Wednesday, March 11, 2026 Last Updated 34 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.33 PM

ഇറാനില്‍ ആശങ്ക, ചിലര്‍ക്ക്‌ ആശ്വാസവും

ദോഹ: കരച്ചിലുകള്‍, അലര്‍ച്ച, പ്രാര്‍ഥന... ഇറാനില്‍നിന്നു പുറത്തു വന്ന സാമൂഹിക മാധ്യമ വീഡിയോകളില്‍ നിറയുന്നത്‌ അതാണ്‌. എന്നാല്‍, നിലവിലുള്ള ഭരണകൂടം പുറത്താകുമെന്ന്‌ പ്രതീക്ഷവച്ചു പുലര്‍ത്തുന്നവരും ഇറാന്‍ പൗരന്മാരിലുണ്ട്‌. പ്രാദേശിക സമയം ഇന്നലെ രാവിലെയാണ്‌ ഇറാന്‍ നഗരങ്ങളില്‍ ബോംബ്‌ പതിച്ചുതുടങ്ങിയത്‌. ഭരണകൂടത്തിന്റെ പതനം സൈനിക ഇടപെടലിലൂടെ മാത്രമേ സാധ്യമാകൂ എന്ന്‌ വിശ്വസിക്കുന്ന ചിലരാണ്‌ സാമൂഹിക മാധ്യമങ്ങളിലൂടെ ആശ്വാസം അറിയിച്ചത്‌. ഒരു വീഡിയോയില്‍, ഒരു സ്‌ത്രീ വലിയ ആശ്വാസത്തോടെ, ആയത്തുള്ള ഖമേനിയുടെ വസതിയാണ്‌ ആക്രമിക്കപ്പെട്ടതെന്ന്‌ പറയുന്നത്‌ കേള്‍ക്കാം.
മറ്റൊരു ക്ലിപ്പില്‍, ഒരു സ്‌കൂളിലെ കൗമാരക്കാര്‍ നൃത്തം ചെയ്യുകയും 'ട്രംപിനെ ഞാന്‍ സ്‌നേഹിക്കുന്നു' എന്ന്‌ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതായി കാണാം. നിരവധി ആളുകള്‍ യു.എസ്‌. ആക്രമണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി മുതല്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. തലസ്‌ഥാനമായ ടെഹ്‌റാനിലെ പല താമസക്കാരും സുരക്ഷിതമാണെന്ന്‌ കരുതുന്ന കാസ്‌പിയന്‍ കടലിനടുത്തുള്ള വടക്കന്‍ ഭാഗത്തേക്ക്‌ നീങ്ങിയിരുന്നു. ആക്രമണങ്ങള്‍ ആരംഭിച്ചതു മുതല്‍ ഇറാനില്‍ ഏകദേശം പൂര്‍ണമായ ഒരു ഇന്റര്‍നെറ്റ്‌ നിരോധനമാണ്‌.
ചിലര്‍ സ്‌പേസ്‌എക്‌സിന്റെ സ്‌റ്റാര്‍ലിങ്ക്‌ സാറ്റലൈറ്റ്‌ ഇന്റര്‍നെറ്റ്‌, വെര്‍ച്വല്‍ ൈപ്രവറ്റ്‌ നെറ്റ്‌വര്‍ക്കുകള്‍ പോലുള്ളവ ഉപയോഗിച്ചാണു പുറംലോകവുമായി ബന്ധപ്പെടുന്നത്‌.
'അമേരിക്കയും ഇസ്രയേലും ആക്രമിക്കാന്‍ തുടങ്ങിയതുവരെ ഞങ്ങള്‍ക്ക്‌ ആശങ്കയില്ലായിരുന്നു. ഞങ്ങളുടെ കുട്ടികള്‍ രാവിലെ സ്‌കൂളില്‍ പോയി. ഞങ്ങള്‍ അവരെ മടക്കിക്കൊണ്ടുവന്നു'- ഒരാള്‍ ബി.ബി.സി. ലേഖകനോട്‌ പറഞ്ഞു. ചിലര്‍ തങ്ങളുടെ മരണശേഷം എന്ത്‌ ചെയ്യണമെന്നാണു സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്‌് . 'ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കൂ' - ഒരാള്‍ കുറിച്ചു.
മറ്റൊരാള്‍ എഴുതി: 'ഈ യുദ്ധത്തിന്‌ കാരണമായ ഏകാധിപത്യത്തെ ശപിക്കുന്നു. ഞങ്ങള്‍ ഇതിനകം മൂന്ന്‌ യുദ്ധങ്ങള്‍ സഹിച്ചിരിക്കുന്നു. ഇനി വയ്യ' 'ഞങ്ങള്‍ മനുഷ്യരാണ്‌, ജീവിക്കാനുള്ള അവകാശമുണ്ട്‌. ഞങ്ങളുടെ ഭാവി വ്യക്‌തികളെ ആശ്രയിച്ചുള്ളതാകരുത്‌.' - ഒരാള്‍ എഴുതി.
'ഞങ്ങള്‍ക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍, ഞങ്ങളുടെ കുട്ടികളെ നിങ്ങള്‍ സംരക്ഷിക്കുമെന്നും അവരോട്‌ വളരെ ദയയോടെ പെരുമാറുമെന്നും വാഗ്‌ദാനം ചെയ്യുക. ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്‌തു എന്ന്‌ അവരോട്‌ പറയുക ഞങ്ങള്‍ നിശബ്‌ദമായ മാര്‍ച്ചിന്‌ പിന്തുണ നല്‍കി, വോട്ട്‌ ചെയ്‌തു, ഒന്നിലധികം ഷിഫ്‌റ്റുകളില്‍ ജോലി ചെയ്‌തു, വലിയ ദുരിതങ്ങള്‍ സഹിച്ചു.' - ഒരാള്‍ ബി.ബി.സിയോട്‌ പറഞ്ഞു.

Ads by Google
Saturday 28 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW