Wednesday, March 11, 2026 Last Updated 59 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.33 PM

ഇറാന്‍- യു.എസ്‌. യുദ്ധം: ആര്‌ ആര്‍ക്കൊപ്പം...

uploads/news/2026/02/827812/int2.jpg

ടെഹ്‌റാന്‍: അമേരിക്കയും ഒപ്പം കൂടിയതോടെ ശത്രുവായ ഇറാനെ വീഴ്‌ത്താനുള്ള സുപ്രധാന അവസരമാണ്‌ ഇസ്രയേലിനു മുന്നില്‍ തുറന്നുകിട്ടിയത്‌. ഇറാനിലെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനെയി, പ്രസിഡന്റ്‌ മസൂദ്‌ പെസെഷ്‌കിയാന്‍ എന്നിവരെ ഇസ്രായേല്‍ ലക്ഷ്യമിട്ടിട്ടുണ്ട്‌. ഷാ ഭരണകാലത്ത്‌ ഇസ്രയേലിന്റെ സുഹൃത്തായിരുന്നു ഇറാന്‍. ഇസ്ലാമിക വിപ്ലവത്തോടെ ബന്ധങ്ങള്‍ മാറിമറിഞ്ഞു.

ഇറാനെ പിന്തുണയ്‌ക്കുന്നവര്‍

സംഘര്‍ഷത്തിനിടയില്‍ ഇറാന്‍ മേഖലയില്‍ ഒറ്റപ്പെട്ട നിലയിലാണ്‌. സഖ്യകക്ഷികളുടെ ഒരു നിരതന്നെ അവര്‍ക്കുണ്ടായിരുന്നു. ആ സഖ്യത്തെ 'പ്രതിരോധത്തിന്റെ അച്ചുതണ്ട്‌' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്‌. അര്‍ദ്ധസൈനിക ഗ്രൂപ്പുകളുടെ ഒരു ശൃംഖല തന്നെ അവര്‍ക്കൊപ്പമുണ്ടായിരുന്നു.
യു.എസ്‌. അല്ലെങ്കില്‍ ഇസ്രയേലില്‍നിന്നുള്ള നേരിട്ടുള്ള സൈനിക ആക്രമണങ്ങളില്‍നിന്ന്‌ ഒരു പരിധി വരെ അവര്‍ ഇറാനൊപ്പംനിന്നു. ലെബനനിലെ ഹിസ്‌ബുള്ള, ഇറാഖിലെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ്‌ (പി.എം.എഫ്‌.), യെമനിലെ ഹൂത്തികള്‍, ഗാസയിലെ ഹമാസ്‌ എന്നിവര്‍ 'പ്രതിരോധത്തിന്റെ അച്ചുതണ്ടി'ല്‍ ഉള്‍പ്പെടുന്നു. ഇറാന്‌ ഇറാഖിനും യെമനിലും ശക്‌തമായ സ്വാധീനമുണ്ട്‌. റഷ്യ, ചൈന എന്നിവയുമായി ഇറാനു സൈനിക സഹകരണവുമുണ്ട്‌.
യു.എസ്‌. ആക്രമണങ്ങളെ റഷ്യ അപലപിച്ചിട്ടുണ്ട്‌. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനെ റഷ്യന്‍ മുന്‍ പ്രസിഡന്റ്‌ ദിമിത്രി മെഡ്‌വെദേവ്‌ 'സമാധാനം കൊണ്ടുവരുന്നയാള്‍ വീണ്ടും തന്റെ യഥാര്‍ഥ മുഖം കാണിച്ചു' എന്നാണു വിമര്‍ശിച്ചത്‌. യു.എസിന്‌ 249 വര്‍ഷം മാത്രമേ പ്രായമുള്ളൂ. പേര്‍ഷ്യന്‍ സാമ്രാജ്യം 2,500 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സ്‌ഥാപിതമായി'- അദ്ദേഹം പറഞ്ഞു.ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മറ്റൊരു ഏഷ്യന്‍ ശക്‌തി പാകിസ്‌താനാണ്‌ - ആണവശേഷിയുള്ള ഏക മുസ്ലിം രാജ്യം. പക്ഷേ, 2025 ജൂണില്‍ നടന്ന 12 ദിവസത്തെ ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തില്‍ പാകിസ്‌താന്‍ നേതാക്കള്‍ നിശബ്‌ദത പാലിച്ചു.

അമേരിക്കയോടൊപ്പം

ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ ഉണ്ടെങ്കിലും യു.എ.ഇ, ഖത്തര്‍, കുവൈത്ത്‌ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ പിന്തുണ യു.എസിനാണ്‌. ഇറാനെ ഒരു ഭീഷണിയായാണ്‌ ഈ രാജ്യങ്ങള്‍ കാണുന്നത്‌. ഇറാനിയന്‍ ബാലിസ്‌റ്റിക്‌ മിസൈലുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ തടഞ്ഞതായി യു.എ.ഇ. അറിയിച്ചു. ദോഹയില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതിനു പിന്നാലെ ഖത്തര്‍ തങ്ങളുടെ മണ്ണില്‍ നടന്ന ഇറാനിയന്‍ ബാലിസ്‌റ്റിക്‌ മിസൈല്‍ ആക്രമണത്തെ അപലപിച്ചു. രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍, ഖത്തര്‍ ഇതിനെ തങ്ങളുടെ പരമാധികാരത്തിനുമേലുള്ള വ്യക്‌തമായ ലംഘനമായി കണക്കാക്കുന്നുവെന്നും ആക്രമണത്തിന്‌ പ്രതികരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും വ്യക്‌തമാക്കി.'വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകളെ ആകാശത്തുവച്ചു നേരിട്ടു'- കുവൈത്ത്‌ ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.
യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്‌, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു.എസ്‌. സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു.സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‌താവനയില്‍ ആക്രമണത്തിന്‌ ഇരയായ അഞ്ചു രാജ്യങ്ങളോടും ഐക്യദാര്‍ഢ്യം അറിയിച്ചു. ഇറാനോടുള്ള പ്രതികരണമായി അവര്‍ എടുക്കുന്ന ഏത്‌ നടപടികളെയും പിന്തുണയ്‌ക്കുമെന്നും സൗദി അറിയിച്ചു. ജര്‍മ്മനി, ഫ്രാന്‍സ്‌ എന്നിവരുള്‍പ്പെടെ അമേരിക്കയുടെ പാശ്‌ചാത്യ സഖ്യകക്ഷികളും ഇറാനെ അപലപിച്ചു. സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുന്ന ഏത്‌ സംരംഭത്തെയും പിന്തുണയ്‌ക്കുമെന്ന്‌ ഇറ്റലി അറിയിച്ചു.

Ads by Google
Saturday 28 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW