-->
തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ കേന്ദ്രമാക്കി ഉയര്‍ന്ന മൂന്നാംമുറ ആരോപണത്തില്‍ മജിസ്‌ട്രേറ്റിനു വിശദമായ റിപ്പോര്‍ട്ട് കൈമാറി തിരുവനന്തപുരം ജില്ലാ ജയില്‍ സൂപ്രണ്ട്. പോലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ മോഷണക്കേസിലെ പ്രതി ജിനു തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
ഈ മാസം 21ന് വൈകിട്ട് ജയിലിലെത്തിച്ച ജിനുവിനും ഉണ്ണിക്കും ശാരീരിക അസ്വാസ്‌ഥ്യം ഉണ്ടായിരുന്നുവെന്ന് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിനുവിന് രണ്ടു പ്രാവശ്യം ഡയാലിസിസ് നടത്തിയ ഡോക്‌ടറുടെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റിനു സമര്‍പ്പിച്ചു. ഗുരുതര പരിക്കുകളോടെയാണ് പ്രതിയെ ജയിലിലെത്തിച്ചതെന്ന സൂചനകളാണ് രേഖകളില്‍ നിന്ന് പുറത്തുവരുന്നത്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മര്‍ദനമേറ്റവരുടെ മൊഴിയെടുത്തിട്ടുണ്ട്.
വിഷയത്തില്‍ സിറ്റി പോലീസ് കമ്മിഷണറോടും റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ ഗ്രേഡ് എസ്.ഐ: ശ്രീകുമാര്‍, പോലീസുകാരായ സുനില്‍, സിജുകുമാര്‍, ഗിരീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. കസ്‌റ്റഡി മര്‍ദനത്തിനു പ്രത്യേക കേസെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സി.സി. ടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് സെല്ലിനുള്ളിലെ മര്‍ദനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.