-->
ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പലരും തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ മുട്ട പുഴുങ്ങിയപ്പോള്‍ ഉള്ളില്‍ നിന്നും പ്ലാസ്റ്റിക് നൂഡില്‍സിന് പുറത്തുവന്നെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. വീഡിയോ പുറത്തുവന്നതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശാലിനി ശര്‍മ എന്ന യുവതിയാണ് തനിക്കുണ്ടായ ഈ ദുരനുഭവം പങ്കുവെച്ചത്.
'എഗ്ഗോസ് എവരിഡേ' എന്ന പ്രശസ്ത ബ്രാന്‍ഡിന്റെ മുട്ടകളിലാണ് ഈ മായം കണ്ടെത്തിയത്. മുട്ട പുഴുങ്ങിയപ്പോള്‍ പൊട്ടിത്തെറിക്കുകയും അതിനുള്ളില്‍ നിന്ന് മഞ്ഞക്കരുവിന് പകരം പ്ലാസ്റ്റിക് നൂലുകള്‍ പുറത്തേക്ക് വരികയുമായിരുന്നുവെന്ന് ശാലിനി വീഡിയോയില്‍ പറയുന്നു. വ്യാജ മുട്ടകള്‍ വിപണിയിലുണ്ടെന്ന വാര്‍ത്തകള്‍ കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായാണെന്ന് യുവതി പറയുന്നു. ബ്രാന്‍ഡിന്റെ സ്റ്റാമ്പ് പതിപ്പിച്ച മുട്ടകളിലാണ് ഈ ക്രമക്കേട് നടന്നത്. മുട്ട പുഴുങ്ങാതെ മറ്റ് രീതിയില്‍ പാകം ചെയ്തിരുന്നെങ്കില്‍ പ്ലാസ്റ്റിക് കലര്‍ന്നത് തിരിച്ചറിയാന്‍ കഴിയില്ലായിരുന്നുവെന്നും, ഇത്തരം വലിയ ബ്രാന്‍ഡുകള്‍ പോലും സുരക്ഷിതമല്ലെങ്കില്‍ സാധാരണക്കാര്‍ എന്ത് വിശ്വസിച്ച് ആഹാരം കഴിക്കുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. വീഡിയോ വൈറലായതോടെ നിരവധി ഉപഭോക്താക്കള്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ ടാഗ് ചെയ്ത് ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
വീഡിയോയ്ക്ക് പിന്നാലെ സംഭവം വിവാദമായിമാറി. ഇതോടെ ബ്രാന്‍ഡ് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. പരാതി പരിഹരിക്കാന്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീം ബന്ധപ്പെടുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍, പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ വഴി എത്തുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി മുട്ട കഴിക്കുന്നവര്‍ ഇനി മുതല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ഈ സംഭവം.