-->
പാകിസ്ഥാനിലെ ഒരു ദീര്‍ഘദൂര ബസ് യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഒരു യുഎസ് ട്രാവല്‍ വ്‌ലോഗര്‍. യാത്രയ്ക്കിടെ ബസ് ജീവനക്കാരന്‍ ഓരോ യാത്രക്കാരന്റെയും മുഖം ഹാന്‍ഡിക്യാം ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുന്ന കാഴ്ചയാണ് ഇദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങളാലാകാം ഇത്തരമൊരു നടപടിയെന്ന് വ്‌ലോഗര്‍ കുറിച്ചെങ്കിലും, ലോകത്ത് മറ്റൊരിടത്തും താന്‍ ഇത്തരമൊരു രീതി കണ്ടിട്ടില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ആറ് മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് 1,182 ഇന്ത്യന്‍ രൂപയോളം മാത്രമാണ് ചിലവായതെന്നും യാത്ര സൗകര്യപ്രദമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, വ്‌ലോഗര്‍ പങ്കുവെച്ച വീഡിയോയില്‍ ബസ് ജീവനക്കാരെക്കാള്‍ ഉപരിയായി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പതിഞ്ഞത് വ്‌ലോഗറുടെ തന്നെ പെരുമാറ്റത്തിലായിരുന്നു. ബസ് ജീവനക്കാരന്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച വ്‌ലോഗര്‍, അതേസമയം തന്നെ ഒരു പാകിസ്ഥാനി യുവതിയുടെ ദൃശ്യങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തിയത് വലിയ വിമര്‍ശനത്തിന് വഴിവെച്ചു. ബസ് ഒരു ടെര്‍മിനലില്‍ നിര്‍ത്തിയപ്പോള്‍ വ്‌ലോഗര്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കിയ യുവതിയെയാണ് ഇദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയത്.
യുവതി തന്നോട് വീഡിയോ എടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'ഇല്ല' എന്ന് നുണ പറഞ്ഞ വ്‌ലോഗര്‍, ആ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇരട്ടത്താപ്പാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിമര്‍ശിച്ചു. സ്വന്തം സ്വകാര്യതയെക്കുറിച്ച് ആശങ്കപ്പെടുന്ന വ്‌ലോഗര്‍ക്ക് ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ വീഡിയോ എടുക്കാന്‍ എന്ത് അവകാശമാണുള്ളതെന്നാണ് പലരും ചോദിക്കുന്നത്. ഒരു യുഎസ് പൗരന് മാത്രമാണോ ഇത്തരത്തിലുള്ള പ്രിവിലേജ് ഉള്ളതെന്നും മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് അദ്ദേഹം വില കല്‍പ്പിക്കുന്നില്ലെന്നും കമന്റുകളില്‍ ആളുകള്‍ കുറിച്ചു.