-->
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമം ഇറാനിലെ മതഭരണകൂടം ആരംഭിച്ചു. ഏതാണ്ട് നാല് പതിറ്റാണ്ടിലേറെയായി ഇറാനെ നയിച്ച നേതാവാണു ഖമനേയി. അദ്ദേഹത്തിന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട പിന്‍ഗാമിയില്ല. പകരം, 88 മുതിര്‍ന്ന മതപണ്ഡിതര്‍ അടങ്ങിയ 'അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ്' എന്നറിയപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട സമിതി അടുത്ത നേതാവിനെ തെരഞ്ഞെടുക്കും. അതുവരെ താല്‍ക്കാലിക നേതൃസമിതി രാജ്യത്തെ നയിക്കും.
1979ല്‍ ഇസ്ലാമിക റിപ്പബ്ലിക് സ്‌ഥാപിതമായതിന് ശേഷം പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. മൂന്ന് പതിറ്റാണ്ടിലേറെ മുന്‍പ് ആയത്തൊള്ള റൂഹൊള്ള ഖൊമേനിയുടെ മരണശേഷം ഖമനേയിയെ തിരക്കിട്ട് തെരഞ്ഞെടുക്കുകയായിരുന്നു.
നിലവിലുള്ള സാഹചര്യത്തില്‍ അസംബ്ലിയിലെ അംഗങ്ങള്‍ യോഗം ചേരുന്നത് പോലും അപകടകരമായി കണക്കാക്കപ്പെടും. ഭരണഘടന അനുശാസിക്കുന്ന യോഗ്യതകള്‍ ഉള്ള ഒരു പിന്‍ഗാമിയെയാണു കണ്ടെത്തേണ്ടത്. പുതിയ നേതാവ് പുരുഷനായിരിക്കണം, രാഷ്‌ട്രീയ പ്രാപ്‌തിയുള്ള, ധാര്‍മ്മികമായ അധികാരമുള്ള, ഇസ്ലാമിക റിപ്പബ്ലിക്കിനോട് കൂറ് പുലര്‍ത്തുന്ന മതപണ്ഡിതനായിരിക്കണം. കൂടുതല്‍ സാമൂഹിക സ്വാതന്ത്ര്യത്തിനും വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലിനും അനുകൂലമായ പുരോഗമനവാദികളായ മതപണ്ഡിതരെ ഒഴിവാക്കാന്‍ ഈ നിയമങ്ങള്‍ വ്യാഖ്യാനിക്കാന്‍ അസംബ്ലിക്ക് കഴിഞ്ഞേക്കും. പരിഗണനയിലുള്ള മതനേതാക്കള്‍ ഇവരാണ്‌്.
അലിറെസ അറഫി(67)
അധികം അറിയപ്പെടാത്ത വ്യക്‌തിയാണ് അറഫി. സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയസമ്പന്നനായ മതപണ്ഡിതനാണ് അദ്ദേഹം, ഖമനേയിയുടെ വിശ്വസ്‌തനായിരുന്നു. താല്‍ക്കാലിക നേതൃസമിതി അംഗമായി അദ്ദേഹത്തെ നിയമിച്ചതോടെ പരമോന്നത നേതാവാകാനുള്ള അദ്ദേഹത്തിന്റെ സാധ്യത കൂടിയിട്ടുണ്ട്. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനേയി വഹിച്ചിരുന്ന ചുമതലകള്‍ നിര്‍വഹിക്കുക.
നിലവില്‍ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിന്റെ ഡെപ്യൂട്ടി ചെയര്‍മാനായി സേവനമനുഷ്‌ഠിക്കുന്നു. തെരഞ്ഞെടുപ്പ് സ്‌ഥാനാര്‍ത്ഥികളെയും പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളെയും പരിശോധിക്കുന്ന ശക്‌തമായ ഗാര്‍ഡിയന്‍ കൗണ്‍സിലിലെ അംഗമായിരുന്നു. ഇറാനിലെ മതപഠന സ്‌ഥാപനങ്ങളുടെ തലവനും അദ്ദേഹമാണ്.
എങ്കിലും അറഫി ഒരു രാഷ്‌ട്രീയ ശക്‌തിയായി അറിയപ്പെടുന്നില്ല, സുരക്ഷാ സ്‌ഥാപനങ്ങളുമായി അടുത്ത ബന്ധമില്ല. സാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ളയാളാണ് അദ്ദേഹം. അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുണ്ട്.
മോജ്‌തബ ഖമനേയി(56)
ഖമനേയിയുടെ രണ്ടാമത്തെ മകനാണു മോജ്‌തബ. തിരശീലയ്‌ക്ക് പിന്നില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന വ്യക്‌തിയായി അദ്ദേഹം അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും ശക്‌തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായും (ഐ.ആര്‍.ജി.സി.) അതിന്റെ ബസീജ് വളണ്ടിയര്‍ പാരാമിലിറ്ററി ഫോഴ്‌സുമായും അദ്ദേഹത്തിന് ശക്‌തമായ ബന്ധമുണ്ട്.
എന്നാല്‍ ഷിയാ മുസ്ലിം മതപണ്ഡിത സമൂഹത്തില്‍ പിതാവില്‍നിന്ന് മകനിലേക്കുള്ള പിന്തുടര്‍ച്ച അംഗീകരിക്കാന്‍ സാധ്യതയില്ല. കൂടാതെ, മോജ്‌തബ ഉന്നത മതപണ്ഡിതനല്ല, ഭരണത്തില്‍ ഔദ്യോഗിക സ്‌ഥാനമൊന്നും വഹിക്കുന്നില്ല എന്നതും തടസമാണ്. 2019ല്‍ യു.എസ്. അദ്ദേഹത്തിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
മുഹമ്മദ് മെഹ്‌ദി മിര്‍ബാഗേരി(60)
മിര്‍ബാഗേരി തീവ്ര നിലപാടുള്ള മതപണ്ഡിതനും അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് അംഗവുമാണ്. ഇദ്ദേഹം മതപണ്ഡിത സമൂഹത്തിലെ ഏറ്റവും യാഥാസ്‌ഥിതിക വിഭാഗത്തെ പ്രതിനിധീകരിക്കുന്നു.
ഇസ്രയേലിന്റെ ഗാസയിലെ യുദ്ധത്തില്‍ ഉയര്‍ന്ന മരണസംഖ്യയെ ന്യായീകരിച്ചതായി സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദൈവവുമായി അടുക്കാന്‍ സാധിക്കുമെങ്കില്‍ ലോക ജനസംഖ്യയുടെ പകുതി മരിക്കുന്നത് പോലും 'വിലപ്പെട്ടതാണ്' എന്ന് അദ്ദേഹം പറഞ്ഞതായി പറയപ്പെടുന്നു.
ഇറാന്‍വൈര്‍ എന്ന ആക്‌ടിവിസ്‌റ്റ് ഔട്ട്‌ലെറ്റ് അനുസരിച്ച്, ഇദ്ദേഹം പടിഞ്ഞാറിനെ ശക്‌തമായി എതിര്‍ക്കുകയും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമിടയില്‍ ഒരു യുദ്ധം അനിവാര്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. നിലവില്‍ ഖോം പട്ടണത്തിലെ ഇസ്ലാമിക് സയന്‍സസ് അക്കാദമിയുടെ തലവനാണ് അദ്ദേഹം.
ഹസ്സന്‍ ഖൊമേനി(50)
ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സ്‌ഥാപകനായ ആയത്തുല്ല റൂഹൊള്ള ഖൊമേനിയുടെ ചെറുമകനാണ് ഹസ്സന്‍ ഖൊമേനി. ഇത് അദ്ദേഹത്തിന് മതപരവും വിപ്ലവകരവുമായ നിയമസാധുത നല്‍കുന്നു.
ഖൊമേനി മഖ്‌ബറയുടെ സൂക്ഷിപ്പുകാരനായി സേവനമനുഷ്‌ഠിക്കുന്നു. എന്നാല്‍ ഔദ്യോഗിക പദവികള്‍ വഹിച്ചിട്ടില്ല, രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിലോ ഭരണവര്‍ഗത്തിലോ കാര്യമായ സ്വാധീനം അദ്ദേഹത്തിനില്ല.
അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ അപേക്ഷിച്ച് മിതവാദിയായി അറിയപ്പെടുന്നു, 2016-ല്‍ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലേക്ക് മത്സരിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു.
ഹഷെം ഹൊസൈനി ബുഷേരി(60)
ബുഷേരി മുതിര്‍ന്ന മതപണ്ഡിതനാണ്. പിന്തുടര്‍ച്ച കൈകാര്യം ചെയ്യുന്ന സ്‌ഥാപനങ്ങളുമായി, പ്രത്യേകിച്ച് അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. അവിടെ അദ്ദേഹം ഒന്നാം ഡെപ്യൂട്ടി ചെയര്‍മാനായി സേവനമനുഷ്‌ഠിക്കുന്നു.
ഖമനേയിയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു, എന്നാല്‍ ആഭ്യന്തര തലത്തില്‍ അദ്ദേഹം ഏറെ പ്രശസ്‌തനല്ല.