Friday, March 13, 2026 Last Updated 34 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.41 PM

ഖമനേയിയെയും നേതൃത്വത്തെയും തുടച്ചുനീക്കി, ഇതിനു തിരിച്ചടിയുമായി ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതോടെ മേഖല യുദ്ധഭീതിയില്‍.

uploads/news/2026/03/827944/int1.jpg

ടെഹ്‌റാന്‍/വാഷിങ്‌ടണ്‍/ദുബായ്‌: പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമേനി (86) ഉള്‍പ്പടെ ഇറാന്റെ നേതൃനിരയെ ഏറെക്കുറെ പൂര്‍ണമായി തുടച്ചുനീക്കി ഇസ്രയേല്‍-യു.എസ്‌ വ്യോമാക്രമണം. ഇതിനു തിരിച്ചടിയുമായി ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതോടെ മേഖല യുദ്ധഭീതിയില്‍.
അതിനിടെ, ഇറാന്‍ മുന്‍ പ്രസിഡന്റ്‌ മഹമൂദ്‌ അഹമ്മദി നെജാദ്‌ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന്‌ റിപ്പോര്‍ട്ട്‌. ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. ടെഹ്‌റാനിലെ വസതിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ്‌ നെജാദിയും അംഗരക്ഷകരും കൊല്ലപ്പെട്ടതെന്നാണ്‌ വിവരം. 2005 മുതല്‍ 2013 വരെ ഇറാന്‍ പ്രസിഡന്റായിരുന്നു അഹമ്മദിനെജാദ്‌. ഇറാനുള്ള തിരിച്ചടി തുടരുമെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും അറിയിച്ചു. ഇറാന്റെ താല്‍ക്കാലിക പരമോന്നത നേതാവായി മുതിര്‍ന്ന പുരോഹിതനും ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗവുമായ ആയത്തുല്ല അലിറീസ അറാഫിയെ തെരഞ്ഞെടുത്തു.
യു.എസ്‌. പടക്കപ്പലായ ഏബ്രഹാം ലിങ്കണ്‌ നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന്‌ ഇറാന്‍ അവകാശപ്പെട്ടു. നാല്‌ ബാലസ്‌റ്റിക്‌ മിസൈലുകള്‍ യു.എസ്‌.എസ്‌ ഏബ്രഹാം ലിങ്കണില്‍ പതിച്ചെന്നെന്നാണ്‌ ഇറാന്റെ അവകാശവാദം. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌ കോര്‍പ്‌സിനെ (ഐ.ആര്‍.ജി.സി) ഉദ്ധരിച്ച്‌ ഇറാന്‍ മാധ്യമങ്ങളാണ്‌ ഇക്കാര്യം അറിയിച്ചത്‌. എന്നാല്‍, ഇക്കാര്യം യു.എസ്‌ സേന സ്‌ഥിരീകരിച്ചിട്ടില്ല.
ഇറാനുമായുള്ള സംഘര്‍ഷത്തില്‍ മൂന്ന്‌ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും അഞ്ചു പേര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റെന്നും യു.എസ്‌ സെന്‍ട്രല്‍ കമാന്‍ഡ്‌ അറിയിച്ചു. അതേസമയം, ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്‍ കപ്പല്‍ മുക്കിയെന്നും യു.എസ്‌ അറിയിച്ചു. 'ഛബഹാര്‍ തുറമുഖത്തിനു സമീപം ഇറാന്റെ ജമാരന്‍ യുദ്ധക്കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്‌' യു.എസ്‌. സൈന്യം എക്‌സില്‍ പറഞ്ഞു.
ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഗള്‍ഫ്‌ മേഖലയില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. യു.എ.ഇയില്‍ മൂന്നു പേരും കുവൈത്തില്‍ ഒരാളുമാണ്‌ മരിച്ചത്‌. മരിച്ചവര്‍ പാകിസ്‌താന്‍, നേപ്പാള്‍, ബംഗ്ലാദേശ്‌ സ്വദേശികളാണെന്ന്‌ യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു. ആക്രമണങ്ങളില്‍ ഇതുവരെ 58 പേര്‍ക്ക്‌ പരുക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌. ദുബായ്‌ രാജ്യാന്തര വിമാനത്താവളത്തിലെ നാല്‌ ജീവനക്കാര്‍ക്കും സായിദ്‌ രാജ്യാന്തര വിമാനത്താവളത്തിന്‌ സമീപവും ജനവാസ മേഖലകളിലും മിസൈല്‍ അവശിഷ്‌ടങ്ങള്‍ വീണ്‌ നിരവധി പേര്‍ക്ക്‌ പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്‌. കുവൈത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. പരുക്കേറ്റവരെ കുവൈത്ത്‌ ആഭ്യന്തര മന്ത്രി ശൈഖ്‌ ഫഹദ്‌ അല്‍ യുസഫ്‌ അല്‍ സബാ സന്ദര്‍ശിച്ചു. രാജ്യത്ത്‌ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലിലെ ബേത്ത്‌ ഷെമേശ്‌ നഗരത്തില്‍ ഒന്‍പത്‌ പേര്‍ കൊല്ലപ്പെട്ടു. ഇവിടെ 27 പേര്‍ക്ക്‌ പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്‌.
യു.എ.ഇയുടെ വ്യോമപ്രതിരോധ സംവിധാനം ആക്രമണങ്ങളെ അതിശക്‌തമായി പ്രതിരോധിക്കുന്നുണ്ടെന്ന്‌ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‌ച ഇറാന്റെ 137 ബാലിസ്‌റ്റിക്‌ മിസൈലുകളില്‍ 132 എണ്ണവും 209 ഡ്രോണുകളില്‍ 195 എണ്ണവും തകര്‍ക്കാന്‍ സേനയ്‌ക്ക്‌ സാധിച്ചു. കഴിഞ്ഞ രണ്ട്‌ ദിവസത്തിനിടെ ആകെ 541 ഡ്രോണുകളില്‍ 311 എണ്ണവും 165 ബാലിസ്‌റ്റിക്‌ മിസൈലുകളും രണ്ട്‌ ക്രൂയിസ്‌ മിസൈലുകളും വ്യോമസേന വിജയകരമായി തടഞ്ഞു. എന്നാല്‍, 21 ഡ്രോണുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചതായി മന്ത്രാലയം അറിയിച്ചു.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യു.എ.ഇ.യിലെ വിദ്യാലയങ്ങളും സര്‍വകലാശാലകളും മാര്‍ച്ച്‌ നാലുവരെ ഓണ്‍ലൈനായാണ്‌ പ്രവര്‍ത്തിക്കുക. വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്‌.
ശനിയാഴ്‌ച നടന്ന വ്യോമാക്രമണത്തില്‍ ഖമനേയിക്കു പുറമേ സായുധ സേനാ മേധാവി അബ്‌ദുള്‍ റഹീം മൗസവി അടക്കം 40 ഉന്നത ഇറാനിയന്‍ ഉദ്യോഗസ്‌ഥരാണ്‌ കൊല്ലപ്പെട്ടത്‌. ഖമനയിയുടെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരും വ്യോമാക്രമണത്തില്‍ മരിച്ചു.

Ads by Google
Sunday 01 Mar 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW