനിക-രാഷ്‌ട്രീയ ഉദ്യോഗസ്‌ഥരും ഒത്തുചേരുന്നുണ്ടെന്ന സി.ഐ.എയുടെ കൃത്യമായ രഹസ്യവിവരമാണ് ആക്രമണത്തിന് വഴിയൊരുക്കിയത്. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഇസ്രയേല്‍ പ്ലാന്‍ കൃത്യമായി നടപ്പിലാക്കി. ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്‌ട്രീറ്റ് ജേണലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇറാന്‍ ഭരണകൂടത്തിന്റെ മുതിര്‍ന്ന രാഷ്‌ട്രീയ, സൈനിക നേതാക്കളെ ഒരേസമയം ലക്ഷ്യമിടാന്‍ വേണ്ടി അവരുടെ ഒരു സംയുക്‌ത യോഗത്തിനായി ഇസ്രയേലി, യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥര്‍ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഇതാണ് ഇറാനെതിരെ തിടുക്കപ്പെട്ട് ആക്രമണം നടത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്ന് യു.എസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
സാധാരണയായി രാത്രികാലങ്ങളില്‍ ആക്രമണം നടത്തുന്ന ശൈലി മാറ്റി, ഉന്നത നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ഇസ്രയേല്‍ ഇത്തവണ തെരഞ്ഞെടുത്തത് പകലാണ്. ശനിയാഴ്‌ച്ച രാവിലെ 9:40-ഓടെ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഖമനേയിയുടെ കോംപൗണ്ടിന് ഇരച്ചെത്തി ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. ഖമനേയി കൊട്ടാരത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം 30-ഓളം ബോംബുകള്‍ വര്‍ഷിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ കൊട്ടാരം തകര്‍ന്നു തരിപ്പണമാമാണ്. കൊട്ടാരം തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ ഖമനേയിയെ കൂടാതെ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരായ മേജര്‍ ജനറല്‍ മുഹമ്മദ് പക്‌പുര്‍, അലി ഷംഖാനി, പ്രതിരോധ മന്ത്രി അമീര്‍ നാസിര്‍സാദെ തുടങ്ങി നാല്‌പതോളം പ്രമുഖര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഖമനേയിയുടെ ഓരോ ചലനങ്ങളും മാസങ്ങളായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയും ഇസ്രയേലിന്റെ മൊസാദും നിരീക്ഷിച്ചു വരികയായിരുന്നു. പതിവായി ഖമനേയി സന്ദര്‍ശിച്ചിരുന്ന ഓഫീസുകളും മറ്റ് സ്‌ഥലങ്ങളും പിന്തുടര്‍ന്ന് കണ്ടെത്തി. ശനിയാഴ്‌ച രാവിലെ മൂന്നു പ്രധാന യോഗങ്ങള്‍ ഒരേസമയം നടക്കുന്നുണ്ടെന്നും ഇതില്‍ ഖമനേയി പങ്കെടുക്കുമെന്നും സി.ഐ.എ ഇസ്രയേലിന് കൈമാറി. കൃത്യമായ സ്‌ഥലം മനസിലാക്കിയതോടെ ഇസ്രയേല്‍ ആക്രമണ സമയം പുനര്‍ക്രമീകരിക്കുകയായിരുന്നു.
യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സ്വന്തം നേതാക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഖമനേയിയുടെ മരണം നയതന്ത്രപരമായ പരിഹാരങ്ങള്‍ എളുപ്പമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
ഖമനേയി വധിക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ നീണ്ട 'ഭീകര ഭരണത്തിന്റെ' അവസാനമാണെന്ന് ഇസ്രയേല്‍ വിശേഷിപ്പിച്ചു. ഖമേനിയുടെ മരണത്തോടെ ഇറാന്റെ ഭീകരശൃംഖലയുടെ തലയാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നതെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.
അതേസമയം, ഇറാനിലെ ജനങ്ങളോട് ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വീഡിയോ സന്ദേശമിറക്കി. സ്വാതന്ത്ര്യത്തിനായുള്ള അവസരം പാഴാക്കരുതെന്ന് അദ്ദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനംചെയ്‌തു. അടിച്ചമര്‍ത്തലിന്റെ ചങ്ങലകളില്‍നിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങള്‍ അമേരിക്കയും ഇസ്രയേലും ഒരുക്കുമെന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
ഇറാനിയന്‍ ഔദ്യോഗിക ടെലിവിഷന്‍ ഞായറാഴ്‌ച പുലര്‍ച്ചെ തന്നെ ഖമനേയിയുടെ മരണവാര്‍ത്ത സ്‌ഥിരീകരിച്ചിരുന്നു. കറുത്ത ബാനറിനൊപ്പം പഴയ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്‌തു. ഖമനയിയുടെ അന്ത്യം ഒരു പരാജയമായിട്ടല്ല മറിച്ച് രാജ്യത്തിന്റെ പരമാധികാരത്തിനായുള്ള അന്തിമ ത്യാഗമായിട്ടാണ് കരുതുന്നതെന്ന് ഇറാന്‍ പ്രതികരിച്ചു.