Friday, March 13, 2026 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.04 AM

അന്വേഷണം തെളിവുകളോടെയെന്ന്‌ ഇ.ഡി. ഉദ്യോഗസ്‌ഥര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം വിശ്വസനീയമായ തെളിവുകളുടെയും വിവിധ സ്‌ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളുടെയും അടിസ്‌ഥാനത്തിലുള്ളതാണെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി). സി.ബി.ഐ അന്വേഷിച്ച കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയും ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റവിമുക്‌തരാക്കിയ സാഹചര്യത്തിലാണ്‌ ഇ.ഡി ഉദ്യോഗസ്‌ഥരുടെ പ്രതികരണം.
ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്‌സൈസ്‌ നയത്തില്‍ ആരോപിക്കപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച്‌ സി.ബി.ഐ 2022 ഓഗസ്‌റ്റ്‌ 17 നു സമര്‍പ്പിച്ച എഫ്‌.ഐ.ആറില്‍ നിന്നാണ്‌ ഇ.ഡി കേസാരംഭിച്ചത്‌. ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറായ കേജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെയായിരുന്നു സംഭവം. കെജ്‌രിവാളിനെയും സിസോദിയയെയും ഉള്‍പ്പെടെ പ്രത്യേക സി.ബി.ഐ കോടതി കുറ്റവിമുക്‌തരാക്കിയ സാഹചര്യത്തില്‍ ഇ.ഡിയുടെ കേസ്‌ നിലനില്‍ക്കുമോ എന്നതാണ്‌ ഇപ്പോള്‍ ഉയരുന്ന ചോദ്യം. വിജയ്‌ മദന്‍ലാല്‍ കേസിലെ സുപ്രീം കോടതി വിധിപ്രകാരം ഒരു പ്രതി ഷെഡ്യൂള്‍ ചെയ്‌ത കുറ്റകൃത്യത്തില്‍നിന്നു കുറ്റവിമുക്‌തനാക്കപ്പെട്ടാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം സ്വയമേവ അവസാനിക്കും. സ്വതന്ത്രമായി ഒരു ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ നിയമപ്രകാരം ഇ.ഡിക്ക്‌ കഴിയില്ലെന്നും വാദമുണ്ട്‌. പോലീസോ സി.ബി.ഐയോ മറ്റേതെങ്കിലും നിയമനിര്‍വഹണ ഏജന്‍സിയോ എടുക്കുന്ന പരാതിയുടെ അടിസ്‌ഥാനത്തിലേ അതു സാധ്യമാകൂ.
അതേസമയം, സി.ബി.ഐ കേസിന്റെ ഫലം പരിഗണിക്കാതെ കള്ളപ്പണം വെളുപ്പിക്കല്‍ സ്വതന്ത്ര കുറ്റകൃത്യമായി കണക്കാക്കണമെന്നു തങ്ങള്‍ വാദിച്ചുവരികയാണെന്ന്‌ ഇ.ഡി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളില്‍ തങ്ങള്‍ നല്‍കിയ തെളിവുകള്‍ വിശ്വസനീയമാണ്‌. സി.ബി.ഐയുടേതില്‍ നിന്നു വ്യത്യസ്‌തമാണ്‌ ഇ.ഡിയുടെ കേസ്‌. പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളെക്കുറിച്ച്‌ കുറ്റപത്രത്തില്‍ വിശദമായി വിശദീകരിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
വിചാരണക്കോടതി ഇ.ഡി കേസിന്റെ മെറിറ്റ്‌ ഇതുവരെ തീരുമാനിച്ചിട്ടില്ല. തങ്ങളുടെ വാദങ്ങള്‍ ആവശ്യമുള്ളപ്പോള്‍ അവതരിപ്പിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസ്‌ മുന്‍വിധിയോടെ നീക്കം ചെയ്യണോ, അതോ വിജയ്‌ മദന്‍ലാല്‍ കേസില്‍ നിര്‍വചിച്ചതുപോലെ നിലവിലെ വിധി തുടരണോയെന്ന്‌ സുപ്രീം കോടതി പരിശോധിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
40 സ്‌ഥാപനങ്ങളെ പരാമര്‍ശിച്ച്‌ ആകെ എട്ടു കുറ്റപത്രങ്ങള്‍ ഏജന്‍സി സമര്‍പ്പിച്ചിട്ടുണ്ട്‌. ഡല്‍ഹി എക്‌സൈസ്‌ കുംഭകോണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരനെന്നാണ്‌ കെജ്‌രിവാളിനെ ഇ.ഡി വിശേഷിപ്പിക്കുന്നത്‌. ഡല്‍ഹി മന്ത്രിമാരും നേതാക്കളും മറ്റ്‌ വ്യക്‌തികളുമായി അദ്ദേഹം ഒത്തുകളിച്ചതായാണ്‌ ആരോപണം.

Ads by Google
Saturday 28 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW