-->
അബുദാബി : ഇന്നലെയുണ്ടായ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് അടിയന്തര സുരക്ഷ തേടാന്‍ അബുദാബി നിവാസികള്‍ക്കും പ്രവാസികള്‍ക്കും യു.എ.ഇയുടെ മുന്നറിയിപ്പ്. മിസൈല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നൂം അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തില്‍ ഉടന്‍ അഭയം തേടാനുമാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.
ജനാലകളുടെയും വാതിലുകളുടെയും സമീപം നില്‍ക്കരുതെന്നും തുറന്ന സ്‌ഥലങ്ങളില്‍ നിലയുറപ്പിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തരസന്ദേശം ഫോണുകളിലൂടെയാണു ജനങ്ങളിലെത്തിയത്. ഈ സമയത്ത് ഫോണുകള്‍ പെട്ടെന്നു പ്രകാശിച്ചതായി ആളുകള്‍ പറഞ്ഞു. ഇറാന്റെ ബാലിസ്‌റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഏഷ്യന്‍ പൗരനായ ഒരാള്‍ കൊല്ലപ്പെട്ടതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എന്നാല്‍ ആക്രമണത്തെ ശക്‌തമായി പ്രതിരോധിക്കാനും നിരവധി മിസൈലുകള്‍ തകര്‍ക്കാനും യു.എ.ഇ വ്യോമസേനയ്‌ക്കു കഴിഞ്ഞതായി ഭരണകൂടം വ്യക്‌തമാക്കി. ആക്രമണങ്ങളോടു പ്രതികരിക്കാനുള്ള പൂര്‍ണ അവകാശം അബുദാബിക്കുണ്ട്. ജനവാസ മേഖലയില്‍ ഷ്രാപ്‌നല്‍ വീണതിനാലാണു മരണം സംഭവിച്ചതെന്നും അവര്‍ വിശദീകരിച്ചു. ഷ്രാപ്പ്‌നലോ സംശയാസ്‌പദമായ വസ്‌തുക്കളോ വീണ സ്‌ഥലങ്ങളില്‍നിന്ന് ഉടന്‍ അകന്നുനില്‍ക്കാനാണ് യു.എ.ഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വീണുകിടക്കുന്ന വസ്‌തുക്കളെ സമീപിക്കുകയോ അവയുടെ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അസാധാരണ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ യു.എ.ഇയുടെ വ്യോമാതിര്‍ത്തി ഭാഗികമായി അടയ്‌ക്കുകയും ചെയ്‌തു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയും അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും എല്ലാ ഇന്ത്യന്‍ പൗരന്മാരോടും എംബസി ആവശ്യപ്പെട്ടു.
യു.എ.ഇ അധികൃതരുടെയും എംബസിയുടെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ടോള്‍ ഫ്രീ നമ്പറുകളിലോ വാട്ട്‌സാപ് നമ്പറുകളിലോ ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ കോണ്‍സുലേറ്റ് ജനറലും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.