-->
ടെഹ്‌റാന്‍: ഇറാനില്‍ മുതിര്‍ന്ന പുരോഹിതനും ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗവുമായ ആയത്തുല്ല അലിറീസ അറാഫിയെ താല്‍ക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനേയി വഹിച്ചിരുന്ന ചുമതലകള്‍ നിര്‍വഹിക്കുക. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്‌റ്റിസ് ഘോലാം ഹുസൈന്‍ മൊഹ്‌സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. നേരത്തെ ഈ ചുമതലകള്‍ ഖമനേയി മാത്രമാണ് വഹിച്ചിരുന്നത്. സമിതിയിലെ ഏക പുരോഹിതന്‍ എന്ന നിലയില്‍ താല്‍ക്കാലിക പരമോന്നത നേതാവിന്റെ സ്‌ഥാനത്തേക്ക് 67 വയസുകാരനായ അറാഫി ഉയര്‍ത്തപ്പെടും.
ഇതിനു പുറമേ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് (ഐ.ആര്‍.ജി.സി) പുതിയ തലവനെയും നിയമിച്ചു. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അഹ്‌മദ് വാഹിദിയാണ് പുതിയ ഐ.ആര്‍.ജി.സി തലവനായി ചുമതലയേല്‍ക്കുന്നത്.
ഞായറാഴ്‌ചയാണ് അറാഫിയെ സമിതി അംഗമായി നിയമിച്ചതെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഇസ്‌ന റിപ്പോര്‍ട്ട് ചെയ്‌തു. യദ്‌സ് പ്രവിശ്യയില്‍ 1959 ലാണ് അറാഫി ജനിച്ചത്. 11 ാം വയസ്സില്‍ ഖൂമില്‍ മതപഠനത്തിനായി പോയ അറാഫി, 1989 ല്‍ ഖമനേയി പരമോന്നത നേതാവായതിനുശേഷം പടിപടിയായി സുപ്രധാന സ്‌ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടു.
താല്‍ക്കാലിക നേതൃസമിതിയില്‍ അംഗമാകുന്നതിനു മുന്‍പ് ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ ഡയറക്‌ടര്‍, ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗം, പണ്ഡിത സഭ (അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്) അംഗം എന്നീ അതീവ പ്രാധാന്യമുള്ള സ്‌ഥാനങ്ങളില്‍ അറാഫിയെത്തി. 2019ലാണ് അറാഫി ഇറാന്റെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള ഗാര്‍ഡിയന്‍ കൗണ്‍സിലില്‍ അംഗമാകുന്നത്.