Wednesday, March 11, 2026 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.33 PM

ഏറ്റുമുട്ടി പാകിസ്‌താനും അഫ്‌ഗാനിസ്‌ഥാനും

കാബൂള്‍: പാകിസ്‌താന്‍ - അഫ്‌ഗാനിസ്‌ഥാന്‍ ഏറ്റുമുട്ടല്‍ തുറന്ന യുദ്ധത്തിലേക്ക്‌. പാക്‌ ആക്രമണത്തില്‍ 300 അഫ്‌ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 55 പാകിസ്‌താന്‍ സൈനികരെ വധിച്ചതായി അഫ്‌ഗാനിസ്‌ഥാനും അവകാശപ്പെട്ടു. തങ്ങളുടെ 12 സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്‌താന്‍ സ്‌ഥിരീകരിച്ചപ്പോള്‍, 13 താലിബാന്‍ പോരാളികളെ നഷ്‌ടപ്പെട്ടതായി അഫ്‌ഗാനിസ്‌ഥാന്‍ അറിയിച്ചു. കാബൂള്‍, കാണ്ഡഹാര്‍, മറ്റ്‌ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ പാകിസ്‌താന്‍ ആക്രമണം നടത്തി. ചര്‍ച്ചയ്‌ക്ക്‌ തയാറാണെന്നു താലിബാന്‍ സൂചന നല്‍കിയിട്ടുണ്ട്‌. ദിവസങ്ങളായി പാകിസ്‌താന്‍ വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇന്നലെയാണു യുദ്ധപ്രഖ്യാപനമുണ്ടായത്‌. ജലാലാബാദില്‍ പാകിസ്‌താന്‍ യുദ്ധവിമാനം തകര്‍ത്തതായും പൈലറ്റിനെ പിടികൂടിയതായും അഫ്‌ഗാന്‍ സേന അവകാശപ്പെട്ടു. എന്നാല്‍, അഫ്‌ഗാന്‍ അവകാശവാദം പാകിസ്‌താന്‍ തള്ളി.
മിറാന്‍ഷയിലെയും സ്‌പിന്‍വാമിലെയും പാകിസ്‌താന്‍ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ട്‌ കാബൂളിലെ താലിബാന്‍ നേതൃത്വത്തിലുള്ള സേന ഓപ്പറേഷന്‍ 'റാഡ്‌ അല്‍-സുലും' പ്രകാരം ഡ്രോണ്‍ ആക്രമണം നടത്തി. പാകിസ്‌താന്‍ രാത്രിയിലും കര, വ്യോമ ആക്രമണങ്ങള്‍ തുടര്‍ന്നു. പാകിസ്‌താന്‍ വ്യോമസേന (പി.എ.എഫ്‌.) നന്‍ഗര്‍ഹറിലെ താലിബാന്‍ സ്‌ഥാനങ്ങള്‍ ലക്ഷ്യമിട്ട്‌ ആക്രമണം നടത്തി. പാക്‌ കരസേന നിരവധി അതിര്‍ത്തി പോസ്‌റ്റുകള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ആഴ്‌ച അവസാനം പാകിസ്‌താന്‍ അഫ്‌ഗാന്‍ പ്രദേശത്തിനുള്ളില്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷം ആരംഭിച്ചത്‌. വ്യാഴാഴ്‌ച അഫ്‌ഗാന്‍ സൈന്യം അതിര്‍ത്തിയിലെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള പാകിസ്‌താന്‍ സൈനിക സ്‌ഥാനങ്ങളിലും സ്‌ഥാപനങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. 2,600 കിലോമീറ്ററുള്ള അതിര്‍ത്തിയില്‍ ദിവസങ്ങളോളം തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നിരുന്നു. ആക്രമണത്തിന്‌ ഇരുപക്ഷവും പരസ്‌പരം കുറ്റപ്പെടുത്തി.

Ads by Google
Saturday 28 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW