-->
ദുബായ്: സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍. ആക്രമണത്തില്‍ അബുദാബിയില്‍ ഒരാള്‍ മരിച്ചു. ജനവാസകേന്ദ്രത്തില്‍ മിസൈല്‍ അവശിഷ്‌ടങ്ങള്‍ പതിച്ചാണ് ആള്‍നാശമുണ്ടായതെന്ന് യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍ വംശജനാണ് കൊല്ലപ്പെട്ടത്‌്. ഇയാളെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഭീതിയുടെ അന്തരീക്ഷത്തില്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായിയിലെ ബുര്‍ജ് ഖലീഫ അടിയന്തരമായി ഒഴിപ്പിച്ചു. സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ കെട്ടിടത്തില്‍നിന്നു പുറത്തിറക്കി.
യു.എ.ഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ള യു.എസിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ തിരിച്ചടി. വന്‍ സ്‌ഫോടനശബ്‌ദവും തലയ്‌ക്കു മുകളിലൂടെ മിസൈലുകള്‍ പായുന്നതിനും സാക്ഷ്യം വഹിച്ചതായി ദുബായ് നിവാസികള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. വമ്പന്‍ സ്‌ഫോടനമാണ് കേട്ടതെന്നും വാതിലുകളും ജനലുകളും ഉള്‍പ്പെടെ വിറച്ചതായുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.