Wednesday, March 11, 2026 Last Updated 38 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.32 PM

ഒമാനെ വെറുതേ വിട്ടു

ടെഹ്‌റാന്‍: ഇസ്രയേലും ഇറാനും തമ്മില്‍ പൂര്‍ണ തോതിലുള്ള സംഘര്‍ഷം ആരംഭിച്ച വാര്‍ത്തയോടെയാണ്‌ ഒമാന്‍ പൗരന്മാര്‍ ശനിയാഴ്‌ച ഉണര്‍ന്നത്‌. ദുബായ്‌ മുതല്‍ ദോഹ വരെയുള്ള നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങിയപ്പോള്‍, ഗള്‍ഫിലെ ഒരു രാജ്യം വ്യത്യസ്‌ത നിലകൊണ്ടു. 'മധ്യപൂര്‍വദേശത്തിന്റെ സ്വിറ്റ്‌സര്‍ലാന്‍ഡ്‌' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഒമാന്‍. ഇറാന്റെയും ഇസ്രയേലിന്റെയും മിസൈലുകളില്‍നിന്ന്‌ അവര്‍ ഏറെക്കുറെ സുരക്ഷിതമായി നിന്നു.
ആ ബന്ധത്തിന്റെ അടിസ്‌ഥാനം ചരിത്രം, ഭൂമിശാസ്‌ത്രം, നയതന്ത്രം, തന്ത്രപരമായ പ്രായോഗികത എന്നിവയുടെ മിശ്രിതമാണ്‌. 1970കളില്‍ തുടങ്ങിയ പരിവര്‍ത്തനയാണ്‌ 'മധ്യപൂര്‍വദേശത്തിന്റെ സ്വിറ്റ്‌സര്‍ലാന്‍ഡ്‌' എന്ന വിശേഷണത്തിലേക്ക്‌ ഒമാനെ നയിച്ചത്‌.

50 വര്‍ഷത്തെ ബന്ധം
ഒമാനിലെ ധോഫാര്‍ ലഹളയുടെ സമയത്താണു പരിവര്‍ത്തനങ്ങള്‍ക്കു തുടക്കമായത്‌. മാര്‍ക്‌സിസ്‌റ്റ്‌ വിമതരെ പരാജയപ്പെടുത്താന്‍ ഇറാനിലെ ഷാ ഭരണകൂടം ഒമാനിലേക്കു സൈനികരെ അയച്ചു. അന്നു തുടങ്ങിയ അടുപ്പം ഷാ ഭരണകൂടം പുറത്തായിട്ടും ഒമാന്‍ തുടര്‍ന്നു. 1979നു ശേഷം, ഇറാനെ പല ഗള്‍ഫ്‌ രാജകുടുംബങ്ങളും സംശയത്തോടെ വീക്ഷിച്ചപ്പോഴും, ഒമാന്‍ ബന്ധം മികച്ചബന്ധം നിലനിര്‍ത്തി.
ഈ ആദ്യകാല സഹകരണം ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഒരു സ്‌ഥാപനപരമായ വിശ്വാസം വളര്‍ത്തുന്നതില്‍ നിര്‍ണായകമായിരുന്നു. ഭരണമാറ്റം സംഭവിച്ച ഇറാനിലും ഈ ബന്ധം നിലനിന്നു.
'മധ്യപൂര്‍വദേശത്തിന്റെ
സ്വിറ്റ്‌സര്‍ലാന്‍ഡ്‌ '

ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘര്‍ഷത്തിലും ഒമാന്റെ നിഷ്‌പക്ഷ വിദേശ നയം ശ്രദ്ധേയമാണ്‌. ഗള്‍ഫ്‌ സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി.) അംഗമാണെങ്കിലും, രാജ്യം ഒരു വ്യത്യസ്‌ത നയതന്ത്ര നിലപാട്‌ പുലര്‍ത്തുന്നു. സൗദി അറേബ്യയുടെയും അയല്‍രാജ്യങ്ങളുടെയും ഇറാന്‍ വിരുദ്ധ നിലപാടുകളോട്‌ പൂര്‍ണമായി യോജിക്കാന്‍ ഒമാന്‍ വിസമ്മതിച്ചിട്ടുണ്ട്‌. അവര്‍ കൂടുതലും അക്രമരഹിതമായ തന്ത്രം പിന്തുടരുകയും ഇറാനുമായും പാശ്‌ചാത്യ ശക്‌തികളുമായും സമതുലിതമായ ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നു. സംഘര്‍ഷ സമയങ്ങളില്‍ ഒമാനു പ്രയോജനകരമായ ഒരു തന്ത്രമാണിത്‌.
ഇറാനും അതിന്റെ എതിരാളികളും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്താന്‍ ഒമാന്‍ പലപ്പോഴും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2015ലെ ആണവ കരാറിനു വഴിയൊരുക്കിയ രഹസ്യ ചര്‍ച്ചകള്‍ക്ക്‌ ഒമാന്‍ വേദിയായിരുന്നു. ഇപ്പോഴത്തെ സംഘര്‍ഷമുള്‍പ്പെടെ, രൂക്ഷമായ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കിക്കൊണ്ട്‌, ഇരുവര്‍ക്കുമിടയില്‍ ഒരു നയതന്ത്ര പാലമായി ഒമാന്‍ പ്രവര്‍ത്തിക്കുന്നത്‌ തുടരുന്നു.
ഒമാനെ ആക്രമിക്കുന്നത്‌ അപകടം

