-->
ടെഹ്‌റാന്‍/വാഷിങ്‌ടണ്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പകരംവീട്ടുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സൈനിക നീക്കം ആരംഭിച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും(ഐ.ആര്‍.ജി.സി) പ്രഖ്യാപിച്ചു.
അതേസമയം, ഇറാനെ നാമാവശേഷമാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. തങ്ങള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര ശക്‌തമായ പ്രഹരം നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് അവര്‍ മുതിരരുതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അവര്‍ അങ്ങനെ ചെയ്‌താല്‍, ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ ശക്‌തിയോടെ ഞങ്ങള്‍ അവരെ തകര്‍ക്കും'- ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
ഖമനേയിയുടെ രക്‌തം വെറുതെയാകില്ലെന്നും പകരംവീട്ടുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രഖ്യാപിച്ചു. ചരിത്രത്തില്‍ പുതിയ ഒരധ്യായം കുറിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഖമനേയിയുടെ കൊലപാതകവാര്‍ത്ത സ്‌ഥിരീകരിച്ചതിനുശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡന്റ്. 'ഇറാന്റെ പരമോന്നത രാഷ്‌ട്രീയാധികാരിയും ലോകത്തെ ഷിയാ വിഭാഗത്തിന്റെ പ്രമുഖ നേതാവുമാണ് ആയത്തുള്ള അലി ഖമനേയി. അദ്ദേഹമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് ഷിയാകള്‍ക്കെതിരേ തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു. ഇറാന്‍ എല്ലാ ശക്‌തിയോടെയും പ്രതികരിക്കും. ആക്രമണത്തിനു പിന്നിലുള്ള കുറ്റവാളികള്‍ ഖേദിക്കേണ്ടിവരും'- പെസഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, പ്രസിഡന്റിന്റെയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെയും പ്രതികാരപ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ഇറാനിലെ മോസ്‌കിനു മുകളില്‍ ചുവന്ന പതാക ഉയര്‍ത്തി. തിരിച്ചടിയുടെയും പ്രതികാരത്തിന്റെയും പ്രതീകമായാണ് ചുവന്ന പതാക ഉയര്‍ത്തിയത്. ഇറാനിലെ പുണ്യസ്‌ഥലമായ ജംകരന്‍ മസ്‌ജിദിന്റെ താഴികക്കുടത്തിനു മുകളിലാണ് ചുവന്ന 'പ്രതികാര പതാക' ഉയര്‍ത്തിയത്.
ഖമനേയിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് വ്യക്‌തമാക്കി ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനേയിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതേവിടില്ലെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഓപ്പറേഷന്‍ തുടങ്ങുകയാണെന്നും ഐ.ആര്‍.ജി.സി. വ്യക്‌തമാക്കിയതായി ഇറാനിലെ വാര്‍ത്താ ഏജന്‍സി ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. ഈ ഓപ്പറേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും മേഖലയിലെ അധിനിവേശ പ്രദേശങ്ങളും അമേരിക്കന്‍ ഭീകരവാദ താവളങ്ങളുമായിരിക്കും ലക്ഷ്യമെന്നും ഐ.ആര്‍.ജി.സി. അറിയിച്ചു. 'ഞങ്ങള്‍ക്ക് ഒരു മികച്ച നേതാവിനെ നഷ്‌ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും ക്രൂരരായ കൊലയാളികളുടെ കൈകളാല്‍ ഖമനേയി കൈവരിച്ച രക്‌തസാക്ഷിത്വം അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ സേവനങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെ അടയാളമാണ്. ഇറാനിലെ ജനങ്ങളുടെ പ്രതികാരത്തിന്റെ കൈകള്‍ അവരെ വെറുതെ വിടില്ല'-ഐ.ആര്‍.ജി.സി. വ്യക്‌തമാക്കി.
അതേസമയം, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായും ഇത് ലോകത്തിന് ലഭിച്ച നീതിയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരില്‍ ഒരാളായിരുന്നു ഖമനേയിയെന്നും അദ്ദേഹത്തിന്റെ രക്‌തദാഹികളായ സംഘം കൊലപ്പെടുത്തിയ അമേരിക്കക്കാര്‍ക്കും ലോകമെമ്പാടുമുള്ള നിരപരാധികള്‍ക്കും ഈ നടപടിയിലൂടെ നീതി ഉറപ്പാക്കിയെന്നും അമേരിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് വ്യക്‌തമാക്കി. അമേരിക്കയുടെ അതിനൂതനമായ ട്രാക്കിങ് സംവിധാനങ്ങളില്‍നിന്നും രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നും രക്ഷപ്പെടാന്‍ ഖമനേയിക്ക് സാധിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലുമായി ചേര്‍ന്ന് നടത്തിയ അതീവ രഹസ്യവും കൃത്യവുമായ നീക്കത്തിലൂടെയാണ് ഖമനേയിയെയും മറ്റ് ഇറാനിയന്‍ നേതാക്കളെയും വധിച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി. ഇറാനിയന്‍ ജനതയ്‌ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ആ രാജ്യം തന്നെ തകര്‍ക്കപ്പെട്ട ഈ സാഹചര്യത്തില്‍, ഭരണകൂടത്തിന്റെ ക്രൂരതകളില്‍നിന്ന് മോചിതരാകാന്‍ ഇറാനിലെ ദേശസ്‌നേഹികള്‍ മുന്നോട്ട് വരണമെന്നും ട്രംപ് ആഹ്വാനം ചെയ്‌തു.
ഇറാനിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്‌ഥരോട് ആയുധം താഴെവച്ച് കീഴടങ്ങാന്‍ ട്രംപ് കര്‍ശന നിര്‍ദേശം നല്‍കി. സമാധാനപരമായി ജനങ്ങളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇളവ് നല്‍കുമെന്നും എന്നാല്‍ പോരാട്ടം തുടരാനാണ് ഭാവമെങ്കില്‍ മരണം മാത്രമായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ സമാധാനം പുനഃസ്‌ഥാപിക്കുന്നത് വരെ ഇറാനിലെ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള കനത്ത ബോംബാക്രമണം ഈ ആഴ്‌ചയിലുടനീളം തുടരുമെന്നും ട്രംപ് വ്യക്‌തമാക്കി.
ഖമനേയിയുടെ വധത്തിനു പിന്നാലെ പശ്‌ചിമേഷ്യ രൂക്ഷയുദ്ധത്തിലേക്കാണു നീങ്ങുന്നതെന്നാണു സൂചന. ഖമേനിയിയുടെയും കുടുംബാംഗങ്ങളുടെയും മരണവാര്‍ത്ത സ്‌ഥിരീകരിച്ചതിനു പിന്നാലെ പശ്‌ചിമേഷ്യയിലെ 27 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും ഇസ്രയേലിലെ ടെല്‍ അവീവിനും നേരേ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ആയത്തുള്ള അലി ഖമേനിയുടെ മരണത്തിനു പിന്നാലെ ഇറാനില്‍ 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴു ദിവസത്തെ ദേശീയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.