-->
സാന്‍ഫ്രാന്‍സിസ്‌കോ: ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി കര്‍ശന നിയന്ത്രണങ്ങളുമായി മെറ്റ. ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ അപകടകരമായ കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍ തിരയുന്നുണ്ടോ എന്ന് ഇനി മെറ്റ നിരീക്ഷിക്കും. ഇത്തരം വാക്കുകള്‍ ആവര്‍ത്തിച്ച് സെര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചാല്‍ അത് തടയുക മാത്രമല്ല, ആ വിവരം ഉടന്‍ തന്നെ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യും എന്നതാണ് പുതിയ മാറ്റം.
'പേരന്റല്‍ സൂപ്പര്‍വിഷന്‍' സംവിധാനം ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്കാണ് ഈ മുന്നറിയിപ്പ് ലഭിക്കുക. ഇമെയില്‍, വാട്‌സാപ്പ് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം ആപ്പ് വഴി തന്നെ കുട്ടികളുടെ തിരച്ചില്‍ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൈമാറും. വെറുതെ വിവരം അറിയിക്കുക മാത്രമല്ല, കുട്ടികളെ ഇത്തരം ചിന്തകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആവശ്യമായ വിദഗ്ധ സഹായം എവിടെ ലഭിക്കുമെന്ന വിവരവും ഇതോടൊപ്പം മെറ്റ നല്‍കും. നിലവില്‍ ഇത്തരം സെര്‍ച്ച് ഫലങ്ങള്‍ ഇന്‍സ്റ്റഗ്രാം പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്തിട്ടുണ്ട്.
അടുത്ത ആഴ്ചകളില്‍ തന്നെ അമേരിക്ക, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഈ പുതിയ സംവിധാനം നിലവില്‍ വരും. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും ഈ സുരക്ഷാ ഫീച്ചര്‍ വ്യാപിപ്പിക്കാനാണ് മെറ്റയുടെ തീരുമാനം. ഓണ്‍ലൈന്‍ ലോകത്തെ ചതിക്കുഴികളില്‍ നിന്നും അപകടകരമായ ചിന്തകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.