-->
കുവൈത്ത്‌സിറ്റി: കുവൈത്തിന്റെ വ്യോമാതിര്‍ത്തിയും പ്രദേശവും ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ ആക്രമണത്തെ കുവൈറ്റിന്റെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്ന് മന്ത്രിസഭ വിശേഷിപ്പിച്ചു.
യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള കുവൈറ്റിന്റെ പൂര്‍ണ്ണമായ അവകാശം ഉപയോഗിക്കും. രാജ്യത്തെയും,സ്വദേശി വിദേശി പൗരന്മാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
മേഖലയിലെ ഇത്തരം ആക്രമണാത്മക സൈനിക നടപടികളുടെ തുടര്‍ച്ച പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്.
ഇറാന്റെ ആക്രമണത്തെ കുവൈറ്റിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ആക്രമണം വിജയകരമായി തടഞ്ഞുവെന്ന് പ്രസ്താവന സ്ഥിരീകരിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈന്‍, ഖത്തര്‍, ജോര്‍ദാന്‍ എന്നിവയ്‌ക്കെതിരായ ഇറാന്‍ ആക്രമണങ്ങളെ മന്ത്രിസഭ അപലപിച്ചു.
സഹോദര രാജ്യങ്ങളോട് കുവൈറ്റിന്റെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുകയും, സുരക്ഷ, സ്ഥിരത,പരമാധികാരം, എന്നിവ സംരക്ഷിക്കാന്‍ അവര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തു.
വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാനും
കിംവദന്തികളോ സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പൗരന്മാരോടും താമസക്കാരോടും മന്ത്രിസഭ അഭ്യര്‍ത്ഥിച്ചു.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകള്‍ തുടര്‍ച്ചയായ അപ്‌ഡേറ്റുകള്‍ നല്‍കും.
ആഭ്യന്തര തലത്തില്‍, കുവൈറ്റിന്റെ അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് സുസ്ഥിരവും പര്യാപ്തവുമാണെന്ന് മന്ത്രിസഭ സ്ഥിരീകരിച്ചു. ദീര്‍ഘകാലത്തേക്ക് ഇവ ലഭ്യമാണ്. സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വിതരണ ശൃംഖലകള്‍ തടസ്സമില്ലാതെ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്നു അറിയിച്ചു.
അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെയും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍-ഹമദ് അല്‍-സബാഹിന്റെയും വിവേകപൂര്‍ണ്ണമായ നേതൃത്വത്തില്‍ കുവൈറ്റിനും ജനങ്ങള്‍ക്കും സംരക്ഷണം ഉണ്ടാകുമെന്നും വ്യക്തമാക്കി.