-->
ടെഹ്‌റാന്‍/അബുദാബി/ടെല്‍ അവീവ്: ഇസ്രയേല്‍-യു.എസ്. സംയുക്‌താക്രമണത്തിനു മറുപടിയായി, യു.എസിനു സൈനികതാവളങ്ങളുള്ള യു.എ.ഇയിലെ അബുദാബി, ദുബായ്, ഖത്തര്‍, ദോഹ, സൗദി അറേബ്യയിലെ റിയാദ്, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഇറാന്റെ കനത്ത പ്രത്യാക്രമണം. ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസുകള്‍ക്കു സമീപമാണ് ഇന്നലെ ഇസ്രയേല്‍-യു.എസ്. സംയുക്‌താക്രമണത്തില്‍ ആദ്യ മിസൈല്‍ പതിച്ചത്. ഖമനേയിയെ സുരക്ഷിതതാവളത്തിലേക്കു മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പ്രതിരോധമന്ത്രി ആമീര്‍ നാസിര്‍ സാദെയും ഐ.ആര്‍.ഡി.സി. കമാന്‍ഡര്‍ മുഹമ്മദ് പക്‌പോര്‍ എന്നിവര്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു.
ഇറാന്റെ ആണവ-ബാലിസ്‌റ്റിക് മിസൈല്‍ പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ആക്രമണം ആരംഭിച്ചത്. തീരുമാനത്തിലെത്താന്‍ 10 ദിവസത്തെ സാവകാശവും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയിരുന്നു. അതിനിടെ ആക്രമണം തുടങ്ങുകയായിരുന്നു. ഇറാനില്‍ ഭരണകൂട മാറ്റമാണ് ഇപ്പോള്‍ ട്രംപ് ലക്ഷ്യമിടുന്നതെന്നാണു സൂചന.
ഇറാനും യു.എസുമായി ദീര്‍ഘനാളായുള്ള സംഘര്‍ഷത്തില്‍ ഇസ്രയേലും ഭാഗഭാക്കായതോടെ കനത്തയുദ്ധത്തിനാണു മധ്യേഷ്യ സാക്ഷ്യം വഹിക്കുന്നത്. ഇറാന്‍ സമയം ഇന്നലെ രാവിലെ 9:27നാണു ടെഹ്‌റാനില്‍ ആദ്യ മിസൈല്‍ പതിച്ചത്. ഇസ്രയേലിനു നേരെയും ഇറാന്‍ മിസൈല്‍ തൊടുത്തെങ്കിലും ശക്‌തമായ പ്രതിരോധം മറികടക്കാനായില്ല. ഇറാനിലെ രണ്ട് സ്‌കൂളുകളില്‍ മിസൈല്‍ പതിച്ച് 85 പേര്‍ കൊല്ലപ്പെട്ടു. അബുദാബിയിലെ ജനവാസമേഖലയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഏഷ്യന്‍ വംശജന്‍ കൊല്ലപ്പെട്ടതായി യു.എ.ഇ. പ്രതിരോധമന്ത്രാലയം അറിയിച്ചു. ദുബായില്‍ നിരവധി സ്‌ഫോടനശബ്‌ദങ്ങള്‍ കേട്ടതായും ആകാശത്തു മിസൈലുകള്‍ ചീറിപ്പായുകയാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇറാന്‍ മിസൈല്‍ പതിച്ച് ദുബായിയിലെ പാം ജുമൈറയിലുള്ള ഫെയര്‍മോണ്ട് ഹോട്ടലിനു തീപിടിച്ചു. നാലു പേര്‍ക്കു പേര്‍ക്കു പരുക്കേറ്റു. തീ അണച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മനാമയില്‍ യു.എസ്. നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പട ആസ്‌ഥാനം ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായതായി ബഹ്‌റൈന്‍ സ്‌ഥിരീകരിച്ചു. ജോര്‍ദാനില്‍ മിസൈല്‍ ആക്രമണമുന്നറിയിപ്പുമായി നിരവധി തവണ സൈറണുകള്‍ മുഴങ്ങി. ഇറാന്റെ മിസൈലുകളെ ശക്‌തമായി പ്രതിരോധിച്ചെന്ന് ഖത്തറും കുവൈത്തും വ്യക്‌തമാക്കി. ഇറാന്റെ കടന്നാക്രമണത്തെ ശക്‌തമായി അപലപിച്ച സൗദി അറേബ്യ, കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ നിലവില്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളിലെല്ലാം അമേരിക്കയ്‌ക്കു സൈനികതാവളങ്ങളുണ്ട്. അബുദാബിയിലെ അല്‍ ധഫ്ര വ്യോമതാവളം യു.എസിന്റെയും യു.എ.ഇയുടെയും വ്യോമസേനകള്‍ പങ്കിട്ട് ഉപയോഗിക്കുന്നതാണ്. ദുബായിലെ ജെബല്‍ അലി തുറമുഖം മധ്യേഷ്യയില്‍ യു.എസ്. നാവികസേന ഉപയോഗിക്കുന്ന ഏറ്റവും വലിയ തുറമുഖമാണ്. യു.എസ്. വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടെ പതിവായി ഇവിടെ നങ്കൂരമിടാറുണ്ട്. ദോഹയിലെ 24 ഹെക്‌ടര്‍ അല്‍ ഉദൈദ് വ്യോമതാവളം യു.എസ്. സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വേഡ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സാണ്. സൗദി അറേബ്യയില്‍ രണ്ടായിരത്തിലേറെ യു.എസ്. സൈനികരുണ്ട്. ഇവരില്‍ ഏറെയും റിയാദിനു സമീപം പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം കേന്ദ്രീകരിച്ചാണ് തമ്പടിച്ചിരിക്കുന്നത്.
ഇറാനെതിരേ കനത്ത സൈനികനടപടി ആരംഭിച്ചതായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ദൗത്യത്തിന് 'എപിക് ഫ്യൂറി' എന്നാണ് പെന്റഗണ്‍ പേരിട്ടിരിക്കുന്നത്. ഇറാനില്‍നിന്നുള്ള ഭീഷണി നേരിടാനാണ് യു.എസുമായി ചേര്‍ന്നുള്ള സംയുക്‌തദൗത്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്‌തമാക്കി. സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ മധ്യേഷ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇസ്രയേല്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ വ്യോമപാത അടച്ചു. ആഴ്‌ചകളായി ഗള്‍ഫ് മേഖലയില്‍ യു.എസ് വലിയൊരു യുദ്ധവിമാന, യുദ്ധക്കപ്പല്‍ ശേഖരം സമാഹരിച്ചിരുന്നു.