-->
വാഷിങ്‌ടണ്‍: സ്‌ഥലം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഉടന്‍ വേണമെന്ന് ഇസ്രയേലിലെ തങ്ങളുടെ എംബസി ജീവനക്കാരോട് യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബിയുടെ മുന്നറിയിപ്പ്. ഇന്നലെ രാവിലെ 10:24ന് യു.എസ് മിഷന്‍ ജീവനക്കാര്‍ക്ക് അയച്ച ഇ- മെയിലിലാണ് ഹക്കബി അടിയന്തര സന്ദേശം നല്‍കിയത്.
വാഷിങ്‌ടണിലേക്ക് യാത്ര തുടരുന്ന ഏതൊരു എയര്‍ലൈനും ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ഇസ്രയേലില്‍നിന്ന് പുറത്തുപോകുക എന്നതിനാവണം പ്രഥമ പരിഗണനയെന്നും ഹക്കബി കുറിച്ചു. 'പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, പക്ഷേ പോകാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അതിനു പദ്ധതിയിടണമെന്നാണ് മൈക്ക് ഹക്കബിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.
അമേരിക്ക ആക്രമിച്ചാല്‍, മേഖലയിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെയൊരു നീക്കം പതിനായിരക്കണക്കിന് അമേരിക്കന്‍ സര്‍വീസ് അംഗങ്ങളെ അപകടത്തിലാക്കുമെന്നും ഇറാന്‍ വ്യക്‌തമാക്കി.
കൂടാതെ, ഇസ്രയേലിനെ ആക്രമിക്കുമെന്നും ഇറാന്റെ ഭീഷണിയുണ്ട്. ആ നിലയ്‌ക്ക് പശ്‌ചിമേഷ്യയിലുടനീളം യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇതാണ് ഇസ്രയേലില്‍നിന്ന് സ്വന്തം ആളുകളെ ഒഴിപ്പിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്.
ഇറാന്‍ യുറേനിയം സമ്പുഷ്‌ടീകരണം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കണമെന്നാണ് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം. ദീര്‍ഘദൂര മിസൈല്‍ പദ്ധതിയും പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും ഇറാന്‍ പിന്‍വലിക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. എന്നാല്‍, ആണവ വിഷയത്തില്‍ മാത്രമേ ചര്‍ച്ചയ്‌ക്കുള്ളൂ എന്ന നിലപാടിലാണ് ഇറാന്‍. ആണവ പരിപാടി പൂര്‍ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നും ഇറാന്‍ വാദിക്കുന്നു.
തര്‍ക്കവിഷയങ്ങളില്‍ സമവായത്തിലെത്താന്‍ ഈ മാസം 19ന് ട്രംപ് 15 ദിവസത്തെ സമയപരിധിയും ഇറാനു വച്ചുനീട്ടിയിരുന്നു. ഇറാന്‍ അവരുടെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റണമെന്നും ശേഷിക്കുന്ന സമ്പുഷ്‌ടയുറേനിയം അമേരിക്കയ്‌ക്ക് കൈമാറണമെന്നും ട്രംപിന്റെ ചര്‍ച്ചാസംഘം ആവശ്യപ്പെടുമെന്ന് വാള്‍സ്‌ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്‌തു. യുദ്ധം ഒഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയ്‌ക്കാവും ഈ ഉപാധികള്‍.
കഴിഞ്ഞ ജൂണില്‍ ചര്‍ച്ചയ്‌ക്കു ശ്രമം തുടങ്ങിയതാണ്. അന്ന് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതോടെ ആ ശ്രമം പരാജയപ്പെട്ടു.