ഇറാന്റെ വീക്ഷണത്തില്‍ ഒമാനെ ആക്രമിക്കുന്നത്‌ ചെലവേറിയ ചൂതാട്ടമാണ്‌. പ്രതിസന്ധിഘട്ടങ്ങളില്‍ പോലും ആശയവിനിമയ ചാനലുകള്‍ തുറന്നിടുന്ന വളരെ കുറച്ച്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒമാനും ഉള്‍പ്പെടുന്നു. അവരെ ശത്രുതയിലാക്കുന്നത്‌ ഇറാനു തിരിച്ചടിയാകും.
ഭൂമിശാസ്‌ത്രപരമായ പ്രശ്‌നമുണ്ട്‌. ഇറാനും ഒമാനും ഹോര്‍മുസ്‌ കടലിടുക്ക്‌ സംയുക്‌തമായി പങ്കിടുന്നു, ഇത്‌ ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ഗതാഗത മാര്‍ഗമാണ്‌. അതിനാല്‍, ഒമാനും ഇറാനും കടല്‍ സുരക്ഷയ്‌ക്കും ടാങ്കര്‍ റൂട്ടുകള്‍ സംരക്ഷിക്കുന്നതിനും ശ്രദ്ധ നല്‍കിയിട്ടുണ്ട്‌.
സാമ്പത്തികമായി, ഇത്‌ പരസ്‌പരം പ്രയോജനകരമായ ഒരു ക്രമീകരണമാണ്‌. ഇറാന്‍ ഗ്യാസ്‌ കയറ്റുമതിയുടെ കേന്ദ്രമായി ഒമാനെ മാറ്റുക എന്ന ലക്ഷ്യത്തോടെ നിര്‍ദിഷ്‌ട ഇറാന്‍- ഒമാന്‍ ഗ്യാസ്‌ പൈപ്പ്‌ലൈന്‍ പോലുള്ള പദ്ധതികളുണ്ട്‌. ഇത്‌ ഉപരോധം നേരിടുന്ന ഇറാനു ലോക വിപണിയിലേക്ക്‌ ഒരു പ്രധാന വഴി നല്‍കുന്നു. ഇതിനോടൊപ്പം ടൂറിസം, വ്യാപാരം, ഷിപ്പിങ്‌ ബന്ധങ്ങളും കൂട്ടിച്ചേര്‍ക്കാം. മറ്റ്‌ പല ഗള്‍ഫ്‌ രാജ്യങ്ങളെയും അപേക്ഷിച്ച്‌ ഇറാന്‌ ഒമാന്‍ പ്രധാനമാണ്‌.
ഗള്‍ഫിലെ സംഘര്‍ഷങ്ങള്‍
അയല്‍ രാജ്യങ്ങളുമായുള്ള ഇറാന്റെ സംഘര്‍ഷങ്ങള്‍ കൂടുതലും പ്രോക്‌സി ഗ്രൂപ്പുകള്‍, കടല്‍ പാതയിലെ തടസങ്ങള്‍, സൈബര്‍ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ രാഷ്‌ട്രീയ സമ്മര്‍ദം എന്നിവയിലൂടെയാണ്‌. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള തുറന്ന യുദ്ധത്തിലൂടെയല്ല. പരമ്പരാഗത യുദ്ധത്തില്‍, ഇറാന്‍ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളെ നേരിട്ട്‌ 'ആക്രമിച്ചിട്ടില്ല'. സൗദി അറേബ്യയുടെ പ്രാദേശിക തന്ത്രവുമായി ചേര്‍ന്നുപോകുക, യെമന്‍, സിറിയ തുടങ്ങിയ സംഘര്‍ഷങ്ങളില്‍ എതിര്‍ പക്ഷങ്ങളെ പിന്തുണയ്‌ക്കുക, ഇറാനിലെ പ്രാദേശിക എതിരാളികളെ പിന്തുണയ്‌ക്കുക, അമേരിക്കയ്‌ക്ക്‌ സൈനിക താവളങ്ങള്‍ നല്‍കുക തുടങ്ങിയ കാരണങ്ങളാലാണ്‌ അവരുടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്‌. ഒമാന്‍, ഇത്തരം സംഘര്‍ഷങ്ങളില്‍ വിട്ടുനില്‍ക്കുന്നു.

ഒമാന്റെ വിദേശനയം

മറ്റു രാജ്യങ്ങള്‍ക്കുള്ള വിശ്വാസമാണ്‌ ഒമാന്റെ ശക്‌തി. ഇറാന്‍ നേതാക്കള്‍ ഒമാന്റെ 'സമതുലിതമായ നയത്തെയും' സമാധാനപരമായ നയതന്ത്രത്തെയും പ്രശംസിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായി, അതീവ ഗുരുതരമായ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഒമാന്‍ അതിന്റെ ചാനലുകള്‍ തുറന്നിട്ടിട്ടുണ്ട്‌. 2002 നവംബറില്‍, കൗണ്‍സില്‍ ഓഫ്‌ ഒമാന്‍ വാര്‍ഷിക സമ്മേളനത്തില്‍, ഒമാന്റെ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖബൂസ്‌ ബിന്‍ സയിദ്‌ പറഞ്ഞത്‌ ഇങ്ങനെ: 'ഞങ്ങളുടെ വിദേശ നയം എല്ലാവര്‍ക്കും അറിയാം;ഞങ്ങള്‍ എപ്പോഴും ശരിയുടെയും നീതിയുടെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്താണ്‌, രാഷ്‌ട്രങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനു വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.'

Ads by Google
Saturday 28 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW