Wednesday, March 11, 2026 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.40 PM

'ചതിച്ചത്‌' ചൈന

ടെഹ്‌റാന്‍/ബെയ്‌ജിങ്‌: ഇസ്രയേല്‍-യു.എസ്‌. ആക്രമണത്തില്‍ ഇറാന്‍ പരമോന്നതനേതാവ്‌ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെടുകയും തലസ്‌ഥാനനഗരത്തിലുള്‍പ്പെടെ കനത്തനാശമുണ്ടാവുകയും ചെയ്‌തതോടെ പ്രതിക്കൂട്ടിലാകുന്നത്‌ ചൈന നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനം.
ചൈന വികസിപ്പിച്ചു കൈമാറിയ എച്ച്‌.ക്യു-9ബി മിസൈല്‍ പ്രതിരോധസംവിധാനമാണ്‌ ഇറാന്റെ വ്യോമമേഖലയുടെ സുരക്ഷയ്‌ക്കായി വിന്യസിച്ചിരുന്നത്‌. എന്നാല്‍, ഇത്‌ മറികടന്നുണ്ടായ ആക്രമണത്തോടെ എച്ച്‌.ക്യു-9ബിയുടെ ശേഷിയെ സംബന്ധിച്ച്‌ ചോദ്യങ്ങള്‍ ഉയരുകയാണ്‌. നേരത്തേ, ഇന്ത്യയുടെ ബ്രഹ്‌മോസ്‌ മിസൈലിനെ പ്രതിരോധിക്കാന്‍ എച്ച്‌.ക്യു-9ബി, എച്ച്‌.ക്യു-16 മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കു കഴിയില്ലെന്ന്‌ ചൈന സമ്മതിച്ചിരുന്നു. ഈ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ്‌ പാകിസ്‌താന്‍ ഉപയോഗിക്കുന്നത്‌. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത്‌ ഇന്ത്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാകിസ്‌താന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. പാകിസ്‌താനിലെ പല തന്ത്രപ്രധാന ഇടങ്ങളും ബ്രഹ്‌മോസ്‌ മിസൈല്‍ ഉപയോഗിച്ചാണ്‌ ഇന്ത്യ തകര്‍ത്തത്‌. എന്നാല്‍, ബ്രഹ്‌മോസിനെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ ചൈന നല്‍കിയ മിസൈല്‍പ്രതിരോധ സംവിധാനത്തിനു കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ്‌ ഇറാനില്‍നിന്നും ചൈനീസ്‌ മിസൈല്‍പ്രതിരോധ സംവിധാനത്തിന്റെ പരാജയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌.
തങ്ങളുടെ ആയുധശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാന്‍ അടുത്തിടെയാണ്‌ ചൈനയില്‍നിന്ന്‌ എച്ച്‌.ക്യു-9ബി വ്യോമപ്രതിരോധ സംവിധാനം വാങ്ങിക്കൂട്ടിയത്‌. എന്നാല്‍, ഇവയ്‌ക്ക്‌ തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ്‌ പുറത്തുവരുന്ന വിവരം. വ്യോമപ്രതിരോധ സംവിധാനത്തിന്റെ പോരായ്‌മകളാണോ ഇതിന്‌ കാരണം, അതോ ഗള്‍ഫ്‌ മേഖലയില്‍ സംഘര്‍ഷം തുടങ്ങിയതിനു ശേഷം തിടുക്കത്തില്‍ സ്‌ഥാപിച്ച ഈ സംവിധാനത്തെ യു.എസിന്റെയും ഇസ്രയേലിന്റെയും സംയുക്‌ത വ്യോമശക്‌തി മറികടന്നതാണോ എന്ന കാര്യത്തില്‍ വ്യക്‌തതയില്ല.

എന്താണ്‌ എച്ച്‌.ക്യു-9ബി

റഷ്യയുടെ എസ്‌-300 പി.എം.യു, അമേരിക്കയുടെ പാട്രിയറ്റ്‌ പി.എ.സി-2 എന്നിവയില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ചൈനീസ്‌ എയ്‌റോസ്‌പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി കോര്‍പ്പറേഷന്‍ എച്ച്‌.ക്യു-9ബി വികസിപ്പിച്ചത്‌. എന്നാല്‍, ഇത്‌ പൂര്‍ണമായും ചൈനീസ്‌ സാങ്കേതികവിദ്യയിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ അവരുടെ അവകാശവാദം. 2006-ലാണ്‌ ഇത്‌ ആദ്യമായി പരീക്ഷിച്ചതെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടായി എച്ച്‌.ക്യു-9ബി ഉപയോഗത്തിലുണ്ട്‌. 260 കിലോമീറ്ററാണ്‌ ഇതിന്റെ ദൂരപരിധി. 50 കിലോമീറ്റര്‍ ഉയരത്തില്‍വരെയുള്ള ലക്ഷ്യങ്ങളെയും എച്ച്‌.ക്യു-9ബി മിസൈല്‍പ്രതിരോധസംവിധാനത്തിന്‌ തകര്‍ക്കാന്‍ കഴിയുമെന്നാണ്‌ ചൈന അവകാശപ്പെടുന്നത്‌.
സ്‌റ്റെല്‍ത്ത്‌ വിമാനങ്ങളെപ്പോലും കണ്ടെത്താന്‍ ഇതിനു സാധിക്കും. ഒരേസമയം 6 മുതല്‍ 8 വരെ ലക്ഷ്യങ്ങളെ ആക്രമിക്കാനും 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും ഇതിനു ശേഷിയുണ്ട്‌.
മിസൈല്‍പ്രതിരോധം ഇറാന്‍
സ്വന്തമാക്കിയതെങ്ങനെ?

ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇറാന്‍ തങ്ങളുടെ ആയുധശേഖരം വിപുലപ്പെടുത്തിയിരുന്നു. ചൈനയുമായുള്ള 'എണ്ണയ്‌ക്ക്‌ പകരം ആയുധം' എന്ന കരാറിലൂടെയാണ്‌ ഇറാന്‍ എച്ച്‌.ക്യു-9ബി സ്വന്തമാക്കിയത്‌.
2025-ലെ സംഘര്‍ഷത്തില്‍ റഷ്യന്‍ നിര്‍മ്മിത എസ്‌-300പി.എം.യു-2 പ്രതിരോധസംവിധാനം ഇസ്രയേല്‍ മിസൈലുകള്‍ക്കെതിരേ പരാജയപ്പെട്ടതോടെയാണ്‌ ചൈനീസ്‌ സംവിധാനത്തിലേക്ക്‌ ഇറാന്‍ മാറിയത്‌. നതാന്‍സ്‌ ആണവനിലയം, ഫോര്‍ഡോ ഇന്ധന സമ്പുഷ്‌ടീകരണ കേന്ദ്രം, ഐ.ആര്‍.ജി.സി. മിസൈല്‍ താവളങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളിലാണ്‌ ഇവ വിന്യസിച്ചിരുന്നത്‌.

Ads by Google
Sunday 01 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW