-->
ജെറുസലേം: ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ ലക്ഷ്യമിട്ട് ടെഹ്‌റാനിലെ ഔദ്യോഗിക വസതിയിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്.
ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) ആണ് ടെഹ്‌റാനിലെ സ്‌ഫോടന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഖമനേയിയുടെ കൊട്ടാരവളപ്പില്‍ അതിഭീകരമായ നാശനഷ്‌ടമുണ്ടായെന്നാണ് ഐ.ഡി.എഫ് പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമാകുന്നത്. ഈ ചിത്രത്തില്‍, ഒന്നിലധികം കെട്ടിടങ്ങള്‍ നിലം പതിക്കുന്നതും, ചുറ്റുമുള്ള പ്രദേശങ്ങളില്‍ കനത്ത നാശനഷ്‌ടങ്ങളുണ്ടാകുന്നതും കാണാം. ടെഹ്‌റാനിലെ വസതിയിലെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നാണ് ഖമനയിയുടെ മൃതദേഹം ലഭിച്ചത്. ഖമനയിയുടെ പ്രാഥമിക ഔദ്യോഗിക വസതിയായും നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമായും വളരെക്കാലമായി ഉപയോഗിച്ചിരുന്ന കൂറ്റന്‍ കെട്ടിടമാണ് തകര്‍ന്ന് തരിപ്പണമായത്. കൊട്ടാരത്തിലെ കോമ്പൗണ്ടിനുള്ളിലെ പ്രധാന നിര്‍മിതികളെല്ലാം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കളും ഇറാന്‍ നേതൃനിരയിലെ പ്രമുഖരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഖമനെയി ഉണ്ടാകാന്‍ സാധ്യതയുള്ള സ്‌ഥലങ്ങളുടെ ഒരു പാറ്റേണ്‍ മാപ്പ് ഉണ്ടാക്കി. ശനിയാഴ്‌ച ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ യോഗം നടക്കുന്നെന്ന വിവരം യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയ്‌ക്ക് കിട്ടി. യോഗത്തിന് ഖമനേയി അധ്യക്ഷത വഹിക്കുമെന്നും സി.ഐ.എ മനസിലാക്കി. ഈ നിര്‍ണായക വിവരം ഇസ്രയേലിന് കൈമാറി. കെട്ടിട സമുച്ചയത്തിലേക്ക് 30 ബോംബുകളാണ് ഇസ്രയേലി ജെറ്റുകള്‍ വര്‍ഷിച്ചത്. മറ്റിടങ്ങളില്‍ ആക്രമണം നടത്തിയത് അമേരിക്കയുടെ വണ്‍വേ അറ്റാക്ക് ഡ്രോണുകള്‍ ഉപയോഗിച്ചാണ്.