-->
ഹുബളളി: ജമ്മു കശ്‌മീര്‍ രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ കന്നിക്കിരീടത്തിലേക്ക്.
സ്‌കോര്‍: ജമ്മു കശ്‌മീര്‍ ഒന്നാം ഇന്നിങ്‌സ് 584, രണ്ടാം ഇന്നിങ്‌സ് നാലിന് 186. കര്‍ണാടക 293.
നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓപ്പണര്‍ ഖാര്‍മന്‍ ഇഖ്‌ബാല്‍ (160 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 94), സാഹില്‍ ലോത്ര എന്നിവരാണു ക്രീസില്‍. ഒരു ദിവസം ശേഷിക്കേ അവര്‍ 477 റണ്ണിന്റെ ലീഡ് നേടി. മത്സരം സമനിലയായാലും ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതിനാല്‍ ജമ്മുവിന് കിരീടം നേടാം. ജമ്മു ഒന്നാം ഇന്നിങ്‌സില്‍ 291 റണ്ണിന്റെ നിര്‍ണായക ലീഡ് നേടി.
കര്‍ണാടകയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ അവര്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുകയായിരുന്നു. അഞ്ചിന് 220 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച കര്‍ണാടക 71 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ഔട്ടായി. കൃതിക് കൃഷ്‌ണയുടെ (36) വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ വിദ്യാധര്‍ പാട്ടീല്‍ (11), ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (160), ശിഖര്‍ ഷെട്ടി (0), പ്രസിദ്ധ് കൃഷ്‌ണ (നാല്) എന്നിവര്‍ കൂടി വീണതോടെ കര്‍ണാടകയുടെ ഇന്നിങ്‌സിന് അവസാനമായി.
പേസര്‍ അഖ്വിബ് നബി 54 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. സുനില്‍ കുമാര്‍, യുദ്ധ്‌വീര്‍ സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സാഹില്‍ ലോത്ര ഒരു വിക്കറ്റുമെടുത്തു. രണ്ടാം ഇന്നിങ്‌സ് തുടങ്ങി വൈകാതെ ജമ്മുവിന് ഓപ്പണര്‍ യാവര്‍ ഹസനെ (ഒന്ന്) നഷ്‌ടപ്പെട്ടു. പ്രസിദ്ധ് കൃഷ്‌ണ യാവറിനെ ബൗള്‍ഡാക്കി. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറിയടിച്ച ശുഭം പുണ്ടീറും (നാല്) വൈകാതെ മടങ്ങി. നായകന്‍ പരാസ് ദോഗ്ര (16), അബ്‌ദുള്‍ സമദ് (70 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 32) എന്നിവരും പുറത്തായി. പ്രസിദ്ധ കൃഷ്‌ണ രണ്ട് വിക്കറ്റും വിജയ്‌കുമാര്‍ വൈശാഖും ശ്രേയസ് ഗോപാലും ഒരു വിക്കറ്റ് വീതവുമെടുത്തു. ജമ്മു കശ്‌മീരിന്റെ കന്നി രഞ്‌ജി ഫൈനലാണിത്. 14 തവണ ഫൈനലില്‍ കളിച്ച കര്‍ണാടക എട്ട് തവണ ജേതാക്കളായി.