-->
ദോഹ: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ എണ്ണ വിപണിക്കു തിരിച്ചടിയാകും. ഇസ്രായേല്‍, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, ഇറാഖ്, ഒമാന്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ ഇറാന്‍ ലക്ഷ്യമിട്ടത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാവിക പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ ഭീണിയും കൂടുതല്‍ തിരിച്ചടിക്ക് കാരണമാകും. ഇത് അസംസ്‌കൃത എണ്ണ വിലയിലാകും പ്രതിഫലിക്കുക.
ഹോര്‍മുസ് കടലിടുക്ക് കടന്നുപോകാന്‍ ഒരു കപ്പലിനും അനുവാദമില്ല എന്ന് ഇറാനിയന്‍ വിപ്ലവ ഗാര്‍ഡ് (ഐ.ആര്‍.ജി.സി.) ആവര്‍ത്തിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സന്ദേശങ്ങള്‍ കപ്പലുകള്‍ക്ക് ലഭിക്കുന്നുമുണ്ട്.
എന്നാല്‍, ഇറാന്‍ ഔദ്യോഗികമായി കടലിടുക്ക് അടച്ചിട്ടില്ല. പകരം, നിലവിലെ മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി ടാങ്കര്‍ ഉടമകള്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ, ഗ്യാസ് വിതരണം നിര്‍ത്തിവച്ചിട്ടുണ്ട്. ഗ്രീസ് പോലുള്ള രാജ്യങ്ങളും അവരുടെ കപ്പലുകള്‍ ആ ജലപാതയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കാന്‍ ഉപദേശിച്ചിട്ടുണ്ട്. ഈ പ്രധാന നാവിക പാതയിലെ ഏതൊരു അസ്‌ഥിരതയും ലോകമെമ്പാടുമുള്ള സാമ്പത്തിക സ്‌ഥിരതയെ ഉലേച്ചക്കാം.
ഹോര്‍മുസ് കടലിടുക്കിന്റെ ഒരു വശത്ത് ഒമാനും യു.എ.ഇയും മറുവശത്ത് ഇറാനുമാണ്. ഇത് അറേബ്യന്‍/പേര്‍ഷ്യന്‍ ഗള്‍ഫിനെ, അല്ലെങ്കില്‍ ഗള്‍ഫിനെ, ഒമാന്‍ ഉള്‍ക്കടലുമായും അതിനപ്പുറത്തുള്ള അറേബി കടലുമായും ബന്ധിപ്പിക്കുന്നു.
ഏറ്റവും വീതി കുറഞ്ഞ ഭാഗത്തിന് 33 കിലോ മീറ്ററാണു വീതി. ഷിപ്പിങ് പാതയ്‌ക്ക് വെറും മൂന്ന് കിലോമീറ്ററേ വീതിയുള്ളൂ.
വീതി കുറവാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് കാരിയറുകള്‍ ഈ ചാനല്‍ ഉപയോഗിക്കുന്നു. മധ്യേഷ്യയിലെ പ്രധാന എണ്ണ, വാതക കയറ്റുമതിക്കാര്‍ രാജ്യാന്തര വിപണികളിലേക്ക് വിതരണം നടത്താന്‍ ഇത് ആശ്രയിക്കുന്നു, ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ തടസമില്ലാത്ത പ്രവര്‍ത്തനത്തെ ആശ്രയിക്കുന്നു.
യു.എസ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്‌മിനിസ്‌ട്രേഷന്റെ(ഇ.ഐ.എ) കണക്ക് അനുസരിച്ച്, 2024ല്‍ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണയാണ് അതുവഴി കടന്നുപോയത്. പ്രതിവര്‍ഷം ഏകദേശം 50000 കോടി ഡോളര്‍ വിലമതിക്കുന്ന ആഗോള ഊര്‍ജ വ്യാപാരം, ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയി. കടലിടുക്ക് വഴി കടന്നുപോകുന്ന ക്രൂഡ് ഓയില്‍ ഇറാന്‍, ഇറാഖ്, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍നിന്നുള്ളതാണ്.
ദ്രവികീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി.) വ്യാപാരത്തിലും ഈ കടലിടുക്ക് നിര്‍ണായക പങ്ക് വഹിക്കുന്നു. ഇ.ഐ.എ. അനുസരിച്ച്, 2024ല്‍, ലോകത്തിലെ എല്‍.എന്‍.ജി. ഷിപ്‌മെന്റുകളുടെ ഏകദേശം അഞ്ചിലൊന്ന് ഈ ഇടനാഴിയിലൂടെ കടന്നുപോയി, ഇതില്‍ ഭൂരിഭാഗവും ഖത്തറില്‍നിന്നുള്ളതായിരുന്നു.
കടലിടുക്ക് എണ്ണ, വാതക കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യുന്നു.
ഇ.ഐ.എ. കണക്കാക്കുന്നത് 2024ല്‍, കടലിടുക്ക് വഴി കടന്നുപോകുന്ന ക്രൂഡ് ഓയില്‍, കണ്ടന്‍സേറ്റ് ഷിപ്പ്‌മെന്റുകളുടെ 84 ശതമാനം ഏഷ്യന്‍ വിപണികളെയാണു ലക്ഷ്യമിട്ടിരുന്നത്. വാതക വ്യാപാരത്തിലും സമാനമായ രീതി കാണാം, ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന എല്‍.എന്‍.ജിയുടെ 83 ശതമാനവും ഏഷ്യന്‍ ലക്ഷ്യസ്‌ഥാനങ്ങളിലേക്കായിരുന്നു.
ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവ കഴിഞ്ഞ വര്‍ഷം കടലിടുക്ക് വഴിയുള്ള മൊത്തം ക്രൂഡ് ഓയില്‍, കണ്ടന്‍സേറ്റ് വിതരണത്തിന്റെ 69 ശതമാനം ഉപയോഗിച്ചു. അവരുടെ ഫാക്‌ടറികള്‍, ഗതാഗത ശൃംഖലകള്‍, പവര്‍ ഗ്രിഡുകള്‍ എന്നിവ ഗള്‍ഫ് ഊര്‍ജത്തിന്റെ തടസമില്ലാത്ത പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു.
എണ്ണ വിലയിലെ വര്‍ധന ചൈന, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയ്‌ക്ക് തിരിച്ചടിയാകും.
കടലിടുക്ക് അടച്ചിടുന്നതിനുള്ള അന്തിമ തീരുമാനം എടുക്കേണ്ടത് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ്. ആ തീരുമാനം സര്‍ക്കര്‍ അംഗീകരിച്ചാലേ നടപ്പാകൂ.
എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ, വാതക ശേഖരങ്ങളിലൊന്നുള്ള ഈ മേഖലയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഊര്‍ജ വ്യാപാരികള്‍ അതീവ ജാഗ്രതയിലാണ്.
യുദ്ധം ആരംഭിച്ചതുമുതല്‍ കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
ഇന്നലെ ഒമാന്‍ തീരത്ത് ഒരു ഓയില്‍ ടാങ്കര്‍ ആക്രമിക്കപ്പെട്ടു, ഇത് സംഘര്‍ഷം വ്യക്‌തമായി വര്‍ധിക്കുന്നതിനെയും സൈനിക സൗകര്യങ്ങളില്‍നിന്ന് ഊര്‍ജ സ്വത്തുക്കളിലേക്കുള്ള ലക്ഷ്യങ്ങളുടെ മാറ്റത്തെയും സൂചിപ്പിക്കുന്നു. ഷിപ്പിങ് ഡേറ്റ പ്രകാരം, ക്രൂഡ് ഓയില്‍, ലിക്വിഡ് നാച്ചുറല്‍ ഗ്യാസ് (എല്‍.എന്‍.ജി.) ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള കുറഞ്ഞത് 150 ടാങ്കറുകളെങ്കിലും ഹോര്‍മുസ് കടലിടുക്കിന് പുറത്തുള്ള ഗള്‍ഫ് മേഖലയില്‍ നങ്കൂരമിട്ടിട്ടുണ്ട്.
മറൈന്‍ട്രാഫിക് പ്ലാറ്റ്‌ഫോമിനെ അടിസ്‌ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ പ്രധാന ഗള്‍ഫ് ഓയില്‍ ഉത്‌പാദകരുടെയും, എല്‍.എന്‍.ജി. ഭീമനായ ഖത്തറിന്റെയും തീരത്തുള്ള തുറന്ന ജലാശയങ്ങളില്‍ ടാങ്കറുകള്‍ കൂട്ടംകൂടി കിടക്കുന്നു.
'ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത് ലോകത്തില്‍ വ്യാപാരം നടക്കുന്ന എണ്ണയുടെ ഏകദേശം അഞ്ചിലൊന്ന് ഒറ്റരാത്രികൊണ്ട് തടസപ്പെടുത്തും വിലകള്‍ ഉയരുക മാത്രമല്ല, ഭയം കാരണം അതു നീണ്ടുനിന്നേക്കാം'-
ഇന്റര്‍നാഷണല്‍ ൈക്രസിസ് ഗ്രൂപ്പിലെ ഇറാന്‍ പ്രോജക്‌ട് ഡയറക്‌ടര്‍ അലി പറഞ്ഞു, 'ഈ ഞെട്ടല്‍ ഊര്‍ജ വിപണികള്‍ക്കപ്പുറം പ്രതിധ്വനിക്കും, സാമ്പത്തിക തകര്‍ച്ചയ്‌ക്കു കാരണമാകും. പണപ്പെരുപ്പം വര്‍ധിപ്പിക്കാനും കാരണമാകും'- അദ്ദേഹം തുടര്‍ന്നു. ഹോര്‍മുസ് വഴിയുള്ള ഊര്‍ജ പ്രവാഹങ്ങളിലെ ഏതൊരു തടസവും ഇന്ധന, ഫാക്‌ടറി ചെലവുകള്‍ വര്‍ധിപ്പിച്ച് ആഗോള സമ്പദ്‌വ്യവസ്‌ഥയെയും ബാധിക്കും. ആഗോള സമ്പദ്‌വ്യവസ്‌ഥക്ക്, എണ്ണ വിലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വര്‍ധന പണപ്പെരുപ്പത്തിന് കാരണമാകും. 'അസംസ്‌കൃത എണ്ണ വില ബാരലിന് 100 ഡോളര്‍ വരെ ഉയര്‍ന്ന് ആ നിലയില്‍ കുറച്ച് കാലം നിലനിന്നാല്‍, അത് ആഗോള പണപ്പെരുപ്പത്തില്‍ 0.60.7 ശതമാനം വരെ വര്‍ധന വരുത്തും. പ്രകൃതിവാതക വിലയിലും വര്‍ധനയ്‌ക്ക് കാരണമാകും.